MAP

ലിയോ പതിനാലാമൻ പാപ്പായും ജനറൽ ചാപ്റ്ററിന്റെയും തീർത്ഥാടനത്തിന്റെയും ഭാഗമായി റോമിലെത്തിയ നാല് വ്യത്യസ്ത സന്ന്യസ്തസഭാസമൂഹാംഗങ്ങളുടെ പ്രതിനിധികളും ലിയോ പതിനാലാമൻ പാപ്പായും ജനറൽ ചാപ്റ്ററിന്റെയും തീർത്ഥാടനത്തിന്റെയും ഭാഗമായി റോമിലെത്തിയ നാല് വ്യത്യസ്ത സന്ന്യസ്തസഭാസമൂഹാംഗങ്ങളുടെ പ്രതിനിധികളും  (ANSA)

ക്രിസ്തുവിനെ അനുഗമിക്കാനും സഹോദരങ്ങളെ ശുശ്രൂഷിക്കാനുമാണ് സന്ന്യസ്തർ വിളിക്കപ്പെട്ടിരിക്കുന്നത്: ലിയോ പതിനാലാമൻ പാപ്പാ

ക്രിസ്തുവും സഭയുമായുള്ള ബന്ധവും, സഭയിലെ ശുശ്രൂഷയും അനുസ്യൂതം തുടർന്ന്, സമർപ്പിതജീവിതം മെച്ചപ്പെടുത്താൻ സന്ന്യസ്തസമൂഹങ്ങളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ജനറൽ ചാപ്റ്ററിന്റെയും തീർത്ഥാടനത്തിന്റെയും ഭാഗമായി റോമിലെത്തിയ നാല് വ്യത്യസ്ത സന്ന്യസ്തസഭാസമൂഹാംഗങ്ങൾക്ക് ജൂൺ 30-ന് അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചാസമ്മേളനത്തിലാണ് സമർപ്പിതജീവിതത്തിൽ കൂടുതൽ ഊർജ്വസലതയോടെയും സമർപ്പണത്തോടെയും മുന്നേറേണ്ടതിന്റെ പ്രാധാന്യം പാപ്പാ ചൂണ്ടിക്കാട്ടിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവുമായുള്ള ബന്ധവും, അവന്റെ ശരീരമാകുന്ന സഭയിലെ ശുശ്രൂഷയും അനുസ്യൂതം തുടരാനും, അതുവഴി സമർപ്പിതജീവിതം മെച്ചപ്പെടുത്താനും സന്ന്യസ്തസമൂഹങ്ങളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ജനറൽ ചാപ്റ്ററിന്റെയും ജൂബിലി തീർത്ഥാടനത്തിന്റെയും ഭാഗമായി റോമിലെത്തിയ ദിവ്യകാരുണ്യത്തിന്റെ മക്കൾ, ബസിലിയോയുടെ സമൂഹം, അഗസ്റ്റീനിയൻ സംരക്ഷണത്തിന്റെ സഹോദരിമാർ, തിരുഹൃദയങ്ങളുടെ ഫ്രാൻസിസ്കൻ സഹോദരിമാർ എന്നീ സന്ന്യസ്തസഭാസമൂഹങ്ങളിൽനിന്നുള്ള സിസ്റ്റർമാർക്ക് ജൂൺ 30 തിങ്കളാഴ്ച വത്തിക്കാനിൽ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചാസമ്മേളനത്തിലാണ് സമർപ്പിതജീവിതത്തിൽ കൂടുതൽ ഊർജ്വസലതയോടെയും സമർപ്പണത്തോടെയും തുടരേണ്ടതിന്റെ ആവശ്യത്തിലേക്ക് പാപ്പാ വിരൽ ചൂണ്ടിയത്.

