കായികവിനോദങ്ങൾ ഏറെ പ്രധാനപ്പെട്ടവയാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കായികരംഗത്തോട് ഏറെ അഭിനിവേശവും, താത്പര്യവും ഉള്ള വ്യക്തി എന്ന നിലയിൽ, ലിയോ പതിനാലാമൻ പാപ്പാ, ഇറ്റലിയിലെ എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട്, സംഘടിപ്പിക്കുന്ന ജീറോ ദി ഇത്താലിയ, എന്ന സൈക്കിൾ റാലിയുടെ കായികതാരങ്ങളെ വത്തിക്കാനിൽ സ്വീകരിക്കുകയും, അവസാന ഘട്ടം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു. തന്റെ ഹ്രസ്വസന്ദേശത്തിൽ, ജീവിതത്തിൽ കായികരംഗത്തിന് പ്രാധാന്യം പാപ്പാ അടിവരയിട്ടു പറഞ്ഞു. എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിച്ച പാപ്പാ, ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക് ഇവർ നൽകുന്ന മാതൃകയും അനുസ്മരിച്ചു.
ഇറ്റലിയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങൾ ഈ ജീറോ ദി ഇത്താലിയ എന്ന സൈക്കിൾ റാലിയെ ഇഷ്ടപ്പെടുന്നുവെന്നും, കായികലോകത്ത് പൊതുവെ സൈക്ലിങ് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ എല്ലാവർക്കും മാതൃകയായി ജീവിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു. ശരീരത്തെ പരിപാലിക്കാൻ പഠിച്ചതിനാൽ, ആത്മാവ് എല്ലായ്പ്പോഴും അനുഗ്രഹിക്കപ്പെടുമെന്നു പറഞ്ഞ പാപ്പാ, മനുഷ്യജീവന്റെ സമഗ്രതയിൽ, ശരീരത്തിന്റെയും, മനസിന്റെയും, ഹൃദയത്തിന്റെയും, ആത്മാവിന്റെയും കാര്യത്തിൽ ശ്രദ്ധാലുക്കളാകണമെന്നും ഓർമ്മപ്പെടുത്തി.
ഈ വലിയ സംരംഭത്തിൽ പങ്കാളികളായ എല്ലാവരെയും പാപ്പാ അഭിനന്ദിക്കുകയും, എല്ലാ ജനങ്ങളോടുമുള്ള ദൈവത്തിന്റെ സ്നേഹത്തെ പ്രതിനിധീകരിക്കുന്ന സഭ നിങ്ങളെ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും, വത്തിക്കാനിലേക്ക് എപ്പോഴും കടന്നുവരാമെന്നും പാപ്പാ പറഞ്ഞു. എല്ലാവർക്കും തന്റെ ശ്ലൈഹികാശീർവാദവും പാപ്പാ നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: