MAP

ലിയൊ പതിനാലാമൻ പാപ്പാ ഇറ്റലിയുടെ പ്രധാനമന്ത്രി ശ്രീമതി ജോർജ മെലോണിയുമൊത്ത്, ഭരണാധികാരികളുടെ ജൂബിലിയോടനുബന്ധിച്ച്  അനുവദിച്ച കൂടിക്കാഴ്ചാ വേളയീൽ, 21/06/2025 ലിയൊ പതിനാലാമൻ പാപ്പാ ഇറ്റലിയുടെ പ്രധാനമന്ത്രി ശ്രീമതി ജോർജ മെലോണിയുമൊത്ത്, ഭരണാധികാരികളുടെ ജൂബിലിയോടനുബന്ധിച്ച് അനുവദിച്ച കൂടിക്കാഴ്ചാ വേളയീൽ, 21/06/2025  (ANSA)

പാപ്പാ: രാഷ്ട്രീയം ജീവകാരുണ്യപ്രവർത്തനത്തിൻറെ അത്യുന്നതമായൊരു രൂപം!

ലിയൊ പതിനാലാമൻ പാപ്പാ ഭരണകർത്താക്കളുടെ ജൂബിലിയാചരണത്തിനെത്തിയ വിവിധരാജ്യങ്ങളുടെ അറുനൂറോളം പേരടങ്ങിയ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രാഷ്ട്രീയ ജീവിതം സമൂഹത്തിനും പൊതുനന്മയ്ക്കും ഏകുന്ന സേവനം പരിഗണിക്കുകയാണെങ്കിൽ, അതിനെ യഥാർത്ഥത്തിൽ ക്രിസ്തീയ സ്നേഹത്തിൻറെ ഒരു പ്രവൃത്തിയായി കാണാൻ കഴിയുമെന്നും, അത് ഒരിക്കലും ഒരു സിദ്ധാന്തമല്ല, മറിച്ച് നമ്മുടെ മാനവകുടുംബത്തിൻറെ നന്മയ്ക്കായുള്ള ദൈവത്തിൻറെ  നിരന്തര ഔത്സുക്യത്തിൻറെ മൂർത്തമായ അടയാളവും സാക്ഷ്യവുമാണെന്നും പാപ്പാ.

പ്രത്യാശയുടെ ജൂബിലിവർഷത്തോടനുബന്ധിച്ച് സഭയിലെയും സമൂഹത്തിലെയും വിവിധ വിഭാഗങ്ങൾ നിശ്ചിത ദിനങ്ങളിൽ റോമിൽ നടത്തുന്ന ജൂബിലിയുടെ ഭാഗമായി ജൂൺ 21-22 തീയതികളിൽ ഭരണകർത്താക്കളുടെയും കാര്യനിർവ്വാഹകരുടെയും  ജൂബിലിയാചരണത്തിനായി അറുപത്തിയെട്ട് നാടുകളിൽ നിന്നെത്തിയ 600-ഓളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (21/06/25) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.

രാഷ്ട്രീയത്തെ "ജീവകാരുണ്യ പ്രവർത്തനത്തിൻറെ പരമോന്നതരൂപം" എന്ന് ശരിയായി നിർവ്വചിച്ചിരിക്കുന്നു എന്ന്, പതിനൊന്നാം പീയൂസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, പാപ്പാ പ്രസ്താവിച്ചു. പ്രത്യേകിച്ച്, ദുർബ്ബലർക്കും പാർശ്വവൽകൃതർക്കും സംരക്ഷണം ഉറപ്പാക്കിക്കൊണ്ട്, പ്രത്യേക താല്പര്യങ്ങൾ ഒന്നും കൂടാതെ, പൊതുനന്മ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, മതസ്വാതന്ത്ര്യവും മതാന്തരസംഭാഷണവും പരിപോഷിപ്പിക്കുക, നിർമ്മിതബുദ്ധിയുടെ രൂപത്തിൽ ഇന്ന് സമൂഹത്തിൽ ഉയരുന്ന വെല്ലുവിളികളെ നേരിടൽ എന്നീ മൂന്നു കാര്യങ്ങൾ പാപ്പാ വിശകലനം ചെയ്തു.

അങ്ങേയറ്റത്തെ ദുരിതാവസ്ഥയിൽ കഴിയുന്നവരുടെ രോദനം പലപ്പോഴും ശ്രവിക്കപ്പെടാതെ പോകുന്നത് അനീതി സൃഷ്ടിക്കുകയും അനിവാര്യമായും അക്രമത്തിലേക്കും പിന്നീട് യുദ്ധദുരന്തത്തിലേക്കും നയിക്കുമെന്ന് പറഞ്ഞ പാപ്പാ, എന്നാൽ, ആരോഗ്യകരമായ ഒരു രാഷ്ട്രീയത്തിന്, വിഭവങ്ങളുടെ സന്തുലിതമായ വിതരണത്തിലൂടെ ഏകതാനതയ്ക്കും സമധാനത്തിനും കര്യക്ഷമമായ സേവനമേകുന്നതിന് കഴിയുമെന്ന് പ്രസ്താവിച്ചു.

മതസ്വാതന്ത്ര്യവും മതാന്തര സംവാദവും വർത്തമാനകാലത്ത് കൂടുതൽ പ്രാധാന്യമുള്ളവയാണെന്നും യഥാർത്ഥ മതസ്വാതന്ത്ര്യത്തിനുള്ള സാഹചര്യങ്ങൾ പരിപോഷിപ്പിക്കുന്നതിലൂടെയും ഭിന്ന മതസമൂഹങ്ങൾക്കിടയിൽ ആദരണീയവും സൃഷ്ടിപരവുമായ ഒരു കൂടിക്കാഴ്ച വികസിപ്പിച്ചെടുക്കുന്നതിലൂടെയും രാഷ്ട്രീയ ജീവിതത്തിന് വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് പാപ്പാ പറഞ്ഞു.

പ്രകൃതിനിയമത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ ഇപ്പോൾ കൃത്രിമബുദ്ധിയുടെ രൂപത്തിൽ ഒരു വലിയ വെല്ലുവിളി ഇന്നുയരുന്നുവെന്നും മനുഷ്യ വ്യക്തിയുടെ തനിമയെയും അന്തസ്സിനെയും മൗലിക സ്വാതന്ത്ര്യങ്ങളെയും അട്ടിമറിക്കാത്ത പക്ഷം ഈ സാങ്കേതികവിദ്യ തീർച്ചയായും സമൂഹത്തിന് വളരെയധികം സഹായകമാകുമെന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി.

ഏതൊരു അൽഗോരിതത്തേക്കാളും വലിയ മൂല്യമാണ് നമ്മുടെ വ്യക്തിജീവിതത്തിനുള്ളതെന്നും ആത്മാവില്ലാത്ത യന്ത്രത്തിനും മുൻകൂട്ടി തയ്യാറാക്കാൻ കഴിയുന്ന പരിമിതമായ മാതൃകകളെ മറികടക്കുന്ന വികസനവേദികൾ സാമൂഹിക ബന്ധങ്ങൾക്ക് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ദശലക്ഷക്കണക്കിന് വിവരങ്ങൾ സംഭരിക്കാനും നിരവധി ചോദ്യങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ഉത്തരം നൽകാനും കഴിയുമെങ്കിലും, കൃത്രിമബുദ്ധി ഒരു “നിശ്ചല ഓർമ്മശക്തിയാൽ” അഥവാ, "സ്റ്റാറ്റിക് മെമ്മറി"-യാൽ സജ്ജീകൃതമാണെന്നും അതിനെ മനുഷ്യരുടേതുമായി ഒരു തരത്തിലും താരതമ്യപ്പെടുത്താനാവില്ലെന്നും പാപ്പാ വിശദീകരിച്ചു.

നമ്മുടെ ഓർമ്മ സൃഷ്ടിപരവും ചലനാത്മകവും ഉൽപ്പാദനപരവുമാണെന്നും ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും സജീവവും ഫലപ്രദവുമായ  രീതിയിലുള്ള പൊരുളന്വേഷമത്തിൽ ഒന്നിപ്പിക്കാൻ കഴിവുള്ളതാണെന്നും പാപ്പാ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ ആദരിക്കേണ്ട ഒരു സാക്ഷിയായും അവരുടെ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥനായും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ വിശുദ്ധ തോമസ് മൂറിനെ 2000-ാം ആണ്ടിലെ ജൂബിലിയാചരണ വേളയിൽ ചൂണ്ടിക്കാട്ടിയതും പാപ്പാ അനുസ്മരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജൂൺ 2025, 13:34