വ്യത്യസ്ത കാലങ്ങളിലും സാഹചര്യങ്ങളിലും ഉണ്ടായ വിവിധ സമൂഹങ്ങളിലെ അംഗങ്ങളാണെങ്കിലും, വിശുദ്ധ അഗസ്റ്റിന്റെയും ബസിലിയോയുടെയും ഫ്രാൻസിസിന്റെയും ആദ്ധ്യാത്മികത തുടരുന്ന നിങ്ങളുടെ സമർപ്പിതജീവിതത്തിൽ ശുശ്രൂഷയുടെ വിവിധ മാർഗ്ഗങ്ങളാണ് നമുക്ക് കാണാൻ സാധിക്കുകയെന്നും, ഇത് സമൂഹത്തിലെ കൂടുതൽ ദുർബലരായ കുട്ടികൾക്കും പാവപ്പെട്ട കുട്ടികൾക്കും അനാഥർക്കും അഭയാർത്ഥികൾക്കും വയോധികർക്കും രോഗികൾക്കും നിങ്ങൾ ചെയ്യുന്ന കാരുണ്യത്തിന്റെ ശുശ്രൂഷയിലൂടെയാണ് വ്യക്തമാകുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സുവിശേഷത്തിന്റെ ജ്ഞാനത്തിൽ, പരിശുദ്ധാത്മാവിനാൽ പ്രേരിതരായി, സമയത്തിന്റെ അടയാളങ്ങൾ ശ്രദ്ധാപൂർവ്വം തിരിച്ചറിഞ്ഞ്, ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിൽ അധിഷ്ഠിതമായി, പുതിയ മാർഗ്ഗങ്ങളിലൂടെയാണ് നിങ്ങൾ നിങ്ങളുടെ സേവനം തുടരേണ്ടതെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയായ ഗൗദിയും ഏത് സ്‌പേസ് (Gaudium et spes, 4; 11) പരാമർശിച്ചുകൊണ്ട് പാപ്പാ എടുത്തുപറഞ്ഞു. കാരുണ്യമേഖലയിൽ ശുശ്രൂഷ ചെയ്യുന്ന സന്ന്യസ്തസമൂഹാംഗങ്ങളിൽ അപ്പസ്തോലിക ചൈതന്യത്തിന്റെ പ്രാധാന്യവും, അവരുടെ പ്രവർത്തനങ്ങളിൽ സമർപ്പിത ചൈതന്യവും ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം രണ്ടാം വത്തിക്കാൻ കൗൺസിൽ (Decr. Perfectae caritatis, 8) എടുത്തുപറയുന്നുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വിശുദ്ധ അഗസ്റ്റിന്റെ ആധ്യാത്മിക ഉദ്ബോധനങ്ങളെ പരാമർശിച്ചുകൊണ്ട്, ജീവിതത്തിൽ കർത്താവിനുള്ള സ്ഥാനം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മാനുഷികമായ രീതിയിൽ തങ്ങൾക്ക് സാധിക്കുമെന്ന് കരുതാതിരുന്ന പലതും ചെയ്യാൻ നമുക്ക് മുൻപേ പോയ സമർപ്പിതരായ സ്ത്രീപുരുഷന്മാർക്ക് കഴിഞ്ഞതും, ഇന്ന് ലോകമെങ്ങും വ്യാപിക്കുന്ന തരത്തിൽ നന്മയുടെ വിത്ത് വിതച്ചുകൊണ്ട് മുന്നോട്ട് പോകാൻ സാധിച്ചതും കർത്താവുമായുള്ള അവരുടെ ബന്ധത്തിന്റെ സഹായത്താലാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സന്ന്യസ്തർ ജനറൽ ചാപ്റ്ററിന്റെയും ജൂബിലിതീർത്ഥാടനത്തിന്റെയും പശ്ചാത്തലത്തിൽ റോമിലെത്തിയതുമായി ബന്ധപ്പെടുത്തി, നിങ്ങളുടെ സഭാസമൂഹത്തിന്റെയും സഹോദരിമാരുടെയും സഭയുടെ തന്നെയും ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങളാണ് നിങ്ങൾ എടുക്കുന്നവയെന്ന് അനുസ്മരിക്കാനും ഓർമ്മിപ്പിച്ച പാപ്പാ, ഉത്തരവാദിത്വപരമായി തീരുമാനങ്ങൾ എടുക്കാൻ അവരോട് ആഹ്വാനം ചെയ്തു.

വിശുദ്ധ പൗലോസ് എഫേസൂസ്‌കാർക്കെഴുതിയ ലേഖനത്തിലെ സന്ദേശം ഉദ്ധരിച്ചുകൊണ്ട് (എഫേ. 3,17-19), ക്രിസ്തു നിങ്ങളുടെ ഹൃദയത്തിൽ വസിക്കട്ടെയെന്നും, ക്രിസ്തുവിന്റെ സ്നേഹം ഗ്രഹിച്ച് ദൈവത്തിന്റെ സമ്പൂർണ്ണതയിൽ പൂരിതരാകാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നും സന്ന്യസ്‌തകളോട്‌ പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജൂൺ 2025, 16:57