MAP

ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധകുർബാന വേളയിൽ ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധകുർബാന വേളയിൽ   (ANSA)

ശിശുക്കൾ നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നു: പാപ്പാ

ജൂൺ മാസം ഒന്നാം തീയതി, മധ്യാഹ്ന പ്രാർത്ഥനയുടെ ആമുഖത്തിൽ, കുടുംബങ്ങളുടെയും, കുഞ്ഞുങ്ങളുടെയും, മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവരെ അഭിസംബോധന ചെയ്തു കൊണ്ട് ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മെയ് 30 മുതൽ ജൂൺ 1 വരെ തീയതികളിലായി, വത്തിക്കാനിൽ കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങൾ നടക്കുന്ന അവസരത്തിൽ, ജൂൺ മാസം ഒന്നാം തീയതി വത്തിക്കാൻ ചത്വരത്തിൽ വച്ച്, ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിച്ചു. തുടർന്ന് മധ്യാഹ്ന പ്രാർത്ഥനയും  നയിച്ചു. പ്രാർത്ഥനയ്ക്ക് മുന്നോടിയായി, ജൂബിലി തീർത്ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ സംസാരിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും നൂനൂറ്റിമുപ്പത്തിയൊന്നു രാജ്യങ്ങളിൽനിന്നുള്ള തീർത്ഥാടകരാണ് ജൂബിലിയിൽ പങ്കെടുക്കുന്നത്.

നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്ന അനേകം കുട്ടികളെ സ്വാഗതം ചെയ്യുന്നതിൽ തന്റെ അതിയായ സന്തോഷം പാപ്പാ എടുത്തു പറഞ്ഞു. സുവിശേഷം സ്വാഗതം ചെയ്യപ്പെടുകയും കൈമാറുകയും ചെയ്യുന്ന ഗാർഹിക സഭകളായ കുടുംബങ്ങളെയും പാപ്പാ അഭിവാദ്യം ചെയ്തു. "തന്റെ സൃഷ്ടിയായ ലോകത്തെ ആശ്ലേഷിക്കുന്ന ദൈവസ്നേഹത്തിലാണ് കുടുംബങ്ങളുടെ ഉത്ഭവം", എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും, ലിയോ പതിനാലാമൻ ഉദ്ധരിച്ചു.

കുടുംബങ്ങളിൽ വിശ്വാസവും,  പ്രത്യാശയും, സ്നേഹവും ഉത്തരോത്തരം വർധിക്കട്ടെയെന്ന ആശംസയും പാപ്പാ നൽകി. യുവതലമുറയ്ക്ക് വിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും യഥാർത്ഥ മാതൃക നൽകുന്നവരാണ്, മുത്തശ്ശീമുത്തച്ഛന്മാർ എന്ന് പറഞ്ഞ പാപ്പാ, ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിയതിനു കൃതജ്ഞതയും അർപ്പിച്ചു.

കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആഘോഷിക്കുന്ന ഈ വേളയിൽ, പോളണ്ടിലെ, ബ്രനിയേവൊയിൽ, 1945 ൽ  രക്തസാക്ഷികളായ വിശുദ്ധ കത്രീനായുടെ സന്ന്യാസിനീസമൂഹത്തിലെ അംഗങ്ങളായ  സന്യാസികളെക്കുറിച്ചും പാപ്പാ സംസാരിച്ചു. കത്തോലിക്കാ വിശ്വാസത്തിനെതിരായ വിദ്വേഷത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷം ഉണ്ടായിരുന്നിട്ടും, അവർ ധൈര്യപൂർവം  രോഗികളെയും അനാഥരെയും ശുശ്രൂഷിക്കുന്നത് തുടർന്നത് ക്രൈസ്തവ സാക്ഷ്യത്തിന്റെ മാതൃകയാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ജൂൺ മാസം ഒന്നാം തീയതി ആഗോള ആശയവിനിമയദിനമായി ആഘോഷിക്കുന്നതിനാൽ, എല്ലാ മാധ്യമപ്രവർത്തകരെയും പാപ്പാ അഭിവാദ്യം ചെയ്തു. ധാർമ്മിക നിലവാരം പാലിക്കുന്ന സന്ദേശങ്ങളിലൂടെ, കുടുംബങ്ങളുടെ വിദ്യാഭ്യാസദൗത്യത്തെ സഹായിക്കുന്നതിന് പാപ്പാ നന്ദിയർപ്പിച്ചു. മധ്യപൂർവ്വേഷ്യയിലെയും, ഉക്രൈനിലേയും ലോകത്തിലെ മറ്റിടങ്ങളിലെയും ദുരിതം അനുഭവിക്കുന്ന  ജനതയ്ക്കു തന്റെ പ്രാർത്ഥനകളും പാപ്പാ അറിയിച്ചു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജൂൺ 2025, 11:09