MAP

മയക്കുമരുന്നിനെതിരായ അന്താരാഷ്ട്രദിനത്തിൽ അനുവദിച്ച സമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ മയക്കുമരുന്നിനെതിരായ അന്താരാഷ്ട്രദിനത്തിൽ അനുവദിച്ച സമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

മയക്കുമരുന്നുകൾക്കും ആസക്തികൾക്കുമെതിരെ പോരാടാൻ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

മനുഷ്യർ സ്വാതന്ത്ര്യത്തിലേക്കും സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും, അവരെ അടിമകളാക്കി തടവറയിലാക്കുന്ന മയക്കുമരുന്ന് പോലെയുള്ള എല്ലാ ആസക്തികൾക്കുമെതിരെ പോരാടണമെന്നും ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. മയക്കുമരുന്നിനെതിരായ ആഗോളദിനവുമായി ബന്ധപ്പെടുത്തി ജൂൺ 26 വ്യാഴാഴ്ച, വത്തിക്കാനിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവെയാണ്, സമൂഹത്തിൽ മനുഷ്യരുടെ അന്തസ്സ് നശിപ്പിക്കുന്ന ഇത്തരമൊരു തിന്മയ്‌ക്കെതിരെ പാപ്പാ സംസാരിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മനുഷ്യരെല്ലാവരും സ്വാതന്ത്രത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും, എന്നാൽ മയക്കുമരുന്നുകളും അതിന് സമാനമായ മറ്റ്ആസക്തികളും അദൃശ്യമായ ഒരു തടവറയിലേക്കാണ് മനുഷ്യരെ നയിക്കുകയെന്നും ലിയോ പതിനാലാമൻ പാപ്പാ. മയക്കുമരുന്നുകൾക്കെതിരായ അന്താരാഷ്ട്രദിനവുമായി ബന്ധപ്പെടുത്തി ജൂൺ 26 ബുധനാഴ്ച വത്തിക്കാനിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരെ പാപ്പാ ഉദ്ബോധിപ്പിച്ചത്.

വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തെ പരാമർശിച്ച പാപ്പാ, ക്രിസ്തുവിലാണ് വിശുദ്ധൻ യഥാർത്ഥ സമാധാനം കണ്ടെത്തിയതെന്ന് ഓർമ്മിപ്പിച്ചു. സമാധാനത്തിനും സന്തോഷത്തിനും വേണ്ടി ദാഹിക്കുന്നവരാണ് നാമെന്നും, എന്നാൽ പലയിടങ്ങളിലും ചതിക്കപ്പെടാനും, അടിമകളാക്കപ്പെടാനുമുള്ള അപകടസാധ്യതകൾ നമുക്ക് മുന്നിലുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സന്തോഷം കണ്ടെത്തുന്നതും, തിന്മയെയും അനീതിയെയും വിജയിക്കുന്നതും ഒരുമിച്ച് നിന്നാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒരുമിച്ചായിരിക്കാനാണ് ദൈവം നമ്മെ സൃഷ്ടിച്ചതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ തിന്മയിലേക്ക് നടക്കാൻ പ്രേരിപ്പിക്കുന്ന കൂട്ടുകെട്ടുകളുമുണ്ടെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പറഞ്ഞു.

ഒരിക്കലും അവസാനിപ്പിക്കാനാകാത്ത ഒരു യുദ്ധമാണ് മയക്കുമരുന്നുകൾക്കെതിരെ നടക്കേണ്ടതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, നമുക്ക് ചുറ്റും ഈയൊരു തിന്മയുടെ അടിമകളായി കഴിയുന്ന അനേകരുണ്ടെന്ന് പ്രസ്താവിച്ചു. മയക്കുമരുന്ന് മാത്രമല്ല, മദ്യം, ചൂതാട്ടം തുടങ്ങി വിവിധ ആസക്തികൾ വലിയൊരു കച്ചവടത്തിന്റെ ഭാഗമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മയക്കുമരുന്നിന്റെയും മറ്റ് ആസക്തികളുടെയും കച്ചവടക്കാരായ കുറ്റവാളികളേക്കാൾ, അവയുടെ ഇരകളെ വേട്ടയാടുന്നതാണ് നേതൃത്വങ്ങൾക്ക് പലപ്പോഴും എളുപ്പമെന്നും, സുരക്ഷയുടെ പേരിൽ പലപ്പോഴും പാവപ്പെട്ടവരാണ് ആക്രമിക്കപ്പെടുന്നതെന്നും പാപ്പാ പ്രസ്താവിച്ചു. ഈ മരണച്ചങ്ങലയുടെ അവസാനകണ്ണികളായ ഇരകളെ തടവിലാക്കുമ്പോൾ, ആ ചങ്ങലകൾ കൈകളിലെടുത്ത് നിയന്ത്രിക്കുന്നവർ പലപ്പോഴും സ്വതന്ത്രരായി വാഴുകയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

നമ്മുടെ നാടും നഗരവും സമൂഹത്തിൽ അവഗണിക്കപ്പെട്ട മനുഷ്യരിൽനിന്ന് സ്വാതന്ത്രമാക്കപ്പെടുകയല്ല, അവഗണമനോഭാവത്തിൽനിന്നാണ് സ്വാതന്ത്രമാക്കപ്പെടേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നിരാശരെയല്ല നിരാശയെയാണ് നാം ഇല്ലാതാക്കേണ്ടത്.

ജൂബിലിവർഷം, രക്ഷയിലേക്ക് നയിക്കുന്ന വഴിയായി, പരസ്പരമുള്ള കണ്ടുമുട്ടലിന്റെ സംസ്കാരത്തെ ചൂണ്ടിക്കാട്ടുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു. അന്യായമായി കൂട്ടിവച്ചിരിക്കുന്ന സമ്പത്ത് പുനർവിതരണം ചെയ്യാനും, അതുവഴി അനുരഞ്ജനം നേടിയെടുക്കാനാണ് ഇത് നമ്മെ ആഹ്വാനം ചെയ്യുന്നത്.

നമ്മുടെ ഭൂമിക്ക് ആവശ്യമുള്ള നവീകരണപദ്ധതികളുടെ മുന്നിൽ വെറും കാഴ്ചക്കാരായി നിൽക്കരുതെന്ന് പാപ്പാ ചെറുപ്പക്കാരോട് ഓർമ്മിപ്പിച്ചു. മാറ്റം സാധ്യമാണെന്ന ചിന്ത പകരാൻ നിങ്ങൾക്കാകണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

മനുഷ്യന്റെ വിലയില്ലാതാക്കുന്ന എല്ലാത്തരം ആസക്തികളുടെയും മുന്നിൽ, അവന്റെ ഉള്ളിൽ അടങ്ങിയിരിക്കുന്ന അനന്തമായ അന്തസ്സ് എടുത്തുകാട്ടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, നമുക്കെല്ലാവർക്കും കൂടുതൽ സ്വതന്ത്രത്തിലേക്കും മാനുഷികതയിലേക്കും സമാധാനത്തിലേക്കുമുള്ള വിളിയാണുള്ളതെന്ന് ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, സൗഖ്യപ്പെടുത്തലിന്റെയും, കണ്ടുമുട്ടലുകളുടെയും വിദ്യാഭ്യാസത്തിന്റെയും ഇടങ്ങൾ വളർത്തിയെടുക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ജൂൺ 2025, 18:18