MAP

കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണം നടന്ന ഡമാസ്കസിലെ ദേവാലയം കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണം നടന്ന ഡമാസ്കസിലെ ദേവാലയം   (ANSA)

ഡമാസ്കസ് ദേവാലയത്തിലെ തീവ്രവാദാക്രമണം: ലിയോ പതിനാലാമൻ പാപ്പായുടെ ടെലെഗ്രാം സന്ദേശം

സിറിയയിലെ ഒരു ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ മുപ്പതോളം ആളുകളുടെ മരണത്തിനും അറുപതിലധികം ആളുകൾക്ക് പരിക്കിനും കാരണമായ തീവ്രവാദ ആക്രമണത്തിന്റെ ഇരകൾക്കുവേണ്ടി പ്രാർത്ഥനകൾ വാഗ്ദാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 22 ഞായറാഴ്ച വിശുദ്ധബലിമധ്യേ നടന്ന ഈ ആക്രമണത്തിന്റെ ഇരകൾക്ക് സാമീപ്യമറിയിച്ചുകൊണ്ട് ജൂൺ 24 ചൊവ്വാഴ്ച കർദ്ദിനാൾ പരൊളീനാണ് പാപ്പായുടെ പേരിൽ അനുശോചനസന്ദേശം അയച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സിറിയയിലെ ഡമാസ്കസിൽ വിശുദ്ധ ഏലിയാസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീവ്രവാദ ആക്രമണത്തിന്റെ ഇരകൾക്ക് തന്റെ സാമീപ്യമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 24 ചൊവ്വാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനാണ് ഈ കിരാത ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാപ്പായുടെ പേരിൽ ടെലെഗ്രാം സന്ദേശമയച്ചത്.

ഡമാസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ നിരവധി പേരുടെ മരണത്തിനും, മറ്റു നിരവധി നാശങ്ങൾക്കും കാരണമായ ആക്രമണത്തിൽ ലിയോ പതിനാലാമൻ പാപ്പാ ദുഃഖിതനാണെന്ന് കർദ്ദിനാൾ പരൊളീൻ എഴുതി.

ഡമാസ്കസ് ദുരന്തത്തിന്റെ ഇരകളാകേണ്ടിവന്നവർക്കും അവരുടെ ബന്ധുമിത്രാദികൾക്കും പരിശുദ്ധ പിതാവ് തന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് എഴുതിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, ഈ ആക്രമണത്തിൽ മരണമടഞ്ഞവരുടെ ആത്മാക്കളെ പാപ്പാ ദൈവപിതാവിന്റെ സ്നേഹം നിറഞ്ഞ കരുണയ്ക്ക് സമർപ്പിക്കുന്നുവെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിൽ ദുഃഖിക്കുന്നവർക്കുവേണ്ടിയും, പരിക്കേറ്റവരുടെ സൗഖ്യത്തിനായും അദ്ദേഹം പ്രാർത്ഥിക്കുന്നുവെന്നും ഉറപ്പുനൽകി.

സിറിയയുടെമേൽ അത്യുന്നതന്റെ ആശ്വാസവും, സൗഖ്യവും സമാധാനവും ഉണ്ടാകട്ടെയെന്ന് പാപ്പാ ആശംസിക്കുന്നുവെന്ന് കർദ്ദിനാൾ പരൊളീൻ എഴുതി. ഡമാസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവസമൂഹം വിശുദ്ധബലിക്കായി ഒരുമിച്ചുകൂടിയ അവസരത്തിൽ ഉണ്ടായ ഈ ദാരുണസംഭവത്തിൽ ഏതാണ്ട് മുപ്പത് പേരോളം കൊല്ലപ്പെട്ടിരുന്നു. അറുപതിലധികം ആളുകൾക്ക് പരിക്കേറ്റു.

ജൂൺ 25 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലും ഡമാസ്കസ് ആക്രമണത്തെക്കുറിച്ചും ദീർഘനാളുകളായി തുടർന്ന സംഘർഷങ്ങളുടെ ഭാഗമായി സിറിയ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും പാപ്പാ പരാമർശിച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ജൂൺ 2025, 17:03