MAP

ലിയോ പതിനാലാമൻ പാപ്പാ മെയ് മാസത്തിൽ കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലെത്തിയപ്പോൾ ലിയോ പതിനാലാമൻ പാപ്പാ മെയ് മാസത്തിൽ കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലെത്തിയപ്പോൾ  (ANSA)

ലിയോ പതിനാലാമൻ പാപ്പായുടെ വേനൽക്കാല പദ്ധതികൾ വിവരിച്ച് പൊന്തിഫിക്കൽ പ്രീഫെക്ച്ചർ

ജൂലൈ ആറാം തീയതി ലിയോ പതിനാലാമൻ പാപ്പാ, മാർപാപ്പാമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് പോകുമെന്നും ജൂലൈ 20-ന് വത്തിക്കാനിൽ തിരികെയെത്തുമെന്നും കൂരിയായിലെ പാപ്പായുടെ പൊതുകൂടിക്കാഴ്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ക്രമപ്പെടുത്തുന്ന വിഭാഗം ജൂൺ 17 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു അറിയിപ്പിലൂടെ വ്യക്തമാക്കി. ഓഗസ്റ്റ് 15 മുതൽ 17 വരെ തീയതികളിലും പാപ്പാ ഈ കൊട്ടാരത്തിലായിരിക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പായുടെ വേനൽക്കാല പദ്ധതികളിൽനിന്ന് വ്യത്യസ്തമായി, ലിയോ പതിനാലാമൻ പാപ്പാ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ, മാർപാപ്പാമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോ പ്രദേശത്തുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക്  പോകുമെന്ന് പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ എന്ന വത്തിക്കാൻ കൂരിയയിലെ വിഭാഗം അറിയിച്ചു. ഇതോടൊപ്പം പാപ്പായുടെ വേനൽക്കാലപദ്ധതികളും പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളും യാത്രകളും സംബന്ധിച്ച കൂടുതൽ വിവരങ്ങളും പ്രീഫെക്ച്ചർ പങ്കുവച്ചു.

ജൂലൈ 6 ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാസിൽ ഗണ്ടോൾഫോയിലേക്ക് പോകുന്ന പാപ്പാ ജൂലൈ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞായിരിക്കും വത്തിക്കാനിൽ തിരികെയെത്തുക. വിശ്രമത്തിനായാണ് പാപ്പാ ഇവിടെയുള്ള വേനൽക്കാലവസതിയിലേക്ക് പോകുന്നതെങ്കിലും ഇതിനിടെ, ജൂലൈ 13 ഞായറാഴ്ച്ച ഈ പ്രദേശത്തുള്ള വില്ലനോവയിലെ സെന്റ് തോമസ് ഇടവകയിൽ രാവിലെ 10 മണിക്ക് വിശുദ്ധ ബലിയർപ്പിക്കും.

ജൂലൈ 20 ഞായറാഴ്ച രാവിലെ 9.30-ന് അൽബാനോയിലുള്ള കത്തീഡ്രലിൽ പാപ്പാ വിശുദ്ധ ബലിയർപ്പിക്കും. അന്ന് ഉച്ചകഴിഞ്ഞ് പാപ്പാ വത്തിക്കാനിൽ തിരികെയെത്തും.

ജൂലൈ 13, 20 ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് പാപ്പാ, കാസിൽ ഗണ്ടോൾഫോയിലുള്ള "സ്വാതന്ത്ര്യത്തിന്റെ ചത്വരം" എന്നയിടത്തുവച്ച് "കർത്താവിന്റെ മാലാഖ" എന്നുതുടങ്ങുന്ന പ്രാർത്ഥന നയിക്കുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്യും.

ജൂലൈ മാസത്തിൽ പാപ്പാ സ്വകാര്യകൂടിക്കാഴ്ചകൾ അനുവദിക്കുന്നില്ലെന്നും, 2, 9, 16, 23 തീയതികളിൽ പൊതുകൂടിക്കാഴ്ചകൾ ഉണ്ടായിരിക്കില്ലെന്നും പ്രീഫെക്ച്ചർ തങ്ങളുടെ അറിയിപ്പിൽ വ്യക്തമാക്കി. എന്നാൽ ജൂലൈ 30 ബുധനാഴ്ച വത്തിക്കാനിൽ വച്ച് പാപ്പായുടെ പൊതുകൂടിക്കാഴ്ച ഉണ്ടായിരിക്കും.

ഓഗസ്റ്റ് പതിനഞ്ച് മുതൽ പതിനേഴ് വരെ തീയതികളിലും പാപ്പാ കാസിൽ ഗണ്ടോൾഫോയിലായിരിക്കും ചിലവഴിക്കുക. ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇവിടെയുള്ള പൊന്തിഫിക്കൽ ഇടവകയിൽ പാപ്പാ വിശുദ്ധ ബലിയർപ്പിക്കും. അന്നും, ഓഗസ്റ്റ് 17 ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണിക്കും കാസിൽ ഗണ്ടോൾഫോയിലുള്ള "സ്വാതന്ത്ര്യത്തിന്റെ ചത്വരം" എന്നയിടത്തുവച്ച് പാപ്പാ പ്രാർത്ഥന നയിക്കുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്യും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാപ്പാ വത്തിക്കാനിലേക്ക് തിരികെയെത്തും.

കഴിഞ്ഞ മെയ് മാസത്തിൽ ലിയോ പതിനാലാമൻ പാപ്പാ കാസിൽ ഗണ്ടോൾഫോ സന്ദർശിച്ചിരുന്നു.

റോമൻ കാലത്തുള്ള ദോമീസ്യൻ ചക്രവർത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പാമാർ വേനൽക്കാലവസതിയായി ഉപയോഗിക്കുന്ന വില്ല. പിന്നീട് ഗണ്ടോൾഫി ഡ്യൂക്ക് കുടുംബത്തിന്റേതായി മാറിയ ഈ കെട്ടിടം, ഉർബൻ എട്ടാമൻ പാപ്പാ 1623-നും 1644-നും ഇടയിൽ പുനരുദ്ധരിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജൂൺ 2025, 17:42