MAP

പാപ്പാ:നാം ലോകത്തോടുള്ള അനുകമ്പയിൽ വളരാൻ വേണ്ടി പ്രാർത്ഥിക്കുക!

ലിയൊ പതിനാലാമൻ പാപ്പായുടെ പ്രാർത്ഥനാ നിയോഗം , 2025 ജൂൺ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിൽ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാൻ അവിടത്തെ ഹൃദയത്തിൽ നിന്ന് പഠിക്കാനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ക്ഷണിക്കുന്നു.

യേശുവിൻറെ തിരുഹൃദയത്തിന് സവിശേഷമാംവിധം പ്രതിഷ്ഠിതമായ ജൂൺമാസത്തേക്കായി നല്കിയിരിക്കുന്ന പ്രാർത്ഥനാനിയോഗത്തിലൂടെയാണ് ലിയൊ പതിനാലാമൻ പാപ്പാ സഭാതനയർക്ക് ഈ ക്ഷണം നല്കിയിരിക്കുന്നത്.

പ്രാർത്ഥനാരൂപത്തിലുള്ള ഈ നിയോഗത്തിൽ പാപ്പാ ഇപ്രകാരം പറയുന്നു:

കർത്താവേ, ഇന്ന് ഞാൻ അങ്ങയുടെ ആർദ്രഹൃദയത്തിങ്കൽ അണയുന്നു: എൻറെ ഹൃത്തിനെ ജ്വലിപ്പിക്കുന്ന വചസ്സുകൾ ഉള്ളവനായ, കുഞ്ഞുങ്ങളുടെയും ദരിദ്രരുടെയും യാതനകളനുഭവിക്കുന്നവരുടെയും സകല മാനവദുരിതങ്ങളുടെയും മേൽ കരുണ ചൊരിയുന്ന, നിൻറെ പക്കൽ ഞാൻ വരുന്നു.

നിന്നെ കൂടുതൽ അറിയാനും സുവിശേഷത്തിൽ നിന്നെ ധ്യാനിക്കാനും നിന്നോടൊപ്പമായിരിക്കാനും നിന്നിൽ നിന്നും ദാരിദ്ര്യത്തിൻറെ സകലവിധ രൂപങ്ങളാലും സപർശിക്കപ്പെടാൻ നീ നിന്നെത്തന്നെ അനുവദിച്ച ഉപവിയിൽ നിന്നും പഠിക്കാനും ഞാൻ അഭിലഷിക്കുന്നു.

നി നിൻറെ ദൈവികവും മാനുഷികവുമായ ഹൃദയത്താൽ ഞങ്ങളെ അളവില്ലാതെ സ്നേഹിച്ചുകൊണ്ട് ഞങ്ങൾക്ക് പിതാവിൻറെ സ്നേഹം കാണിച്ചുതന്നു. നീയുമായി കണ്ടുമുട്ടാനുള്ള കൃപ നിൻറെ മക്കൾക്കെല്ലാവർക്കും പ്രദാനം ചെയ്യുക.

എല്ലാ സാഹചര്യങ്ങളിലും, അതായത്, പ്രാർത്ഥനയിലും, തൊഴിലിലും, കൂടിക്കാഴ്ചകളിലും, ദൈനംദിന ദിനചര്യയിലും നിന്നെ മാത്രം തേടാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ പദ്ധതികളെ പരിവർത്തനം ചെയ്യുകയും, രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യേണമേ.

ഈ സമാഗമത്തിൽ നിന്ന് നീ ഞങ്ങളെ ദൗത്യത്തിനായി അയയ്ക്കുക: അത് ലോകത്തോടുള്ള അനുകമ്പയുടെ ദൗത്യമാണ്. അവിടെ  സകലമാന സമാശ്വാസവും നിർഗ്ഗമിക്കുന്ന ഉറവിടം  നീയാണ്.ആമേൻ.

ലിയൊ പതിനാലാമൻ പാപ്പായുടെ ഈ വീഡിയൊ പ്രാർത്ഥനാനിയോഗം ജൂൺ 3-ന്, ചൊവ്വാഴ്ച (03/06/25) വൈകുന്നേരമാണ് പരസ്യപ്പെടുത്തപ്പെട്ടത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജൂൺ 2025, 16:00