MAP

ലിയോ പതിനാലാമൻ പാപ്പായും സ്കലബ്രീനിയൻ, റെഡംപ്റ്ററിസ്റ് സഭകളിൽനിന്നുള്ള മെത്രാൻമാരും ലിയോ പതിനാലാമൻ പാപ്പായും സ്കലബ്രീനിയൻ, റെഡംപ്റ്ററിസ്റ് സഭകളിൽനിന്നുള്ള മെത്രാൻമാരും  (ANSA)

പ്രതിസന്ധികൾ നിറഞ്ഞ ഈ ലോകത്ത് പരസ്പരസഹകരണത്തോടെ മുന്നോട്ടുപോകാൻ സ്കലബ്രീനിയൻ, റെഡംപ്റ്ററിസ്റ് സഭകളിൽനിന്നുള്ള മെത്രാൻമാരോട് ലിയോ പതിനാലാമൻ പാപ്പാ

തങ്ങളുടെ സഭാസ്ഥാപകരുടെ ഉദ്ദേശലക്ഷ്യങ്ങളും സമൂഹങ്ങളുടെ പ്രത്യേകസിദ്ധികളും മനസ്സിലാക്കി ദൈവത്തിന്റെ അജഗണത്തിന് ശുശ്രൂഷ ചെയ്യാനും, അതിലേക്കായി സഹോദര്യപൂർവ്വം ഒരുമിച്ച് പ്രവൃത്തിക്കാനും ജൂൺ 26 വ്യാഴാഴ്ച വത്തിക്കാനിൽ നടന്ന സ്കലബ്രീനിയൻ, റെഡംപ്റ്ററിസ്റ് സഭകളിൽനിന്നുള്ള മെത്രാൻമാരുടെ സംയുക്തസമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അജപാലനരംഗത്ത് ആശയങ്ങൾ പങ്കുവച്ചും പരസ്പരസഹകരണമനോഭാവത്തോടെയും മുന്നോട്ട് പോകാൻ സ്കലബ്രീനിയൻ, റെഡംപ്റ്ററിസ്റ് സഭകളിൽനിന്നുള്ള മെത്രാൻമാരോട് ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 26 വ്യാഴാഴ്ച വത്തിക്കാനിൽ നടന്ന ഇരുസഭാസമൂഹങ്ങളിൽനിന്നുമുള്ള മെത്രാന്മാരുടെ സംയുക്തസമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രതിസന്ധികളുടെയും ബുദ്ധിമുട്ടുകളുടെയും ഈ ലോകത്ത്, തങ്ങളുടേതായ സിദ്ധികളും സഭാസ്ഥാപകരുടെ ഉദ്ദേശ്യലക്ഷ്യങ്ങളും മനസ്സിലാക്കി ജീവിക്കാൻ പാപ്പാ മെത്രാന്മാരെ ക്ഷണിച്ചത്.

സ്കലബ്രീനിയൻ സഭയിലെയും റെഡംപ്റ്ററിസ്റ് സഭയിലെയും മെത്രാന്മാർ ഒരുമിച്ച് തങ്ങളുടെ അജപാലനകാര്യങ്ങളുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവയ്ക്കുന്നതിനെ പ്രത്യേകം അഭിനന്ദിച്ച പാപ്പാ. ഇത് മെത്രാന്മാരെ മാത്രമല്ല, നിങ്ങളുടെ സഭകളെയും ദൈവജനം മുഴുവനെയും സമ്പന്നമാക്കുന്ന ഒരു പങ്കുവയ്‌പ്പാണെന്ന് പ്രസ്താവിച്ചു.

സന്ന്യസ്തദൈവവിളികൾ കുറഞ്ഞ ഇക്കാലത്ത്, തങ്ങളുടെ ഒരു അംഗത്തെ വിട്ടുനൽകുന്നത് എളുപ്പമുള്ള കാര്യമല്ലെങ്കിലും, തങ്ങളുടെ ഒരംഗം ആഗോളസഭയ്ക്കായി സേവനം ചെയ്യുന്നത് ഏതൊരു സന്നസ്തസഭയെ സംബന്ധിച്ചിടത്തോളവും വലിയ സന്തോഷത്തിന് കാരണമാണെന്ന് ലിയോ പാപ്പാ ഓർമ്മിപ്പിച്ചു.

സ്കലബ്രീനിയൻ സഭയിലെയും റെഡംപ്റ്ററിസ്റ് സഭയിലെയും അംഗങ്ങൾ എന്ന നിലയിൽ, കുടിയേറ്റക്കാർക്കുള്ള ശുശ്രൂഷ, പാവപ്പെട്ടവരുടെയും വിദൂരദേശങ്ങളിലായിരിക്കുന്നവരുടെയും സുവിശേഷവത്കരണം തുടങ്ങി വലിയ രണ്ട് കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നതെന്ന് ഇരു സന്ന്യസ്തസഭകളുടെയും പ്രത്യേക സിദ്ധികളെ പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.

റെഡംപ്റ്ററിസ്റ് സമൂഹവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി തെക്കൻ ഇറ്റലിയിലെ നേപ്പിൾസ് നഗരത്തിലെ ദുരിതങ്ങൾ നേരിട്ട് കണ്ടപ്പോഴാണ്, സുഖകരമായ ഒരു ജീവിതവും ഉദ്യോഗവും വേണ്ടെന്നുവെച്ച് സമൂഹത്തിലെ താഴേക്കിടയിൽ ഉള്ളവരിലേക്ക് സുവിശേഷമെത്തിക്കാനുള്ള നിയോഗം ഏറ്റെടുത്തതെന്ന് ഓർമ്മിപ്പിച്ചു.

തങ്ങളുടെ നാടും വീടും വിട്ട് മെച്ചപ്പെട്ട ഒരു ഭാവിക്കുവേണ്ടി അകലങ്ങളിലേക്ക് പോകുന്ന മനുഷ്യരുടെ പ്രതീക്ഷകളും വേദനകളും സ്വന്തമാക്കാൻ സാധിച്ച വ്യക്തയായിരുന്നു വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് സ്കലബ്രീനിയെന്ന് പാപ്പാ അനുസ്മരിച്ചു.

പ്രത്യാശയുടെ ജൂബിലി ആഘോഷിക്കുന്ന നാം, നിരവധി നല്ല അവസരങ്ങളും എന്നാൽ അതോടൊപ്പം നിരവധി പ്രതിസന്ധികളും, വൈരുധ്യങ്ങളും നിലനിൽക്കുന്ന ഒരു കാലത്താണ് ജീവിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ദൈവസ്നേഹത്തിന്റെ സ്വരം ശ്രവിച്ച് അതനുസരിച്ച് പ്രവർത്തിക്കണമെന്ന് മെത്രാന്മാരെ ആഹ്വാനം ചെയ്തു.

നമുക്ക് മുൻപേ പോകുന്ന കർത്താവിന്റെ പ്രവൃത്തികളോട് അനുരൂപപ്പെട്ട് അവന് പിന്നാലെ സഞ്ചരിക്കാൻ നമുക്കും സാധിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവിന്റെ അജഗണത്തിനായി, സഹോദര്യത്തിന്റേതായ രീതിയിൽ പരസ്പരം ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ ഇരുസന്ന്യസ്തസഭകളിൽനിന്നുമുള്ള മെത്രാന്മാരോട് പാപ്പാ ആവശ്യപ്പെട്ടു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ജൂൺ 2025, 18:13