മാതാവിനോടൊപ്പം നമുക്കും യാത്ര ചെയ്യാം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കത്തോലിക്കാ സഭ ജൂബിലി ആഘോഷിക്കുന്ന വേളയിൽ മരിയൻ മാസ ആചരണത്തിനു വിവിധങ്ങളായ പ്രത്യേകതകൾ ഉൾച്ചേരുന്നു എന്ന് പറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ മരിയൻ മാസത്തിന്റെ ഉപസംഹാരത്തിൽ, വത്തിക്കാൻ ഉദ്യാനത്തിൽ വച്ച് ജപമാല പ്രാർത്ഥനാവേളയിൽ സന്ദേശം നൽകിയത്. സ്തുതി, യാത്ര, പ്രത്യാശ, ധ്യാനാത്മകവും, ചേർന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വാസം എന്നിവയാണ് ആ വിവിധ ഭാവങ്ങളെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. പരിശുദ്ധ മറിയത്തിന്റെ മാതൃവാത്സല്യത്തിന്റെ തണലിൽ, ലളിതവും എന്നാൽ ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ ഒത്തുചേർന്നത്, വിശ്വാസത്തിന്റെ അടയാളമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, ജപമാല പ്രാർത്ഥനയെ വിവരിച്ചുകൊണ്ടു പറഞ്ഞ വാക്കുകളൂം, പാപ്പാ അനുസ്മരിപ്പിച്ചു. " മരിയൻ മുഖലക്ഷണശാസ്ത്രവും, ക്രിസ്തുശാസ്ത്രപരമായ ഹൃദയവുമുള്ള ഒരു പ്രാർത്ഥനയാണ് ജപമാല, അത് മുഴുവൻ സുവിശേഷ സന്ദേശത്തിന്റെയും ആഴം സ്വയം കേന്ദ്രീകരിക്കുന്നു" എന്നാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞിട്ടുള്ളത്.
"സന്തോഷത്തിന്റെ രഹസ്യങ്ങൾ" അർപ്പിക്കുന്ന അവസരത്തിൽ യേശുവിന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട സംഭവങ്ങളെ പറ്റി ധ്യാനിക്കുകയും, അവയോടൊപ്പം തീർത്ഥാടനം നടത്തുകയും ചെയ്തതിനെപ്പറ്റിയും പാപ്പാ എടുത്തു പറഞ്ഞു. ഇപ്രകാരം ഈ പ്രാർത്ഥന ചൊല്ലുന്ന അവസരത്തിൽ, നാം വയ്ക്കുന്ന ഓരോ ചുവടുകളും ദൈവവചനത്താൽ, നിറഞ്ഞതാണെന്നും പാപ്പാ അടിവരയിട്ടു.
നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയിൽ ഉൾച്ചേർന്നിരിക്കുന്ന, മാതാവിന് ഗബ്രിയേൽ ദൂതൻ നൽകുന്ന അഭിവാദ്യവും, തന്റെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുന്ന അവസരത്തിൽ, "നീ സ്ത്രീകളിൽ അനുഗൃഹീത, നിന്റെ ഉദരഫലവും അനുഗൃഹീതം" എന്ന എലിസബത്തിന്റെ അഭിവാദ്യവും പാപ്പാ ചൂണ്ടിക്കാട്ടി.
പഴയനിയമത്തിൽ ഇസ്രായേൽ ജനത നടത്തിയ വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയും ജപമാല പ്രാർത്ഥനയുടെ ഒരു ഭാവം ആണെന്നും പാപ്പാ പറഞ്ഞു. അതിനാൽ നമ്മുടെ ജീവിതവും മറിയത്തെ പോലെ യേശുവിനെ പിൻപറ്റുന്നതായിരിക്കട്ടെ എന്നും പാപ്പാ ആശംസിച്ചു.
"നമ്മുടെ ജീവിതത്താലും നാവുകൊണ്ടും ഹൃദയത്താലും അധരങ്ങളാലും ശബ്ദത്താലും പെരുമാറ്റത്താലും" എല്ലാ ദിവസവും ഭിന്നത ഒഴിവാക്കിക്കൊണ്ട് ജീവിതവുമായി പൊരുത്തപ്പെടുന്ന നാവും മനസ്സാക്ഷിയുമായി ദൈവത്തെ സ്തുതിക്കുവാൻ സാധിക്കണമെന്നും" , വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: