MAP

ലിയൊ പതിനാലാമൻ പാപ്പാ ലിയൊ പതിനാലാമൻ പാപ്പാ  (ANSA)

പാപ്പാ: പട്ടിണി, ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്!

ലിയൊ പതിനാലാമൻ പാപ്പാ ഭക്ഷ്യകൃഷി സംഘടനയുടെ, എഫ് എ ഓയുടെ (FAO) റോമിൽ, അതിൻറെ ആസ്ഥാനത്തു നടക്കുന്ന നാല്പത്തിനാലാമത് യോഗത്തിന് ജൂൺ 30-ന് സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പട്ടിണി ഒരു യുദ്ധായുധമായി ഉപയോഗിക്കപ്പെടുന്ന അനീതിപരമായ പ്രവണതയെ മാർപ്പാപ്പാ അപലപിക്കുന്നു.

സ്ഥാപനത്തിൻറെ അശീതി, അഥവാ എൺപതാം പിറന്നാൾ, ആഘോഷിക്കുന്ന ഭക്ഷ്യകൃഷി സംഘടനയുടെ, എഫ് എ ഓയുടെ (FAO) റോമിൽ, അതിൻറെ ആസ്ഥാനത്തു നടക്കുന്ന നാല്പത്തിനാലാമത് യോഗത്തിന് ജൂൺ 30-ന് തിങ്കളാഴ്ച നല്കിയ സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ പ്രവണതയ്ക്കെതിരെ ശബ്ദമുയർത്തുകയും ലോകത്തെ അലട്ടുന്ന പട്ടിണിദുരന്തം ഇല്ലാതാക്കുകയും ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നതിന് പ്രചോദനം പകരുകയും ചെയ്യുന്നത്.

ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നത് സാമ്പത്തികമായി വളരെ ചിലവുകുറഞ്ഞ -യുദ്ധരീതിയാണെന്നും അതുകൊണ്ടുതന്നെ യുദ്ധത്തിനിറങ്ങുന്നത് കൂടുതലും സാധാരണ സൈന്യമല്ലെന്നും പ്രത്യുത നിലങ്ങളിൽ തീയിടാനും കന്നുകാലികളെ കവർച്ചചെയ്യാനും സഹായങ്ങൾ എത്തിക്കുന്നതിനു തടയിടാനും വേണ്ടി ചെറിയ തോതിൽ മാത്രം സായുധരായ സംഘങ്ങളാണെന്നും നിസ്സഹായരായ ജനങ്ങളെ നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർ എപ്പോഴും ഉപയോഗിക്കുന്ന തന്ത്രങ്ങളാണിവയെന്നും പാപ്പാ സന്ദേശത്തിൽ പറയുന്നു.

നരകുലത്തിനു മുഴുവൻ ആവശ്യമായ ഭക്ഷണം ഉല്പാദിപ്പിക്കാൻ ഭൂമിക്കു കഴിയുമെന്നിരിക്കേ ഇപ്പോഴും അനേകം നാടുകളിൽ പട്ടിണിയും പോഷണവൈകല്യവും വ്യാപകമാണെന്നത് ഖേദകരവും ലജ്ജാകരവുമാണെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.

നമ്മുടെ ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി തുടരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും പോഷകാഹാരക്കുറവിനും മതിയായ പരിഹാരങ്ങൾ തേടുന്നതിനായി അനുദിനം ഭക്ഷ്യകൃഷി സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്ക് പാപ്പാ അതിൻറെ മേധാവി (ഡയറെക്ടർ ജനറൽ). കു ഡോങ്യുന് നന്ദി പറയുന്നു.

ലോകത്തിൽ പട്ടിണി എന്ന അപമാനത്തിന് അറുതിവരുത്തുന്നതിനുള്ള എല്ലാ സംരംഭങ്ങളെയും കർത്താവായ യേശുവിൻറെ വികാരങ്ങൾ സ്വന്തമാക്കിക്കൊണ്ട് സഭ പ്രോത്സാഹിപ്പിക്കുന്നുവെന്നും പാപ്പാ പറയുന്നു. പട്ടിണിയെ പരാജയപ്പെടുത്തുന്നതിനുള്ള താക്കോൽ അത്യാർത്തിയോടെ എല്ലാം ശേഖരിച്ചുകൂട്ടുന്നതിനേക്കാൾ പങ്കിടുന്നതിലാണെന്ന് യേശു അപ്പവും മീനും വർദ്ധിപ്പിച്ച് അയ്യായിരങ്ങളെ ഊട്ടിയ അത്ഭുത പ്രവർത്തി എടുത്തുകാട്ടുന്നുവെന്ന് പാപ്പാ വിശദീകരിക്കുന്നു.

സാധാരണ പൗരന്മാർ ദാരിദ്ര്യത്താൽ തളരുമ്പോൾ, രാഷ്ട്രീയ നേതാക്കൾ അഴിമതിയും ശിക്ഷാഭീതിയില്ലായ്മയും മൂലം തടിച്ചുകൊഴുക്കുകയാണെന്നും പറയുന്ന പാപ്പാ, ആകയാൽ ഈ ദുരുപയോഗങ്ങൾ തിരിച്ചറിയുകയും അവയ്ക്കു ഉത്തരവാദികളായവരെയും അവ നടപ്പിലാക്കുന്നവരെയും ശിക്ഷിക്കുകയും ചെയ്യുന്നതിന് ലോകം സുവ്യക്തവും തിരിച്ചറിയാവുന്നതും പൊതുവായതുമായ പരിധികൾ സ്വീകരിക്കേണ്ട സമയമാണിതെന്ന് ഓർമ്മിപ്പിക്കുന്നു.

രാഷ്ട്രീയ പ്രതിസന്ധികൾ, സായുധ സംഘർഷങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ മാനവിക സഹായത്തിന് തടസ്സം സൃഷ്ടിക്കുകയും പ്രാദേശിക കാർഷിക ഉൽപാദനത്തെ തളർത്തുകയും ചെയ്തുകൊണ്ട് ഭക്ഷ്യ പ്രതിസന്ധി വഷളാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുവെന്നും ആഹാരം ലഭ്യമാക്കാതിരിക്കുന്നതിലൂടെ മാന്യവും നിരവധി അവസരങ്ങളേകുന്നതുമായ ഒരു ജീവിതം നയിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറയുന്നു

പോഷണ സംവിധാനങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിൽ വലിയ സ്വാധീനമുണ്ട്, തിരിച്ചും അങ്ങനെയാണെന്നും വിശദീകരിക്കുന്ന പാപ്പാ, പ്രകൃതിദുരന്തങ്ങളും ജൈവവൈവിധ്യത്തിൻറെ നഷ്ടവും മൂലമുണ്ടാകുന്ന സാമൂഹിക അനീതി മാറ്റപ്പെടണമെന്നും പരിസ്ഥിതിയെയും ജനങ്ങളെയും കേന്ദ്രബിന്ദുവാക്കുന്ന നീതിയുക്തമായ ഒരു പാരിസ്ഥിതിക പരിവർത്തനം കൈവരിക്കണമെന്നും പാപ്പാ പ്രചോദനം പകരുന്നു. സമാധാനം വികസനം പട്ടിണിനിർമ്മാർജ്ജനം എന്നീ മഹത്തായ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിൽ, പരിശുദ്ധ സിംഹാസനം എപ്പോഴും ജനങ്ങൾക്കിടയിലുള്ള ഐക്യത്തിന് വേണ്ടി നിലകൊള്ളുമെന്നും, രാഷ്ട്രങ്ങളുടെ കുടുംബത്തിൻറെ പൊതുനന്മയ്ക്കായി സഹകരിക്കുന്നതിൽ ഒരിക്കലും മടുക്കില്ലെന്നും പാപ്പാ ഉറപ്പുനല്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജൂൺ 2025, 16:53