MAP

തുഷാർ ഗാന്ധി തുഷാർ ഗാന്ധി 

പ്രത്യാശയുടെ തീനാമ്പുകൾ: തുഷാർ ഗാന്ധിയുൾപ്പെടെയുള്ളവർക്ക് ലിയോ പതിനാലാമൻ പാപ്പായുടെ അഭിവാദ്യം

"പ്രത്യാശയുടെ തീനാമ്പുകൾ" എന്ന പ്രസ്ഥാനത്തിന്റെ കോൺഫറൻസ് റോമിൽ നടന്നുവരവെ, വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ, മഹാത്മാഗാന്ധിയുടേതുൾപ്പെടെ മുൻ ലോകനേതാക്കളുടെ കൊച്ചുമക്കൾ പങ്കെടുത്തു. "സമാധാനത്തിന്റെ തീർത്ഥാടനമെന്ന" പുതിയ പദ്ധതിയുടെ ഭാഗമായി ഇവർ റോം, ജെറുസലേം, ഹിരോഷിമ, ന്യൂയോർക്ക്, ഒസാക്കയിലെ എക്സ്പോ എന്നിവിടങ്ങൾ സന്ദർശിക്കും.

അന്തൊണെല്ല പലേർമോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകസമാധാനത്തിനായുള്ള പരിശ്രമങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ലിയോ പതിനാലാമൻ പാപ്പാ, മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയുൾപ്പെടെയുള്ളവർ അംഗങ്ങളായ "പ്രത്യാശയുടെ തീനാമ്പുകൾ" എന്ന സംഘടനയുടെ പ്രതിനിധികളെ, ജൂൺ 18 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചവേളയിൽ അഭിവാദ്യം ചെയ്തു. സംഘടനയുടെ "സമാധാനത്തിന്റെ തീർത്ഥാടനം" എന്ന പ്രത്യേക പരിപാടിയുടെ ഭാഗമായി റോമിൽ നടന്ന കോൺഫറൻസിൽ എത്തിയവരെയാണ് പാപ്പാ അഭിവാദ്യം ചെയ്തത്.

"പ്രത്യാശ80" (HOPE80) എന്ന് പേരിട്ട സമാധാനത്തിന്റെ തീർത്ഥാടനത്തിൽ, മുൻപ് എതിർചേരികളിലായിരുന്ന നേതാക്കളുടെ കൊച്ചുമക്കളാണ് പങ്കെടുക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ എൺപത് വർഷങ്ങൾ അനുസ്മരിച്ചുകൊണ്ടുകൂടിയാണ് ഇത്തരമൊരു പേര് സമാധാനം പ്രോത്സാഹിപ്പിക്കാൻവേണ്ടിയുള്ള ഈ സംരംഭത്തിന് നൽകപ്പെട്ടത്. യാത്രയുടെ ഭാഗമായി സംഘടനയുടെ പ്രതിനിധികൾ റോം, ജെറുസലേം, ഹിരോഷിമ, ന്യൂയോർക്ക്, ഒസാക്കയിലെ എക്സ്പോ എന്നിവിടങ്ങൾ സന്ദർശിക്കും- സമാധാനത്തിനായുള്ള അന്താരാഷ്ട്രദിനം ആചരിക്കുന്ന സെപ്റ്റംബർ 21-നായിരിക്കും സമാധാനത്തിന്റെ തീർത്ഥാടനം അവസാനിക്കുക.

നാസി നേതൃത്വത്തിന് കീഴിൽ പ്രവർത്തിച്ച അമോൻ ഗോത്തിന്റെ കൊച്ചുമകളായ ജെന്നിഫർ റ്റീജ്, രാഷ്ടതന്ത്രജ്ഞനായ ചർച്ചിലിന്റെ കൊച്ചുമകൾ ലൂസി സാൻഡിസ്, ജപ്പാൻ മുൻ പ്രധാനമന്ത്രി ഹിഡെക്കി ടോജോയുടെ കൊച്ചുമകൾ ഹിഡെറ്റോഷി ടോജോ, മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി, "യൂറോപ്പിലെ സമാധാനത്തിനായി മതങ്ങൾ" എന്ന സംഘടനയുടെ പ്രെസിഡന്റ് ലൂയിജി ദേ സാൽവിയ തുടങ്ങിയവരും പാപ്പായുടെ പൊതുകൂടിക്കാഴ്ചയിൽ സംബന്ധിച്ചിരുന്നു.

ലിയോ പതിനാലാമൻ പാപ്പായുടെ പ്രഭാഷണങ്ങൾ, പ്രത്യാശ പകരുന്നവയാണെന്നും, അദ്ദേഹത്തിന്റെ സ്വരം കൂടുതൽ ശക്തമായി, അവ കേൾക്കപ്പെടേണ്ടയിടങ്ങളിൽ എത്തട്ടേയെന്നും തുഷാർ ഗാന്ധി വത്തിക്കാൻ മീഡിയയോട് പറഞ്ഞു. കൂടുതൽ സുരക്ഷിതമായ ഒരു ലോകത്തിനായാണ് യുദ്ധങ്ങളെന്ന പഴയ യുദ്ധതന്ത്രത്തിനെതിരെയുള്ള തന്റെ അഭിപ്രായം അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ, ഇറാൻ സംഘർഷങ്ങളുടെ കൂടി പശ്ചാത്തലത്തിൽ സംസാരിച്ച അദ്ദേഹം യുദ്ധങ്ങൾ ഒരു കച്ചവടമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. എത്ര ദുർബലമാണെങ്കിലും സത്യത്തിന്റെ സ്വരം പ്രധാനപ്പെട്ടാതാണെന്ന്, മഹാത്മാഗാന്ധിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജൂൺ 2025, 17:58