കത്തോലിക്കാ കുടിയേറ്റക്കാരുടെ വിശ്വാസം പ്രധാനപ്പെട്ടത്: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇറ്റലിയിൽനിന്ന് മെച്ചപ്പെട്ട ഒരു ജീവിതം തേടി വടക്കേ അമേരിക്കയിലേക്ക് കുടിയേറിയവരിൽ പൊതുവായി കാണാവുന്ന ഒന്ന് അവരുടെ കത്തോലിക്കാ വിശ്വാസമാണെന്നും, ബുദ്ധിമുട്ടുകളുടെ അവസരങ്ങളിൽ അതവർക്ക് താങ്ങും തുണയുമായി നിന്നിരുന്നുവെന്നും ലിയോ പതിനാലാമൻ പാപ്പാ. വടക്കേ അമേരിക്കയിലെത്തിയ ഇറ്റാലിയൻ കുടിയേറ്റക്കാർ, അവരുടെ പ്രത്യേകമായ പാരമ്പര്യങ്ങളും ഭക്തിയും അമേരിക്കയിലും തുടർന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ഇറ്റാലിയൻ അമേരിക്കൻ ദേശീയ ഫൗണ്ടേഷന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ വത്തിക്കാനിലെത്തിയ സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക്, ജൂൺ നാലാം തീയതി ബുധനാഴ്ച രാവിലെ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ച്ചയിൽ സംസാരിക്കവെ, സംഘടന ഇറ്റലിയിലും അമേരിക്കയിലും വിദ്യാർത്ഥികൾക്ക് നിരവധി സ്‌കോളർഷിപ്പുകൾ ഏർപ്പെടുത്തിയിരിക്കുന്നതിനെയും, കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെയും പാപ്പാ അഭിനന്ദിക്കുകയും ഇത് ഇരുരാജ്യങ്ങൾക്കും ഉപകാരപ്രദമാകുന്നതും, സമൂർത്തവുമായ ബന്ധം കാത്തുസൂക്ഷിക്കാൻ സഹായിക്കുമെന്ന് പ്രസ്താവിച്ചു.
ഭാവി നമ്മിലേക്ക് എന്താണ് കൊണ്ടുവരികയെന്ന് അറിയില്ലാത്ത ഒരവസരത്തിൽ, നല്ല കാര്യങ്ങൾ വന്നുചേരുമെന്ന പ്രതീക്ഷയിൽ അടങ്ങിയിരിക്കുന്ന "പ്രത്യാശയിൽ” അടിസ്ഥാനമിട്ടിരിക്കുന്ന ജൂബിലി വർഷത്തിലാണ് സംഘടനാംഗങ്ങൾ വത്തിക്കാനിലെത്തിയിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സഭയെ അതിന്റെ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ ശക്തിപ്പെടുത്തിയ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും, മറ്റനേകം വിശുദ്ധരുടെയും കല്ലറകളുള്ള ഇവിടേക്കുള്ള യാത്ര, നിങ്ങളിലെ പ്രത്യാശയെ വളർത്തട്ടെയെന്ന് ആശംസിച്ചു.
നിങ്ങൾക്ക് മുൻപേ കടന്നുപോയവർ കാത്തുസൂക്ഷിച്ച ആദ്ധ്യാത്മിക, സാംസ്‌കാരിക പൈതൃകം നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും കാത്തുസൂക്ഷിക്കുമെന്നാണ് താൻ പ്രത്യാശിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.
സാധാരണ പാപ്പാ അനുവദിക്കുന്ന കൂടിക്കാഴ്ചകളിലെന്നപോലെ ഇത്തവണയും ലത്തീൻഭാഷയിലാണ് ആശീർവാദം തയ്യാറാക്കിയിരുന്നതെങ്കിലും സന്ദർശകരുടെ ഭാഷ കൂടി കണക്കിലെടുത്ത് ഇംഗ്ലീഷ് ഭാഷയിലാണ് പാപ്പാ ഏവർക്കും ആശീർവാദം നൽകിയത്.
കൂടിക്കാഴ്ചയ്ക്കായി അല്പം വൈകിയെത്തിയ പാപ്പാ, സംഘടനാംഗങ്ങൾ തനിക്കായി കാത്തിരിക്കേണ്ടിവന്നതിൽ ഖേദം പ്രകടിപ്പിക്കുകയും, ഈ ദിവസം രാവിലെ നാല് കൂടിക്കാഴ്ചകൾ ഒരുമിച്ച് വന്നതിനാലാണ് ഇത് സംഭവിച്ചതെന്ന് പറയുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയ്‌ക്കെത്തിയ ഏവരെയും പാപ്പാ വ്യക്തിപരമായി അഭിവാദ്യം ചെയ്‌തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: