സഭൈക്യയത്നം തുടരും, ലിയൊ പതിനാലാമൻ പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കത്തോലിക്കാസഭയും കോൺസ്റ്റൻറിനോപ്പിളിലെ ഓർത്തൊഡോക്സ് സഭയും തമ്മിൽ സമ്പൂർണ്ണ ദൃശ്യ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനുള്ള പരിശ്രമം തുടരുമെന്ന് ലിയൊ പതിനാലാമൻ പാപ്പാ.
റോമിലെ സഭയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥരായ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെയും കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കാസ്ഥാനത്തിൻറെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസിൻറെയും തിരുന്നാളുകളോടനുബന്ധിച്ച് ഇരു സഭകളുടെയും പ്രതിനിധിസംഘങ്ങൾ സന്ദർശനപ്രതിസന്ദർശനങ്ങൾ നടത്തുന്ന പതിവനുസരിച്ച് ജൂൺ 29-ന് പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ആചരണത്തിൽ പങ്കെടുക്കുന്നതിന് എക്യുമെനിക്കൽ പാത്രിയാർക്കാസ്ഥാനത്തിൻറെ പ്രതിനിധികളായി എത്തിയ സംഘത്തെ ജൂൺ 28-ന് ശനിയാഴ്ച (208/06/25) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യവെയാണ് പാപ്പാ ഈ ഉറപ്പേകിയത്.
താൻ പത്രോസിൻറെ പിൻഗാമി ആയതിനുശേഷം ആദ്യമായിട്ടാണ് കോൺസ്റ്റൻറിനോപ്പിളിലെ സഭയുടെ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും ഈ കുടിക്കാഴ്ചയിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും വെളിപ്പെടുത്തിയ പാപ്പാ, ഈ സഭകളുടെ പ്രതിനിധികളുടെ സന്ദർശന പ്രതിസന്ദർശനങ്ങൾ ഇരുസഭകളും തമ്മിലുള്ള അഗാധകൂട്ടായ്മയുടെ അടയാളമാണെന്നും ശ്ലീഹാന്മാരായ പത്രോസും അന്ത്രയോസും തമ്മിലുള്ള സാഹോദര്യബന്ധത്തിൻറെ പ്രതിഫലനമാണെന്നും പറഞ്ഞു.
നൂറ്റാണ്ടുകൾ നീണ്ട അഭിപ്രായവിത്യാസങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ശേഷം, റോമിലെയും കോൺസ്റ്റൻറിനോപ്പിളിലെയും സഹോദരീ സഭകൾ തമ്മിലുള്ള യഥാർത്ഥ സംഭാഷണം പുനരാരംഭിക്കാൻ സാധിച്ചത് പോൾ ആറാമൻ മാർപ്പാപ്പയും എക്യുമെനിക്കൽ പാത്രിയാർക്കീസ് അത്തെനഗോറസും സ്വീകരിച്ച ധീരവും ദീർഘവീക്ഷണപരവുമായ നടപടികളിലൂടെയാണെന്ന വസ്തുക പാപ്പാ അനുസ്മരിച്ചു.
ഫ്രാൻസീസ് പാപ്പായുടെ മൃതസംസ്കാര കർമ്മങ്ങളിലും തൻറെ സഭഭരണരാംഭ ദിവ്യബലിയിലും കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലൊമെയോ ഒന്നാമാൻ നേരിട്ടു പങ്കെടുത്തത് കത്തോലിക്കാസഭയോടുള്ള ആത്മാർത്ഥമായ അടുപ്പത്തിൻറെ സാക്ഷ്യമായി പാപ്പാ വിശേഷിപ്പിച്ചു.
സഭകളുടെ സമ്പൂർണ്ണ ഐക്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പരസ്പരം ശ്രവണത്തിനും സാഹോദര്യ സംഭാഷണത്തിനുമുള്ള നിരന്തര പരിശ്രമവും ദൈവത്തിൻറെ സഹായവും ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.
കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിൻറെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസിൻറെ തിരുന്നാൾ നവമ്പർ 30-നാണ്. അതിൽ പങ്കുചേരുന്നതിന് പരിശുദ്ധസിംഹാസനത്തിൻറെ ഒരു പ്രതിനിധി സംഘം അനുവർഷം കോൺസ്റ്റൻറിനോപ്പിളിൽ എത്താറുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: