MAP

ലിയോ പതിനാലാമൻ പാപ്പാ റൊവാക്കോ സംഘടനാംഗങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ലിയോ പതിനാലാമൻ പാപ്പാ റൊവാക്കോ സംഘടനാംഗങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (ANSA)

പൗരസ്ത്യസഭകളുടെ പ്രാധാന്യം എടുത്തുപറഞ്ഞും, അവയ്‌ക്കേകുന്ന സഹായങ്ങൾക്ക് റൊവാക്കോ സംഘടനയ്ക്ക് നന്ദി പറഞ്ഞും പാപ്പാ

പൗരസ്ത്യസഭകൾക്ക് സഹായമെത്തിക്കുന്ന റോവാക്കോ (ROACO) എന്ന പൗരസ്ത്യ സഭകൾക്കായുള്ള സഹായ ഏജൻസികളുടെ കൂട്ടായ്മയ്ക്ക് ലിയോ പതിനാലാമൻ പാപ്പായുടെ നന്ദി. ജൂൺ 26 വ്യാഴാഴ്ച സംഘടനാംഗങ്ങൾക്ക് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ, പൗരസ്ത്യസഭകൾ കടന്നുപോകുന്ന ദുരിതങ്ങളെ അനുസ്മരിച്ച പാപ്പാ, അവർക്ക് സമീപസ്ഥരായിരിക്കേണ്ടതിന്റെ ആവശ്യവും, ആ സഭകളുടെ ആദ്ധ്യാത്മികതയുടെ പ്രാധാന്യവും, പാശ്ചാത്യ, പൗരസ്ത്യസഭകൾ തമ്മിൽ ഉണ്ടാകേണ്ട പങ്കുവയ്ക്കലിന്റെ ആവശ്യവും എടുത്തുപറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മനുഷ്യാത്മാവിനെ സന്തോഷിപ്പിക്കുന്ന ആനന്ദമായ സുവിശേഷത്തിന്റെ നാമത്തിലാണ് പൗരസ്ത്യ സഭകൾക്കായുള്ള സഹായ ഏജൻസികളുടെ കൂട്ടായ്മ എന്ന റോവാക്കോ പൗരസ്ത്യസഭകളെ പിന്തുണയ്ക്കുകയും അവർക്ക് സഹായസഹകരണങ്ങൾ നൽകുകയും ചെയ്യുന്നതെന്ന് സാക്ഷ്യപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പാ. യുദ്ധങ്ങളാലും സ്വാർത്ഥതാത്പര്യങ്ങളാലും വിഷലിപ്തമായ ഒരന്തരീക്ഷത്തിൽ ജീവിക്കാൻ നിർബന്ധിതരാകുന്ന പൗരസ്ത്യ ക്രൈസ്തവർ വസിക്കുന്ന നാടുകളിൽ പ്രത്യാശ പകരാൻ റൊവാക്കോ പ്രസ്ഥാനത്തിനും അതിന്റെ അഭ്യുദയകാംക്ഷികൾക്കും സാധിക്കുന്നുണ്ടന്ന് പാപ്പാ പ്രസ്താവിച്ചു. സംഘർഷങ്ങളാൽ തകർന്ന പൗരസ്ത്യസഭാപ്രദേശങ്ങളിൽ ജീവൻ നിലനിറുത്തുന്ന ഓക്സിജനും, വെറുപ്പിന്റെ ഇരുളിൽ തിളങ്ങുന്ന പ്രകാശവുമാണ് നിങ്ങളെന്ന് പാപ്പാ കൂട്ടിച്ചേർത്തു. കഴിയുന്ന വിധങ്ങളിലെല്ലാം പൗരസ്ത്യസഭകളെ സഹായിക്കാൻ റൊവാക്കോ അംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു. തങ്ങളുടെ പ്ലീനറി അസംബ്ലിയുടെ ഭാഗമായി ജൂൺ 26 വ്യാഴാഴ്ച റോമിൽ ഒരുമിച്ച് കൂടിയ അവസരത്തിലാണ്, പാപ്പാ റൊവാക്കോ അംഗങ്ങളെ വത്തിക്കാനിലെ ക്ളമന്റീൻ ശാലയിൽ സ്വീകരിച്ച് സംസാരിച്ചത്.

