MAP

ലിയോ പതിനാലാമൻ പാപ്പായും ത്രിവേനെത്തോ പ്രദേശത്തുനിന്നുള്ള സെമിനാരിക്കാരും ലിയോ പതിനാലാമൻ പാപ്പായും ത്രിവേനെത്തോ പ്രദേശത്തുനിന്നുള്ള സെമിനാരിക്കാരും  (ANSA)

ക്രിസ്തുവുമായുള്ള സൗഹൃദത്തിൽ വളരാനും, അവനിൽ ശരണപ്പെടാനും വൈദികാർത്ഥികളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

വടക്കൻ ഇറ്റലിയിലെ ത്രിവെനെത്തോ പ്രദേശത്തുനിന്നുള്ള സെമിനാരിക്കാർക്ക് ജൂൺ 25 ബുധനാഴ്ച വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു. വൈദികാർത്ഥികൾ ക്രൈസ്തവസാക്ഷ്യം നൽകിക്കൊണ്ട് മുൻപോട്ട് പോകേണ്ടതിന്റെയും, ക്രിസ്തുവുമായുള്ള സൗഹൃദത്തിൽ വളരേണ്ടതിന്റെയും പ്രാധാന്യം പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവിന് സാക്ഷ്യം നൽകിക്കൊണ്ട് ജീവിക്കാനും, ക്രിസ്തുവുമായുള്ള സൗഹൃദം വളർത്താനും, അത് മറ്റുള്ളവരുടെ മുന്നിൽ ഏറ്റുപറഞ്ഞ് സാക്ഷ്യം നൽകാനും വൈദികാർത്ഥികളെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 25 ബുധനാഴ്ച രാവിലെ, വടക്കൻ ഇറ്റലിയിലെ പതിനഞ്ച് രൂപതകൾ ഉൾക്കൊള്ളുന്ന ത്രിവേനെത്തോ പ്രാദേശികസഭയിലെ സെമിനാരിക്കാർക്ക് വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പുരോഹിതർത്ഥികൾ ക്രൈസ്തവവിശ്വാസസാക്ഷ്യം നൽകിക്കൊണ്ട് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്.

ത്രിവേനെത്തോ പ്രദേശത്തുനിന്നുള്ള ക്രൊമാസിയോ, ജിറോളമോ, റുഫീനോ, തുടങ്ങിയ വിശുദ്ധരെയും, വാഴ്ത്തപ്പെട്ടവരായ തൂല്ലിയോ മറൂസ്സോ, ജ്യോവന്നി സ്‌ക്യാവോ തുടങ്ങിയ മിഷനറിമാരെയും പരാമർശിച്ചുകൊണ്ടാണ്  നമുക്ക് മുൻപേ കടന്നുപോയ രക്തസാക്ഷികളും വിശുദ്ധരുമായ ഈ ഇടയന്മാരുടെ മാതൃകയിൽ, ക്രൈസ്തവവിശ്വാസത്തിന് സാക്ഷ്യം നൽകിക്കൊണ്ട് മുന്നോട്ട് പോകാൻ സെമിനാരിക്കാരെ പാപ്പാ ആഹ്വാനം ചെയ്‌തത്‌. കർത്താവിന്റെ പിന്നാലെയുള്ള യാത്രയിൽ, ത്രിവെനെത്തോ പ്രദേശത്തിന്റെ ഏറെ സമ്പന്നമായ ക്രൈസ്തവവിശ്വാസചരിത്രത്തിന്റെ ഭാഗമായി മാറാൻ നിങ്ങൾക്ക് കഴിയണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

"സുദീർഘവും, എളുപ്പമില്ലാത്തതുമായ പരിശീലനത്തിന്റെ പാതയിൽ സ്ഥിരമായ പരിശ്രമത്തോടെ മുന്നോട്ട് പോകാൻ" 1978 സെപ്റ്റംബർ 7-ന് റോം രൂപതയിലെ വൈദികരോട് വാഴ്ത്തപ്പെട്ട ജോൺ പോൾ ഒന്നാമൻ പാപ്പാ പറഞ്ഞ വാക്കുകളെ പരാമർശിച്ചുകൊണ്ട്, ക്രിസ്തുവിന് പിന്നാലെയുള്ള യാത്ര ദുർഘടകരമായി മാറുമ്പോഴും ഭയപ്പെടാതെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് സെമിനാരിക്കാരോട് ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു.

വിശുദ്ധ അഗസ്റ്റിന്റെ അദ്ധ്യാത്മികജീവിതവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, അദ്ദേഹത്തിന് ഒരു ഭാഗത്ത് ക്രിസ്തുവിനായി ജീവിക്കാനുള്ള ആഗ്രഹമുള്ളപ്പോഴും, മറുഭാഗത്ത് പ്രലോഭനങ്ങളെയും സന്ദേഹങ്ങളെയും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഈ ബുദ്ധിമുട്ടുകളുടെ ഇടയിൽ, ഭയലേശമന്യേ ദൈവത്തിൽ അഭയം തേടാനാണ് അദ്ദേഹത്തിന് ദൈവിക ഉപദേശം ലഭിച്ചതെന്ന് പാപ്പാ കൂട്ടിച്ചേർത്തു (Conf. VIII, 27).

വിശുദ്ധ അഗസ്റ്റിന് ലഭിച്ച നിർദ്ദേശമാണ്, പിതൃതുല്യം നിങ്ങൾക്ക് നൽകാൻ താൻ ആഗ്രഹിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. ബ്രഹ്മചര്യത്തിന്റേതായ ജീവിതത്തിൽ മാത്രമല്ല, വൈദികപരിശീലനകാലം  മുഴുവനും സ്വന്തം കഴിവുകളിൽ മാത്രം ആശ്രയിക്കാതെ, അതിരുകളില്ലാത്ത രീതിയിൽ ദൈവത്തിൽ ശരണപ്പെടുന്നത് പ്രധാനപ്പെട്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇത് സെമിനാരി പരിശീലനകാലത്ത് മാത്രമല്ല, ജീവിതകാലം മുഴുവൻ വേണ്ട ഒന്നാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഒറ്റയ്ക്കുള്ള വളർച്ചയെന്ന ചിന്തയേക്കാൾ, മറ്റുള്ളവരോടൊപ്പം ഒരുമയിൽ വളർന്നുവരുന്നതിലും സമൂഹത്തിൽ ഐക്യം വളർത്തിയെടുക്കുന്നതിലും ശ്രദ്ധ കാണിക്കേണ്ടതിന്റെ പ്രാധാന്യവും സെമിനാരിക്കാരെ പാപ്പാ ഓർമ്മിപ്പിച്ചു. സെമിനാരി പരിശീലകരിൽ സെമിനാരിക്കാർക്കുണ്ടായിരിക്കേണ്ട വിശ്വാസം എടുത്തുപറഞ്ഞ പാപ്പാ, എന്നാൽ പരിശീലകർ തങ്ങളിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന വൈദികാർത്ഥികൾക്ക് നല്ല സഹയാത്രികരായിരിക്കണമെന്നും, തങ്ങളുടെ വിശ്വാസജീവിതത്തിന്റെ മാതൃക അവർക്ക് നൽകണമെന്നും, സത്യസന്ധമായ സ്നേഹത്താൽ അവരെ അനുഗമിക്കണമെന്നും ഓർമ്മിപ്പിച്ചു.

ക്രിസ്തുവിലേക്ക് മിഴിനട്ട് ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും, അവനുമായി സൗഹൃദം വളർത്തിയെടുക്കണമെന്നും പാപ്പാ സെമിനാരിക്കാരെ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തു നമ്മുടെ സുഹൃത്തായിരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് സുവിശേഷം സംശയലേശമന്യേ നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് റോബർട്ട് ഹ്യൂഗ് ബെൻസൺ (Robert Hugh Benson (1871-1914) എന്ന ഇംഗ്ലീഷ് വൈദികനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു. ദൈവിക സ്നേഹത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിയ "ദിലേക്‌സിത് നോസ്" എന്ന പേരിലുള്ള ചാക്രികലേഖനം പരാമർശിച്ചുകൊണ്ട്, ക്രിസ്തുവുമായുള്ള സൗഹൃദം ഏറ്റുപറയുന്നതിൽ നിങ്ങൾ ലജ്ജിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണ് നമ്മുടെ ജീവനെ സംരക്ഷിക്കുന്നതെന്നും, സുവിശേഷം മറ്റുള്ളവരോട് പങ്കുവയ്ക്കാനുള്ള ശക്തിയും സന്തോഷവും നൽകുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വൈദികപരിശീലനത്തിൽ പരിശുദ്ധ അമ്മയുടെ സാമീപ്യം നിങ്ങൾക്കേവർക്കും ഉണ്ടാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ജൂൺ 2025, 16:55