MAP

ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

ക്രിസ്തുവിനെ പിന്തുടരുകയും മറ്റുള്ളവരോട് പ്രഘോഷിക്കുകയും ചെയ്യുക: ലിയോ പതിനാലാമൻ പാപ്പാ

ക്രിസ്തുവിനെ വിശ്വസ്തതാപൂർവ്വം അനുധാവനം ചെയ്യാനും, ധൈര്യപൂർവ്വം അവനെ പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 4 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം വിവിധ ഭാഷക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്ത അവസരത്തിലാണ് ക്രൈസ്തവവിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രൈസ്തവർ എന്ന നിലയിൽ യേശുക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ച് അവനെ വിശ്വസ്തതാപൂർവ്വം അനുധാവനം ചെയ്യാനും, മറ്റുള്ളവർക്കിടയിൽ ധൈര്യപൂർവ്വം അവനെ പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 4 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം വിവിധ ഭാഷക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്ത അവസരത്തിലാണ് ക്രൈസ്തവവിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.

പോളണ്ടിൽനിന്നുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യവേ, ധൈര്യപൂർവ്വം കർത്താവിനെ അനുഗമിച്ചുകൊണ്ട്, നിങ്ങൾ ഓരോരുത്തർക്കും ക്രിസ്തു നൽകുന്ന വിളിക്ക് ഉത്തരം നൽകാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. വിശ്വാസജീവിതത്തിൽ വിശുദ്ധരും വാഴ്ത്തപ്പെട്ടവരും നമുക്ക് മാതൃകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, പോളണ്ടിലെ ലെദ്നീസ ക്യാമ്പിൽ നടക്കാനിരിക്കുന്ന യുവജനനസംഗമത്തിന്റെ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട പിയർ ജ്യോർജ്ജ്യോ ഫ്രസാത്തിയെ പ്രത്യേകം പരാമർശിച്ചു.

ഇറ്റാലിയൻ ഭാഷക്കാരായ തീർത്ഥാടകരെയും വിശ്വാസികളെയും അഭ്യവാദ്യം ചെയ്യവേ, തങ്ങളെത്തന്നെ ക്രിസ്തുവിന് സമർപ്പിക്കാനും, കുടുംബങ്ങളിലും തങ്ങൾ ആയിരിക്കുന്ന എല്ലായിടങ്ങളിലും അവനെ ധൈര്യപൂർവ്വം പ്രഘോഷിക്കാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു. ഇതാണ് സഭയിൽനിന്ന് ഇക്കാലത്തെ മനുഷ്യർ പ്രതീക്ഷിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വിശ്വാസജീവിതത്തിൽ ആഴപ്പെടാനും, അതുവഴി സുവിശേഷവത്കരണത്തിൽ സവിശേഷപങ്കാളികളാകാനും പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. പരിശുദ്ധാത്മാവിന്റെ വരവിനെ അനുസ്മരിക്കുന്ന പന്തക്കുസ്താ തിരുനാളിനൊരുങ്ങുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ആത്മാവിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കാനും, അവന്റെ പ്രകാശത്തിനും ശക്തിക്കുമായി പ്രാർത്ഥിക്കാനും ഉദ്‌ബോധിപ്പിച്ചു.

സ്പാനിഷ് ഭാഷയിൽ ആളുകളെ അഭിവാദ്യം ചെയ്യവേ, ജീവിതത്തിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉണ്ടാകാനും അത് തിരിച്ചറിയാനും വേണ്ടി പ്രാർത്ഥിക്കാനും, ജീവിതത്തിന്റെ അന്ധകാരനിമിഷങ്ങളിലൂടെയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലൂടെയും കടന്നുപോകുന്ന യുവജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

മുപ്പത്തയ്യായിരത്തോളം ആളുകളാണ് ജൂൺ 4 ബുധനാഴ്ച വത്തിക്കാനിൽ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംബന്ധിച്ചത്. മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ അയക്കുന്ന വീട്ടുടമസ്ഥന്റെ ഉപമയിലൂടെ സ്വർഗ്ഗരാജ്യത്തെക്കുറിച്ച് തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്ന യേശുവിനെക്കുറിച്ചുള്ള സുവിശേഷഭാഗത്തെ (മത്തായി 20, 1-7) അടിസ്ഥാനമാക്കിയാണ് പാപ്പാ ഈ ബുധനാഴ്ചത്തെ പ്രബോധനം നൽകിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂൺ 2025, 13:48