പൗരസ്ത്യസഭകളുടെ ചരിത്രം പലപ്പോഴും അവരേറ്റ പീഡനങ്ങളുടെ കഥകളാണെന്ന് പറഞ്ഞ പാപ്പാ, കത്തോലിക്കാസഭയ്ക്കുള്ളിൽപ്പോലും ഈ സഭകൾ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്ന് അനുസ്മരിച്ചു. പാശ്ചാത്യസഭയുടേതിൽനിന്ന് വ്യത്യസ്തമായ അവരുടെ പാരമ്പര്യങ്ങളുടെ മൂല്യത്തെ തിരിച്ചറിയാനോ അംഗീകരിക്കാനോ പലപ്പോഴും നമുക്ക് സാധിച്ചിട്ടില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഇന്ന് ലോകത്ത് നടക്കുന്ന സായുധസംഘർഷങ്ങൾ പൗരസ്ത്യസഭകളെ മോശമായ രീതിയിൽ ബാധിക്കുന്നുണ്ടന്ന് പ്രസ്താവിച്ച പാപ്പാ, റൊവാക്കോയുടെ സമ്മേളനത്തിന് ഇതേ കാരണത്താൽ പലർക്കും നേരിട്ട് എത്താൻ സാധിക്കാത്തത് പ്രത്യേകം പരാമർശിച്ചു. ഉക്രൈൻ, ഗാസയിലെ ദുരിതാവസ്ഥ, യുദ്ധങ്ങൾ വ്യാപിക്കുന്നത് മൂലം മധ്യപൂർവ്വദേശങ്ങളിലെ മോശമായ സ്ഥിതിഗതികൾ തുടങ്ങിയവ പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. സംഘർഷങ്ങളുടെ യഥാർത്ഥ കാരണം സ്ഥിരീകരിക്കപ്പെടേണ്ടതാണെന്നും, വ്യാജവാർത്തകളുടെ പേരിൽ ആളുകൾ കൊല്ലപ്പെടാൻ പാടില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഇന്നത്തെ ലോകത്തും കൂടുതൽ ശക്തനായവർ മറ്റുള്ളവരുടെമേൽ അധികാരം കാണിക്കുന്ന വ്യവസ്ഥ ദുഃഖകരമാണെന്ന് പാപ്പാ പറഞ്ഞു. അന്താരാഷ്ട്രനിയമങ്ങളും മാനവികനിയമങ്ങളും പാലിക്കാതെ, അവയ്ക്ക് പകരം മറ്റുള്ളവരെ തങ്ങളുടെ ശക്തികൊണ്ട് നിർബന്ധിച്ച് അനുസരിപ്പിക്കാമെന്ന ചിന്ത നിലനിൽക്കുന്നതിനെതിരെയും പാപ്പാ ശബ്ദമുയർത്തി. ഇത് മനുഷ്യർക്ക് അഭിമിതമല്ലെന്നും, മാനവികതയ്ക്കും രാഷ്ട്രനേതൃത്വങ്ങൾക്കും ലജ്ജാകരമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

പൊതുനന്മ ലക്ഷ്യമാക്കാതെയും, സായുധസംഘർഷങ്ങൾ കൊണ്ടും സമാധാനം സ്ഥാപിക്കാമെന്ന ചിന്തയെ പാപ്പാ അപലപിച്ചു. ആശുപത്രികളും സ്‌കൂളുകളും നിർമ്മിക്കാൻ ഉപയോഗിക്കേപ്പെടേണ്ടതിന് പകരം മരണത്തിന്റെ വ്യാപാരക്കരായ ആയുധക്കച്ചവടക്കാരുടെ കൈകളിൽ പണമെത്തുന്നതിനെയും പാപ്പാ പരാമർശിച്ചു.

