MAP

സ്റ്റേഡിയത്തിൽ നിന്നുള്ള കാഴ്ച്ച സ്റ്റേഡിയത്തിൽ നിന്നുള്ള കാഴ്ച്ച  

ദൈവത്തിനു നമ്മിലൂടെ മറ്റുള്ളവരിലേക്ക് എത്തിച്ചേരാൻ കഴിയും: പാപ്പാ ലിയോ പതിനാലാമൻ

ചിക്കാഗോ അതിരൂപത വൈറ്റ് സോക്സ് ബേസ്ബോൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ലിയോ പതിനാലാമൻ പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ ആഘോഷ അവസരത്തിൽ, ചിക്കാഗോയിലും, ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക് പാപ്പാ തന്റെ വീഡിയോ സന്ദേശം പങ്കുവച്ചു. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ യുവജനങ്ങൾ, പ്രതീക്ഷയുടെ ചക്രവാളങ്ങളിലേക്ക് മറ്റുള്ളവരെ നയിക്കണമെന്നു സന്ദേശത്തിൽ പാപ്പാ എടുത്തുപറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജൂൺ മാസം പതിനാലാം തീയതി, ലിയോ പതിനാലാമൻ പാപ്പായുടെ ജന്മനാടായ ചിക്കാഗോയിൽ, അതിരൂപത സംഘടിപ്പിച്ച ആനന്ദാഘോഷത്തിന്റെ ഭാഗമായി,  പാപ്പാ ചിക്കാഗോയിലും, ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക്, വീഡിയോ സന്ദേശം പങ്കുവച്ചു. ഉത്ക്കണ്ഠയുടെയും, ഒറ്റപ്പെടലിന്റെയും നിമിഷങ്ങൾക്കിടയിൽ, ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ യുവജനങ്ങൾ ആയിരിക്കണമെന്നും, ഇതാണ് പ്രത്യാശയുടെ പ്രവചനപൂർത്തീകരണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.  ചിക്കാഗോയിലെ വൈറ്റ് സോക്സ് ബേസ്ബോൾ സ്റ്റേഡിയത്തിൽ വച്ചാണ് ആഘോഷങ്ങൾ നടന്നത്. ലിയോ പതിനാലാമൻ പാപ്പാ, ഈ സ്റ്റേഡിയത്തിൽ കളികൾ നടക്കുമ്പോൾ കളിക്കാരെ പ്രോത്സാഹിപ്പിക്കുവാൻ നിരവധി തവണ എത്തിയിട്ടുണ്ടെന്നതും സ്മരിക്കപ്പെടേണ്ടതാണ്.

യുവജനങ്ങളോട് പാപ്പാ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. പരിശുദ്ധ ത്രിത്വമെന്നത്, നമ്മോടുള്ള ദൈവസ്നേഹത്തിന്റെ മാതൃകയാണെന്ന്, തിരുനാളിന്റെ പ്രാധാന്യത്തെ സ്മരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഒരു ദൈവത്തിലെ മൂന്ന് വ്യക്തികൾ സ്നേഹത്തിന്റെ ആഴത്തിൽ, കൂട്ടായ്മയിൽ  ഐക്യത്തോടെ ജീവിക്കുകയും, ആ കൂട്ടായ്മ നാമെല്ലാവരുമായും പങ്കിടുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നിരവധി ദുരിതങ്ങളിൽ, ജീവിതം ഒരുപക്ഷെ ഒറ്റപ്പെടലിന്റെയും, കുടുബ അസ്ഥിരതയുടെയും, അനിശ്ചിതത്വങ്ങളുടെയും, വേദനകൾ നൽകുന്നുണ്ടെങ്കിലും, അവയ്ക്കൊന്നും ദൈവസാന്നിധ്യത്തെ ഇല്ലായ്മ ചെയ്യുവാൻ സാധിക്കുകയില്ലെന്ന് പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. തിരുവെഴുത്തുകളിലൂടെയും, ബന്ധുക്കളിലൂടെയും, യേശുക്രിസ്തുവിനെ അറിയാൻ നമ്മെ ക്ഷണിക്കുന്നുണ്ടെന്നും, ആയതിനാൽ നമ്മുടെ ഹൃദയങ്ങളിൽ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ട്, സ്നേഹത്തിനായി അന്വേഷണം നടത്തണമെന്നും, മറ്റുള്ളവരെ സേവിച്ചുകൊണ്ട് ജീവിതം നയിക്കണമെന്നും പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

ദൈവസ്നേഹം യഥാർത്ഥത്തിൽ രോഗശാന്തി നൽകുന്നതാണെന്നും, അത് പ്രത്യാശ പകരുന്നതാണെന്നും പറഞ്ഞ പാപ്പാ, സുഹൃത്തുക്കളായി, സഹോദരീസഹോദരന്മാരായി, ഒരു സമൂഹത്തിൽ, ഒരു ഇടവകയിൽ, വിശ്വാസത്തിൽ ഒരുമിച്ച് ജീവിക്കുമ്പോൾ, ഈ സൗഖ്യത്തിന്റെ അനുഭവം നമുക്ക് സംലഭ്യമാകുമെന്നും കൂട്ടിച്ചേർത്തു. പരസ്പരം പ്രത്യാശയുടെ ഈ സന്ദേശം പങ്കിടുമ്പോൾ, നമ്മുടെ ലോകത്തെ മികച്ച സ്ഥലമാക്കാൻ സാധിക്കുമെന്നും പാപ്പാ പ്രത്യേകം പറഞ്ഞു. എല്ലാത്തരം സ്വാർത്ഥതയ്ക്കും അടച്ചുപൂട്ടലിനും എതിരെ, പ്രത്യാശയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഐക്യത്തിന്റെ പാതകൾ തേടാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.

ദൈവത്തിന്, നമ്മുടെ ജീവിതത്തിലൂടെ,  മറ്റുള്ളവരിലേക്ക് എത്തിച്ചേരാൻ കഴിയുമെന്ന് തിരിച്ചറിയണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. നമ്മുടെ ജീവിതത്തിൽ ദൈവസ്നേഹം എത്ര മനോഹരവും, ശക്തവും, എത്ര പ്രാധാന്യമുള്ളതുമാണെന്ന് അനുഭവിക്കാൻ, ഹൃദയങ്ങൾ തുറക്കണമെന്നും പാപ്പാ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഇന്നത്തെ ലോകത്തിനു  പ്രത്യാശയുടെ വെളിച്ചം പകർന്നുകൊണ്ട്, യഥാർത്ഥത്തിൽ ജീവിക്കുന്ന മാതൃകകളായി യുവജനങ്ങൾ മാറണമെന്നും, തന്റെ സന്ദേശത്തിൽ പാപ്പാ പ്രത്യേകം ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജൂൺ 2025, 13:15