ജീവിതമാതൃകകൊണ്ട് വിശ്വാസസാക്ഷ്യം നൽകി ശുശ്രൂഷ ചെയ്യാൻ മെത്രാന്മാരെ ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇടയന്മാരാകുന്നതിന് മുൻപ്, താനും മെത്രാന്മാരുമുൾപ്പെടെയുള്ളവർ കർത്താവിന്റെ അജഗണത്തിന്റെ ഭാഗമാണെന്ന ചിന്ത മനസ്സിൽ സൂക്ഷിക്കണമെന്നും, അതുകൊണ്ടുതന്നെ രക്ഷകനായ ക്രിസ്തുവാകുന്ന വിശുദ്ധവാതിൽ തങ്ങളും കടക്കണമെന്നുമുള്ള ചിന്ത മെത്രാന്മാരുമായി പങ്കുവച്ച് ലിയോ പതിനാലാമൻ പാപ്പാ. നല്ലിടയനായ ക്രിസ്തുവിൽ നവീകരിക്കപ്പെട്ട് അവന്റെ ഹൃദയവികാരങ്ങളോട് ചേർന്ന് വളർന്നുകൊണ്ടേ തങ്ങളിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ ശരിയായ രീതിയിൽ നയിക്കാനാകൂ എന്ന് പാപ്പാ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മെത്രാന്മാരെ ഉദ്‌ബോധിപ്പിച്ചു. മെത്രാന്മാരുടെ ജൂബിലിയുമായി ബന്ധപ്പെട്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ കടന്നെത്തിയ മുന്നൂറോളം മെത്രാന്മാരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ, സ്വജീവിതം കൊണ്ട് വിശ്വാസജീവിതത്തിന് സാക്ഷ്യം നൽകി മുന്നേറേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചു.
ഫ്രാൻസിസ് പാപ്പാ പ്രത്യേകമായി തിരഞ്ഞെടുത്ത, “2പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലെന്ന” ജൂബിലിയുടെ സന്ദേശം ഉള്ളിൽ കൊണ്ടുനടക്കാനും, അത് ഏവരിലേക്കും എത്തിക്കാനും തങ്ങളുടെ ജീവിതം കൊണ്ട് അതിന് സാക്ഷികളായി മാറാനും പാപ്പാ മെത്രാന്മാരെ ക്ഷണിച്ചു. ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായതും സഭയിലെ ശുശ്രൂഷയ്ക്കായി പൂർണ്ണമായി സമർപ്പിക്കപ്പെട്ടതുമായ ഒരു ജീവിതമാണ് മെത്രാന്മാർ നയിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
തന്നിൽ ഏൽപ്പിക്കപ്പെട്ട പ്രാദേശികസഭയിൽ ഐക്യത്തിന്റെ ദൃശ്യമായ അടയാളമായി മെത്രാൻ മാറേണ്ടതുണ്ടെന്ന് പറഞ്ഞ പാപ്പാ, സഭയ്ക്കുള്ളിലെ അംഗങ്ങൾ തമ്മിലും ആഗോളസഭയുമായുമുള്ള ഐക്യം വളർത്താനും, സുവിശേഷം പ്രഘോഷിക്കാനും ഇടയന്മാരെന്ന നിലയിൽ മെത്രാന്മാർ തങ്ങളുടേതായ സംഭാവനകൾ നൽകണമെന്ന് ഉദ്‌ബോധിപ്പിച്ചു.
മെത്രാൻ ദൈവശാസ്ത്രപരമായ ജീവിതത്തിന്റെ മനുഷ്യനായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തന്നിൽ വിശ്വാസവും പ്രത്യാശയും കാരുണ്യവും വളർത്തുകയും വലുതാക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോട് യോജിച്ചുകൊണ്ട് വേണം മെത്രാൻ ജീവിക്കേണ്ടത്.
ഹെബ്രായർക്കുള്ള ലേഖനം പതിനൊന്നാം അദ്ധ്യായം ഉദ്ധരിച്ചുകൊണ്ട്, മെത്രാൻ വിശ്വാസത്തിന്റെ ഒരു മനുഷ്യനായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മോശയെപ്പോലെ ജനത്തിന് വേണ്ടി മദ്ധ്യസ്ഥ്യം വഹിക്കാനുള്ള വിളിയെക്കുറിച്ച് പാപ്പാ പ്രത്യേകം പ്രതിപാദിച്ചു.
മെത്രാൻ പ്രത്യാശയുടെ ഒരു മനുഷ്യനായിരിക്കണമെന്ന് പറഞ്ഞ പാപ്പാ, ഇടയാനെന്ന നിലയിൽ തന്നിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന, ജീവിതത്തിന്റെ എല്ലാ നിലകളിലുമുള്ള വ്യക്തികളെ വിശ്വാസജീവിതത്തിൽ സഹായിക്കാനുള്ള മെത്രാന്റെ ചുമതല എടുത്തുപറഞ്ഞു. ഏവരെയും ഒരുമിച്ച് ഐക്യത്തിൽ നിലനിറുത്താനുള്ള വിളിയാണ് മെത്രാനുള്ളത്.
അജപാലനപരമായ കാരുണ്യത്തിന്റെ മനുഷ്യനായിരിക്കണം മെത്രാനെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, പ്രഭാഷണങ്ങളിലും വിവിധ സമൂഹങ്ങളെ സന്ദർശിക്കുന്നതിലും വൈദികരെയും ഡീക്കന്മാരെയും ശ്രവിക്കുന്നതിലും, ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും മെത്രാൻ ഇടയനായ ക്രിസ്തുവിന്റെ കാരുണ്യത്താൽ നയിക്കപ്പെടണമെന്ന് ഓർമ്മിപ്പിച്ചു. തന്റെ കൂടെയുള്ള മെത്രാന്മാരുൾപ്പെടെയുള്ളവർക്ക്, പ്രത്യേകിച്ച് ബുദ്ധിമുട്ടുകളിലൂടെയും രോഗങ്ങളിലൂടെയും കടന്നുപോകുന്നവർക്ക് സഹോദര്യസ്നേഹത്തിന്റെ മാതൃക നൽകാനും മെത്രാന്മാർക്ക് കടമയുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
മെത്രാന്മാർ ജീവിക്കേണ്ട അജപാലനപരമായ വിവേകം, സുവിശേഷാത്മകമായ ദാരിദ്ര്യം, ബ്രഹ്മചര്യം, ജീവിതവിശുദ്ധി, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. മാനുഷികമായ മൂല്യങ്ങളും മെത്രാന്മാരിലുണ്ടായിരിക്കണെമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വിശ്വസ്തത, സത്യസന്ധത, തുറന്ന മനോഭാവം, ഹൃദയത്തിന്റെയും മനസ്സിന്റെയും വിശാലത, സന്തോഷിക്കുന്നവർക്കൊപ്പം സന്തോഷിക്കാനും ദുഃഖിക്കുന്നവർക്കൊപ്പം ദുഃഖിക്കാനുമുള്ള കഴിവ്, അവനവന്റെമേലുള്ള നിയന്ത്രണം, ക്ഷമ, മറ്റുള്ളവരെ ശ്രവിക്കാനും, അവരോട് സംവദിക്കാനുമുള്ള കഴിവ്, ശുശ്രൂഷാമനോഭാവം തുടങ്ങി നിരവധി മൂല്യങ്ങൾ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: