പാപ്പാ:ദരിദ്രരെ സഹായിക്കുകയെന്നത് പ്രഥമതഃ നീതിയുടെ കാര്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പവങ്ങളെ സഹായിക്കുകയെന്നത് ഉപവിയെന്നതിനെക്കാൾ നീതിയുടെ പ്രശ്നമാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഇക്കൊല്ലം നവമ്പർ 16-ന് ആചരിക്കപ്പെടുന്ന പാവപ്പെട്ടവർക്കായുള്ള ഒമ്പതാം ലോകദിനത്തിനായി ജൂൺ 13-ന് വെള്ളിയാഴ്ച (13/06/25) നല്കിയ സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
“വിശക്കുന്നവന് നീ അന്നം നല്കുന്നു. എന്നാൽ ആരും പട്ടിണിയിലാകാതിരിക്കുന്നതാണ് അതിലും നല്ലത്. അപ്പോൾ ദാനം കൊടുക്കേണ്ടതിന് ആരും ഇല്ലാതാകുമായിരിക്കാം. നീ നഗ്നന് വസ്ത്രം കൊടുക്കുന്നു, പക്ഷേ എല്ലാവർക്കും വസ്ത്രം ഉണ്ടായിരിക്കുകയും ദാരിദ്ര്യം ഇല്ലാതിരിക്കുകയും ചെയ്താൽ എത്ര നന്നായിരിക്കും." എന്ന വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ പാപ്പാ “കർത്താവേ നീയാണ് എൻറെ പ്രത്യാശ” എന്ന സങ്കിർത്തന വാക്യത്തിൽ കേന്ദ്രീകൃതമായ ഈ സന്ദേശത്തിൽ അനുസ്മരിക്കുന്നു.
ദാരിദ്ര്യത്തിൻറെ പഴയതും പുതിയതുമായ രൂപങ്ങളെ ചെറുക്കുന്നതായ നയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് ഉത്തേജനം പകരാൻ ഈ ജൂബിലി വർഷത്തിനു കഴിയട്ടെയെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ ആശംസിക്കുന്നു. ദരിദ്രരിൽ ദരിദ്രരായവരെ സഹായിക്കുന്നതിനുള്ള നൂതനസംരഭങ്ങളുടെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
പാവപ്പെട്ടവരുടെ സുരക്ഷിതാവസ്ഥയെന്നത് അവർക്ക് തൊഴിലും വിദ്യഭ്യാസവും പാർപ്പിടവും ആരോഗ്യവും ഉറപ്പാക്കപ്പെടുകയെന്നതാണെന്ന് പറയുന്ന പാപ്പാ ആ സുരക്ഷിതത്വം ഒരിക്കലും ആയുധങ്ങളുപയോഗിച്ച് നല്കാനാകില്ല എന്ന തൻറെ ഉറച്ച ബോധ്യം പ്രകടിപ്പിക്കുന്നു.
സഭയെ സംബന്ധിടത്തോളം ദരിദ്രർ ഒരു അസ്വസ്ഥതയല്ല പ്രത്യുത, ഏറ്റവും പ്രിയപ്പെട്ട സഹോദരീസഹോദരന്മാരണെന്നും സുവിശേഷ സത്യത്തെ നമ്മുടെ കരങ്ങളാൽ സ്പർശിക്കാൻ അവർ തങ്ങളുടെ അസ്തിത്വവും വാക്കുകളും ജ്ഞാനവുംകൊണ്ട് നമ്മെ പ്രേരിപ്പിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ദരിദ്രർ എല്ലാ അജപാലന പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവാണെന്ന് നമ്മുടെ സമൂഹങ്ങളെ ഓർമ്മിപ്പിക്കുക എന്നതാണ് ദരിദ്രർക്കായുള്ള ലോകദിനത്തിൻറെ ലക്ഷ്യമെന്നും പാപ്പാ സന്ദേശത്തിൽ വിശദീകരിക്കുന്നു.
ഈ ഭൂമിയിലെ സകലവസ്തുക്കളും, ഭൗതിക യാഥാർത്ഥ്യങ്ങളും, ലൗകിക സുഖങ്ങളും, സാമ്പത്തിക ക്ഷേമവും, അവ പ്രധാനമാണെന്നിരിക്കിലും, ഹൃദയത്തെ സന്തോഷിപ്പിക്കാൻ പര്യാപ്തമല്ല എന്നത് വിശ്വാസത്തിൻറെ ഒരു നിയമവും പ്രത്യാശയുടെ രഹസ്യവുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: