MAP

ലിയൊ പതിനാലാമൻ പാപ്പാ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 17/06/25 ലിയൊ പതിനാലാമൻ പാപ്പാ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാരെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 17/06/25  (ANSA)

പാപ്പാ: അനുരഞ്ജനദായക ശക്തിയുള്ള ഒരു സഭയെ ദൃശ്യമാക്കിത്തീർക്കുക!

ലിയൊ പതിനാലാമൻ പാപ്പാ ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാരെ വത്തിക്കാനിൽ സ്വീകരിച്ചു. ജൂൺ 17-ന് ചൊവ്വാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ച.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനുഷികവും സാമൂഹ്യവുമായ ബന്ധങ്ങൾ താറുമാറാകുകയും സംഘർഷങ്ങൾ രൂപംകൊള്ളുകയും ചെയ്യുന്ന ഇടങ്ങളിൽ അനുരഞ്ജിപ്പിക്കുന്നതിനു പ്രാപ്തമായ ഒരു സഭയെ ദൃശ്യമാക്കിത്തീർക്കണമെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിന് ജൂൺ 17-ന്, ചൊവ്വാഴ്ച അനുവദിച്ച കൂടിക്കാഴ്ചാ വേളയിലാണ് സംഘർഷഭരിത ലോകത്തിന് ഇന്ന് ഏറെ ആവശ്യമായിരിക്കുന്ന സമാധനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ലിയൊ പതിനാലാമൻ പാപ്പാ ഇങ്ങനെ പറഞ്ഞത്.

ക്രിസ്തുവുമായുള്ള ബന്ധം നമ്മെ സമാധാനത്തിൻറെ കാര്യത്തിൽ അജപാലനപരമായ ഒരു ശ്രദ്ധ വികസിപ്പിച്ചെടുക്കാൻ ക്ഷണിക്കുന്നുവെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. തൻറെ ഇഹലോകവാസന്ത്യത്തിൻറെ തലേന്ന്, ഉയിർപ്പുതിരുന്നാൾ ദിനത്തിൽ നല്കിയ “ ഊർബി ഏത്ത് ഓർബി” സന്ദേശത്തിൽ, ഫ്രാൻസീസ് പാപ്പാ സകലജനതകൾക്കും വേണ്ടി നടത്തിയ  തീക്ഷ്ണമായ സമാധാനാഭ്യർത്ഥന പാപ്പാ അനുസ്മരിച്ചു.

മെത്രാന്മാർ തമ്മിലും മെത്രാന്മാരും പത്രോസിൻറെ പിൻഗാമിയും തമ്മിലും ഉണ്ടായിരിക്കേണ്ട കൂട്ടായ്മ അഥവാ, സംഘാതാത്മകത, സുവിശേഷ പ്രഘോഷണത്തിലും വിശ്വാസം പകർന്നു നല്കുന്നതിലും പ്രകടമാകേണ്ട നവോന്മേഷം, ക്രിസ്തുവുമായി വൈക്തിക ബന്ധത്തിൽ ജീവിക്കാൻ വ്യക്തികളെ സഹായിക്കേണ്ടതിൻറെ ആവശ്യകത, സംഭാഷണ സംസ്കൃതി പരിപോഷണം എന്നിവയെക്കുറിച്ച് പാപ്പാ തൻറെ പ്രഭാഷണത്തിൽ പരാമർശിച്ചു.

കൂട്ടായ്മയുടെ തത്ത്വത്തെക്കുറിച്ച് സൂചിപ്പിക്കവെ പാപ്പാ ഈ കൂട്ടായ്മ പൗരാധികരികളുമായുള്ള ആരോഗ്യകരമായ സഹകരണത്തിൽ പ്രതിഫലിക്കണമെന്ന് ഓർമ്മിപ്പിച്ചു. നാളയെ മുന്നിൽ കണ്ടുകൊണ്ട് ഐക്യത്തിൽ, വിശിഷ്യ സിനഡാത്മകതയിൽ ചരിക്കാൻ മെത്രാന്മാർക്ക് പ്രചോദനം പകർന്ന പാപ്പാ, ധീരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ഭയപ്പെടരുതെന്ന് പറഞ്ഞു.

തങ്ങൾ ആയിരിക്കുന്നതെവിടെയാണോ അവിടെ, അതായത്, തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും സാമൂഹ്യസാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ വേദികളിലും സുവിശേഷവത്ക്കരണകർത്താക്കളായിത്തീരുന്നതിന് അത്മായവിശ്വാസികളെ വചനത്താൽ പോഷിപ്പിക്കുന്നതിലും സഭയുടെ സാമൂഹ്യപ്രബോധനത്താൽ രൂപപ്പെടുത്തുന്നതിലും ശ്രദ്ധിക്കണമെന്ന് പാപ്പാ മെത്രാന്മാരെ ഓർമ്മിപ്പിച്ചു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജൂൺ 2025, 13:05