പൗരോഹിത്യസ്വീകരണത്തിന്റെ നാൽപ്പത്തിമൂന്നാം വാർഷികാഘോഷത്തിൽ ലിയോ പതിനാലാമൻ പാപ്പാ
അന്ത്രെയാ തൊർണിയെല്ലി, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പൗരോഹിത്യജീവിതത്തിന്റെ നാൽപ്പത്തിമൂന്നാം വാർഷികദിനത്തിൽ ലിയോ പതിനാലാമൻ പാപ്പാ. നാൽപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് 1982 ജൂൺ 19-ന് വത്തിക്കാന് തൊട്ടടുത്തുള്ള വിശുദ്ധ മോനിക്കയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ വച്ചാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ബെൽജിയത്തിൽനിന്നുള്ള ആർച്ച്ബിഷപ് ഷാൻ ഷദോ (Archbishop Jean Jadot) ആയിരുന്നു റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് എന്ന ഇന്നത്തെ ലിയോ പതിനാലാമൻ പാപ്പായെ പുരോഹിതനായി അഭിഷേകം ചെയ്‌തത്.
വിശുദ്ധ തോമസ് അക്വിനാസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനികനിയമം പഠിച്ചതിന് ശേഷം, തന്റെ ഇരുപത്തിയേഴാം വയസ്സിലാണ് അദ്ദേഹം പുരോഹിതനായത്. അഗസ്റ്റീനിയൻ സഭയിൽ ചേർന്ന അദ്ദേഹം 1981-ൽ തന്റെ നിത്യവ്രതവാഗ്ദാനം നടത്തിയിരുന്നു. 1985-ൽ തെക്കേ അമേരിക്കയിലെ പെറുവിലുള്ള ചുളുക്കാനാസ് മിഷനിലേക്ക് അദ്ദേഹം അയക്കപ്പെട്ടു.
വിശുദ്ധ അഗസ്റ്റിന്റെ 339-ആം പ്രഭാഷണത്തെ അധികരിച്ച് "നിങ്ങളെ സാധാരണ അപ്പം കൊണ്ട് പോറ്റുകയെന്നത് എനിക്ക് കഴിയാത്ത കാര്യമാണ്. എന്നാൽ ഈ തിരുവചനം നിങ്ങളുടെ ഓഹരിയാണ്. എന്നെ പോഷിപ്പിക്കുന്ന അതേ മേശയിൽനിന്നാണ് ഞാൻ നിങ്ങളെ പോറ്റുന്നത്. ഞാൻ നിങ്ങളുടെ സേവകനാണ്" എന്ന വാക്കുകളും, ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു റഷ്യൻ ഐക്കണുമുള്ള ഒരു കാർഡായിരുന്നു ഫാ. റോബർട്ട് പ്രേവോസ്റ്റ് തന്റെ പൗരോഹിത്യസ്വീകരണാവസരത്തിൽ ഏവർക്കും വിതരണം ചെയ്‌തത്. സേവനം ചെയ്യാനായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന വിശുദ്ധ അഗസ്റ്റിന്റെ ഉദ്‌ബോധനം ഉള്ളിൽ സ്വീകരിച്ചായിരുന്നു അദ്ദേഹം ഈ വാക്യങ്ങൾ തിരഞ്ഞെടുത്തത്.
2023 സെപ്റ്റംബർ 30-ന് ഡീക്കൻ പദവിയിലുള്ള കർദ്ദിനാളായി ഉയർത്തപ്പെട്ടപ്പോൾ അദ്ദേഹത്തിന് നൽകപ്പെട്ട സ്ഥാനികദേവാലയവും അദ്ദേഹത്തിന്റെ പൗരോഹിത്യസ്വീകരണത്തിന് ഇടമായ വിശുദ്ധ മോനിക്കയുടെ നാമധേയത്തിലുള്ള ഇതേ ദേവാലയമായിരുന്നു. മെത്രാന്മാർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ ലിയോ പാപ്പാ താമസിച്ചുവരുന്ന വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി സ്ഥിതിചെയ്യുന്ന കെട്ടിടസമുച്ചയത്തിനടുത്തുതന്നെയാണ് ഈ ദേവാലയം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: