വിശുദ്ധിയിലും ഐക്യത്തിലും ജീവിച്ച് മാതൃകാപരമായി ശുശ്രൂഷ ചെയ്യാൻ വൈദികരെ ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അജപാലനരംഗത്ത് അനുദിനം ഏറ്റെടുക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്കിടയിലും, സഭയ്ക്കായി ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രധാനപ്പെട്ടതാണെന്നും, നിങ്ങളേവരും ദൈവത്തിന്റെ കണ്ണുകളിലും, അവന്റെ പദ്ധതിയുടെ പൂർത്തീകരണത്തിനും വിലയേറിയവരാണെന്നും റോം രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരോട് ലിയോ പതിനാലാമൻ പാപ്പാ. റോം രൂപതയുടെ മെത്രാൻ കൂടിയായ ലിയോ പാപ്പാ, രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർക്ക് ജൂൺ 12 വ്യാഴാഴ്ച അനുവദിച്ച കൂടിക്കാഴ്ചയിലാണ് ആഗോളകത്തോലിക്കാവിശ്വാസത്തിന് പ്രധാനപ്പെട്ട റോമിൽ സേവനമനുഷ്ഠിക്കുന്ന വൈദികരോട്, പൗരോഹിത്യശുശ്രൂഷയിലുണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ചും, തങ്ങൾ ഏറ്റെടുത്തിരിക്കുന്ന വിളിയുടെ പ്രത്യേകതകളെക്കുറിച്ചും ഉദ്ബോധിപ്പിച്ചത്.
കാരുണ്യത്തിലും ഐക്യത്തിലും സഭയിൽ പ്രധാന പങ്കുവഹിക്കുന്ന റോം രൂപതയിൽ വിവിധ രാജ്യങ്ങളിൽനിന്ന് പഠനത്തിനും, ശുശ്രൂഷകൾക്കുമായെത്തുന്ന നിരവധി വൈദികരുള്ളതുകൊണ്ടുതന്നെ, സഭയുടെ ആഗോളമാനവും, സഭയിൽ പരസ്പരം ഉണ്ടാകേണ്ട സ്വീകാര്യതയും ഒരുമയും ഇവിടെ കൂടുതലായി അനുഭവവേദ്യമാണെന്നത് പാപ്പാ അനുസ്മരിച്ചു.
റോമിലെ ഇടവകകളിലും പഠനകാര്യങ്ങൾക്കായുള്ള കോളേജുകളിലും നിരവധി പുരോഹിതർ ഒരുമിച്ച് വസിക്കുന്നതിനെ പരാമർശിച്ച പാപ്പാm റോമിന്റെ കത്തോലിക്കാ പശ്ചാത്തലത്തിൽ, ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചു., ക്രിസ്തു തന്റെ ശിഷ്യന്മാർക്കിടയിലെ ഐക്യത്തിനായി പ്രാർത്ഥിച്ചത് പാപ്പാ തന്റെ പ്രഭാഷണത്തിൽ ഉദ്ധരിച്ചു. ഒറ്റപ്പെട്ട ജീവിതം നയിക്കാനും തങ്ങളെത്തന്നെ എല്ലാത്തിന്റെയും അളവുകോലായി കാണാനുമുള്ള ആധുനികലോകത്തിന്റെ പ്രലോഭനത്തെ അതിജീവിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. ശക്തവും ഉറച്ചതുമായ ഒരു ആധ്യാത്മികത വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഓർമ്മിപ്പിച്ചു.
വൈദികർ മാതൃകാപരവും സുതാര്യവുമായ ജീവിതം നയിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവെന്ന് പ്രസ്താവിച്ച പാപ്പാ, നമ്മുടെ പരിമിതികളും, നമ്മെ മുഴുവനായും അറിയുന്ന ദൈവം നമ്മിൽ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ വിശ്വസ്തതാപൂർവ്വം നിർവ്വഹിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു. ക്രിസ്തുവിനോടുള്ള ആദ്യസ്‌നേഹം കാത്തുസൂക്ഷിക്കാനും, എളിമയുടെ മനോഭാവത്തോടെ ഏവർക്കും സുവിശേഷത്തിന്റെ സന്ദേശം പകരാനും പാപ്പാ ആഹ്വാനം ചെയ്തു.
ആധുനികലോകം മുന്നിൽ ഉയർത്തുന്ന, സംഘർഷങ്ങളും ദാരിദ്ര്യവും അസമത്വങ്ങളും സാമൂഹികപ്രശ്നങ്ങളും പോലെയുള്ള വെല്ലുവിളികളെ പ്രവാചകമനോഭാവത്തോടെ നേരിടാനും സഭയെ ശുശ്രൂഷിക്കാനും പാപ്പാ വൈദികരെ ക്ഷണിച്ചു. സമാധാനത്തിന്റെയും നീതിയുടെയും വിശുദ്ധിയുടെയും പ്രവൃത്തികളാണ് നമ്മിൽനിന്ന് ഉണ്ടാകേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: