MAP

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

കുടിയേറ്റപ്രശ്നങ്ങളും മനുഷ്യാന്തസ്സുമുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌ത്‌ ലിയോ പതിമൂന്നാമൻ പാപ്പായും സ്പെയിൻ പ്രധാനമന്ത്രിയും

ലിയോ പതിനാലാമൻ പാപ്പായും സ്പെയിൻ പ്രധാനമന്ത്രി പേദ്രോ സാഞ്ചെസും തമ്മിൽ ജൂൺ 11 ബുധനാഴ്ച ഫോൺ സംഭാഷണം നടന്നതായി വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. പാപ്പാ തന്റെ ശുശ്രൂഷ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അർപ്പിച്ച വിഷദ്ധബലിയിൽ ഫിലിപ്പ് രാജാവും ലെത്തീസിയ രാജ്ഞിയും സംബന്ധിച്ചതിന് പാപ്പാ നന്ദി പറഞ്ഞു. കുടിയേറ്റപ്രശ്നങ്ങൾ, സംഘർഷങ്ങൾ, മനുഷ്യാന്തസ് തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സ്പെയിൻ സന്ദർശിക്കാൻ പാപ്പായ്ക്ക് പ്രധാനമന്ത്രിയുടെ ക്ഷണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പായും സ്പെയിൻ പ്രധാനമന്ത്രി പേദ്രോ സാഞ്ചെസ് പേരെസ്-കാസ്തെഹോണും (Pedro Sánchez Pérez-Castejón) തമ്മിൽ ജൂൺ 11 ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഫോണിൽ സംസാരിച്ചുവെന്ന് പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. താൻ പത്രോസിന്റെ പിൻഗാമിക്കടുത്ത ശുശ്രൂഷ ആരംഭിച്ചതുമായി ബന്ധപ്പെട്ട് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിച്ച വിശുദ്ധ ബലിയിൽ സംബന്ധിക്കാൻ ഫിലിപ്പ് രാജാവും ലെത്തീസിയ രാജ്ഞിയുമെത്തിയതിന് പ്രധാനമന്ത്രിക്ക് പാപ്പാ നന്ദി പറഞ്ഞു.

ഇരുവരും തമ്മിൽ നടന്ന സൗഹാർദ്ദപരമായ സംഭാഷണത്തിൽ, കുടിയേറ്റപ്രതിസന്ധി, നിലവിലുള്ള സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ബന്ധത്തിന്റെ പാലങ്ങൾ പണിയേണ്ടതിന്റെ ആവശ്യകത, ഏവരുടെയും മനുഷ്യാന്തസ്സ്‌ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ പൊതുവായ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

സ്പെയിനിലെ സിവിലിയയിൽ ജൂണിൽ നടക്കാനിരിക്കുന്ന “വികസനത്തിനായുള്ള സാമ്പത്തികസഹായത്തെക്കുറിച്ചുള്ള അന്താരാഷ്ട്രസമ്മേളനത്തെക്കുറിച്ചും” ഇരുവരും തമ്മിൽ സംസാരിച്ചു. സ്പെയിൻ സർക്കാരിന്റെ പ്രസിഡന്റ് എന്ന നിലയിൽ പ്രധാനമന്ത്രി പേദ്രോ സാഞ്ചെസ്‌, സ്പെയിൻ സന്ദർശിക്കാൻ പാപ്പായ്ക്കുള്ള ക്ഷണം പുതുക്കിയതായും വത്തിക്കാൻ പ്രെസ് ഓഫീസ് തങ്ങളുടെ കുറിപ്പിൽ വ്യക്തമാക്കി.

2014 മുതൽ 2016 വരെ സ്പെയിനിന്റെ പ്രധാനമന്ത്രിയായിരുന്ന പേദ്രോ സാഞ്ചെസ്‌ 2018-ലാണ് പ്രധാനമന്ത്രിപദത്തിലേക്ക് രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ടത്. സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി (PSOE) സെക്രെട്ടറി കൂടിയായ അദ്ദേഹം 1972-ലാണ് ജനിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജൂൺ 2025, 14:31