MAP

നവവൈദികനോത്ത് ലിയോ പതിനാലാമൻ പാപ്പാ നവവൈദികനോത്ത് ലിയോ പതിനാലാമൻ പാപ്പാ   (ANSA)

വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: പാപ്പാ

പൗരോഹിത്യ വിശുദ്ധീകരണ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള വൈദികർക്ക് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യേശുവിന്റെ തിരുഹൃദയ തിരുനാൾ ആഘോഷിക്കുന്ന ജൂൺ മാസം ഇരുപത്തിയേഴാം തീയതി പൗരോഹിത്യ വിശുദ്ധീകരണ ദിനമായും ആചരിക്കപ്പെടുന്നു. തദവസരത്തിൽ, ലോകമെമ്പാടുമുള്ള വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട്, അവർക്ക് പ്രാർത്ഥനകളും ആശംസകളും നേർന്നുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. സ്നേഹത്താൽ മുറിയപ്പെട്ട യേശുവിന്റെ ഹൃദയത്തിലാണ് പൗരോഹിത്യത്തിന്റെ ഏകത മനസിലാക്കുവാൻ സാധിക്കുന്നതെന്നു അടിവരയിട്ടു പറഞ്ഞ പാപ്പാ, നല്ല ഇടയന്റെ മാതൃകയിലേക്ക് നമ്മെ പരിവർത്തനം ചെയ്യുന്നതും കാരുണ്യത്താൽ ജ്വലിക്കുന്ന യേശുവിന്റെ ഹൃദയം തന്നെയാണെന്നും കൂട്ടിച്ചേർത്തു.

ദൈവജനത്തിന്റെ സേവനത്തിൽ നമ്മുടെ സമ്പൂർണ്ണ ദാനത്തിലേക്കുള്ള ആഹ്വാനത്തെ പുതുക്കുന്നതാണ് ഇന്നത്തെ തിരുനാളിന്റെ പ്രത്യേകതയെന്നു പാപ്പാ പറഞ്ഞു. ഈ ദൗത്യം പ്രാർത്ഥനയിലാണ് ആരംഭിക്കേണ്ടതെന്നും, കർത്താവുമായുള്ള ഐക്യത്തിൽ തുടർന്നുകൊണ്ടുപോകണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. "വിശാലവും അടിത്തട്ടില്ലാത്തതുമായ ഒരു വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെയാണ് " പൗരോഹിത്യമെന്ന കൃപയുടെ സ്വീകരണത്തെ അനുസ്മരിക്കേണ്ടതെന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

കർത്താവ് നമുക്ക് നൽകിയ ഈ കൃപയെ  എപ്പോഴും ഓർക്കണമെന്നും, അപ്രകാരം  മാത്രമേ ക്രിസ്തുവിന്റെ ഹൃദയത്തിലും ക്രിസ്തുവിന്റെ ജീവിതത്തിലും നമ്മുടെ ഹൃദയങ്ങളെ ഏകീകരിക്കുവാൻ സാധിക്കുകയുള്ളൂവെന്നും പാപ്പാ പറഞ്ഞു. അങ്ങനെ സ്നേഹത്തിൽ അനുരഞ്ജനം ചെയ്യപ്പെട്ട ഒരു ലോകത്തിനായി ജനത്തിന് വചനവും രക്ഷയുടെ കൂദാശകളും കൊണ്ടുവരുവാൻ വൈദികർക്ക് സാധിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. അങ്ങനെ യേശുവിന്റെ ഹൃദയത്തിൽ മാത്രമാണ്, ദൈവമക്കളും, പരസ്പരം സഹോദരങ്ങളും ആണെന്നുള്ള തിരിച്ചറിവിലേക്ക് കടന്നെത്തുവാൻ നമുക്ക് സാധിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഐക്യത്തിന്റെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകുവാനും പാപ്പാ പ്രത്യേകം വൈദികരെ ക്ഷണിക്കുന്നു.

കുടുംബങ്ങളിലും സഭാ സമൂഹങ്ങളിലും പോലും വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു ലോകത്ത്, അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ സൃഷ്ടിക്കുന്നതിനും വൈദികർക്കുള്ള കടമയെ പാപ്പാ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. ഐക്യത്തിന്റെയും സമാധാനത്തിന്റെയും ശില്പികളാകുക എന്നതിനർത്ഥം  വിവേചനശക്തിയോടെ, നമ്മെ ഏൽപ്പിച്ചിരിക്കുന്ന ജീവിതത്തിന്റെ ശകലങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ട്, അസ്തിത്വത്തിന്റെ കഷ്ടപ്പാടുകൾക്കുള്ളിൽ സുവിശേഷത്തിന്റെ വെളിച്ചം കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിന് കഴിവുള്ള അജപാലകരായി  മാറുക എന്നതാണെന്നും പാപ്പാ അടിവരയിട്ടുപറഞ്ഞു.

നൈമിഷികമായ വികാരങ്ങൾക്കുമപ്പുറം, ഭയവും പ്രദർശനങ്ങളും ഒഴിവാക്കിക്കൊണ്ട്  യാഥാർഥ്യങ്ങളെ ഉൾക്കൊള്ളണമെന്നും,  സാഹോദര്യത്തിന്റെ ശൈലി തിളങ്ങുന്ന സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനായി വിശ്വാസം സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഇടയ നിർദ്ദേശങ്ങൾ നൽകണമെന്നും, ഇവയൊക്കെയാണ് യഥാർത്ഥ അജപാലകരുടെ  ലക്ഷണങ്ങളെന്നും പാപ്പാ കൂട്ടിച്ചേർത്തു. സേവനത്തിലാണ് ഈ ദൗത്യം മനസിലാക്കേണ്ടതെന്നും പാപ്പാ പ്രത്യേകം സൂചിപ്പിച്ചു.

പൗരോഹിത്യ സാഹോദര്യം പുരോഹിതന്മാരുടെ പൊതുവായ യാത്രയുടെ സവിശേഷതയാകുമ്പോൾ അത് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണെന്നും പാപ്പാ സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. അതിനാൽ കർത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല, മറിച്ച്, പരിവർത്തനത്തിനായി തുറവുള്ളതും,  നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ തയ്യാറുള്ളതുമായ താഴ്മയുള്ള ഹൃദയങ്ങളെയാണെന്നും  പാപ്പാ പറഞ്ഞു.

ഈ ജൂബിലി വർഷത്തിൽ പ്രത്യാശയുടെ തീർത്ഥാടകരാകുവാനും, പ്രാർത്ഥനയിലും, ക്ഷമയിലും, പാവങ്ങളോടും, കുടുംബങ്ങളോടുള്ള സാമീപ്യത്തിലും, സത്യമന്വേഷിക്കുന്ന യുവജനങ്ങളോടുള്ള അടുപ്പത്തിലും ആയിരിക്കുവാൻ വൈദികർക്ക് സാധിക്കട്ടെയെന്നു ആശംസിച്ച പാപ്പാ, വിശുദ്ധനായ ഒരു വൈദികൻ തനിക്കുചുറ്റുമുള്ളവയെയെല്ലാം വിശുദ്ധമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ജൂൺ 2025, 14:43