ക്രൈസ്തവർ എന്ന നിലയിൽ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും മുന്നിൽ അപലപിക്കുകയും, സമാധാനത്തിന്റെ സൃഷ്ടാക്കളും സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുമായിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം പരാമർശിച്ച പാപ്പാ, എന്നാൽ അതിനേക്കാൾ കൂടുതലായി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞു. അതോടൊപ്പം പൗരസ്ത്യക്രിസ്ത്യാനികൾക്ക് തങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ ക്രൈസ്തവവിശ്വാസത്തിന്റെ സാക്ഷ്യം നൽകാനുള്ള കടമയും സാധ്യതയും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. ഹൃദയങ്ങളെ വെറുപ്പിൽ നിന്നും മോചിപ്പിക്കുന്ന ക്രിസ്തുവിനെ പിൻചെല്ലാനും, മറ്റുള്ളവർ വിഭാഗീയ ചിന്തകളിൽനിന്ന് മാറാനായി മാതൃക നൽകാനും പാപ്പാ ആവശ്യപ്പെട്ടു. തിന്മയ്ക്ക് പകരം നന്മ ചെയ്യുന്ന ഓരോ പൗരസ്ത്യക്രൈസ്തവർക്കും നന്ദി പറയാനും അവർക്ക് ആലിംഗനമേകാനും തൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

യുദ്ധങ്ങളും, ഡമാസ്കസിൽ കഴിഞ്ഞ ദിവസം നടന്നതുപോലുള്ള തീവ്രവാദപ്രവർത്തനങ്ങളും ഉളവാക്കുന്ന ദുരിതങ്ങൾ നിലനിൽക്കുമ്പോഴും, മരുഭൂമികളിൽപ്പോലും സുവിശേഷം പുഷ്പ്പിക്കുന്നത് കാണാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് റൊവാക്കോ അംഗങ്ങളെ പാപ്പാ ഓർമ്മിപ്പിച്ചു. പൗരസ്ത്യസഭാപാരമ്പര്യങ്ങളുടെ ഭംഗി നേരിട്ട് കാണാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നുണ്ടെന്നും, രക്തസാക്ഷികളുടെയും വിശുദ്ധരുടെയും നിരയിൽ ചേരുന്ന ഒരുപാട് വലിയ വ്യക്തിത്വങ്ങളെ നേരിൽ കാണാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പൗരസ്ത്യസഭകളെക്കുറിച്ചുള്ള അറിവ് കത്തോലിക്കാസഭ മുഴുവനും എത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ നാൽപ്പതോളം വർഷങ്ങൾക്ക് മുൻപ് പ്രസ്താവിച്ചതുപോലെ, രണ്ട് ശ്വാസകോശങ്ങൾ കൊണ്ടും ശ്വസിക്കാൻ സഭ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്ന്, പൗരസ്ത്യ, പാശ്ചാത്യസഭകളെ പരാമർശിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു. പൗരസ്ത്യസഭകളെക്കുറിച്ചുള്ള അടിസ്ഥാനവിദ്യാഭ്യാസം സെമിനാരികളിലും ദൈവശാസ്ത്രവിഭാഗങ്ങളിലും കത്തോലിക്കയൂണിവേഴ്സിറ്റികളിലും ആരംഭിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടേതുൾപ്പെടെയുള്ള രേഖകൾ (Orientale lumen, 24; Congregation for Catholic Education, Eu égard au développement, 9-14) പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

അജപാലനരംഗത്ത് സഭകൾ തമ്മിലുള്ള പങ്കുവയ്ക്കലിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, വിശുദ്ധമായവയെക്കുറിച്ചുള്ള പൗരസ്ത്യസഭാചിന്തകൾ, തെളിഞ്ഞ അവരുടെ വിശ്വാസം, ദൈവികമായ രഹസ്യാത്മകതയുടെ സുഗന്ധമുള്ള അവരുടെ ആദ്ധ്യാത്മികത തുടങ്ങിയവയ്ക്കുറിച്ച് പരാമർശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ജൂൺ 2025, 18:28