MAP

"പ്രൊയേക്തൊ ഉഗാസ്"  ( "Proyecto Ugaz") എന്ന നാടകപരിപാടിയുടെ പരസ്യചിത്രം "പ്രൊയേക്തൊ ഉഗാസ്" ( "Proyecto Ugaz") എന്ന നാടകപരിപാടിയുടെ പരസ്യചിത്രം 

പാപ്പാ: സഭയിൽ ഒരു തരത്തിലുള്ള ദുരുപയോഗവും അരുത്!

പെറുവിൽ, തലസ്ഥാനമായ ലീമയിൽ “ഉഗാസ് പദ്ധതി” ("Proyecto Ugaz") എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഒരു നാടക പരിപാടിയോടനുബന്ധിച്ച് പാപ്പാ ഒരു സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒരു തരത്തിലുള്ള ദുരുപയോഗവും അനുവദിക്കാത്ത ഒരു പ്രതിരോധ സംസ്കൃതി സഭയിൽ രൂഢമൂലമാകേണ്ടത് അടിയന്തിരാവശ്യമാണെന്ന് മാർപ്പാപ്പാ.

ലിയൊ പതിനാലാമൻ പാപ്പാ, രണ്ടു പതിറ്റാണ്ടോളം പ്രേഷിതനായിരുന്ന പെറുവിൽ, അന്നാടിൻറെ തലസ്ഥാനമായ ലീമയിൽ “ഉഗാസ് പദ്ധതി” ("Proyecto Ugaz") എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഒരു നാടക പരിപാടിയുടെ സമാപനത്തിൽ വെള്ളിയാഴ്ച (20/06/25) വിശ്വാസകാര്യസംഘത്തിലെ ഉദ്യോഗസ്ഥനായ മോൺസിഞ്ഞോർ ഹൊർദി ബെർത്തൊമൊയു വായിച്ച  സന്ദേശത്തിലാണ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.  

ലത്തീനമേരിക്കയിൽ പ്രവർത്തനനിരതമായിരുന്നതും എന്നാൽ പീഢനങ്ങളുടെ വേദിയായി മാറിയതുമായ “സൊഡാലിസിയൊ” എന്ന നിരോധിത പ്രസ്ഥാനത്തിലെ കഥകൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ മുഖ്യ പങ്കുവഹിച്ച മാദ്ധ്യമ പ്രവർത്തക പാവൊള ഉഗാസിനു സമർപ്പിതമായിരുന്നു ഈ പരിപാടി.  

പ്രതിരോധവും പരിചരണവും ഒരു അജപാലന തന്ത്രമല്ലെന്നും അവ സുവിശേഷത്തിൻറെ കാതലാണെന്നും പറയുന്ന പാപ്പാ അധികാരത്തിൻറെയോ അധികാരികളുടെയൊ, മനസ്സാക്ഷിയുടെയോ ആത്മീയതയുടെയോ, ലൈംഗികതയുടെയോ ആകട്ടെ, ഒരു തരത്തിലുള്ള ദുരുപയോഗവും വച്ചുപൊറുപ്പിക്കാത്താ ഒരു പ്രതിരോധ സംസ്കാരം സഭയിലുടനീളം വേരൂന്നേണ്ടത് അടിയന്തിരമാണെന്നും വ്യക്തമാക്കുന്നു.

സജീവമായ ജാഗ്രത, സുതാര്യമായ പ്രവർത്തനങ്ങൾ, മുറിവേറ്റവരെ ആത്മാർത്ഥമായി ശ്രവിക്കൽ എന്നിവയിൽ നിന്ന് ഉടലെടുത്താൽ മാത്രമേ ഈ സംസ്കാരം യഥാർത്ഥമാകൂ എന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു. പത്രസ്വാതന്ത്ര്യം അടിച്ചമർത്തപ്പെടാതിരിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു. എവിടെയങ്കിലും മാദ്ധ്യമപ്രവർത്തകർ നിശബ്ദരാക്കപ്പെട്ടാൽ അവിടെ പ്രജാധിപത്യം ബലഹീനമാകുന്നുവെന്ന് പാപ്പാ പറയുന്നു. ഭയപ്പെടാതെ കർമ്മനിരതരായി സമാധാനത്തിൻറെയും ഐക്യത്തിൻറെയും സാമൂഹിക സംഭാഷണത്തിൻറെയും ശിൽപ്പികളാകാനും ഇരുളിൽ വെളിച്ചം പകരുന്നവരാകാനും പാപ്പാ മാദ്ധ്യമപ്രവർത്തകർക്ക് പ്രചോദനം പകരുകയും ചെയ്യുന്നു.

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജൂൺ 2025, 13:25