MAP

കുടുംബങ്ങളുടെ ജൂബിലി ആഘോഷം; വിശുദ്ധ ബലി കുടുംബങ്ങളുടെ ജൂബിലി ആഘോഷം; വിശുദ്ധ ബലി   (@Vatican Media)

സഭയിൽ കുടുംബ അജപാലനത്തിനു കൂടുതൽ ശ്രദ്ധ ചെലുത്തണം: പാപ്പാ

കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, അത്മായർക്കും, കുടുംബങ്ങൾക്കും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. "വർത്തമാന-ഭാവി കാലങ്ങളിലെ കുടുംബങ്ങളിലെ സുവിശേഷവത്ക്കരണം: സഭാപരവും അജപാലനപരവുമായ വെല്ലുവിളികൾ" എന്നതാണ് സെമിനാറിന്റെ പ്രമേയം

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകമെമ്പാടും ഏറെ വെല്ലുവിളികൾ നേരിടുന്ന കുടുംബ അജപാലന രംഗത്തിന്റെ ശരിയായ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി, അത്മായർക്കും, കുടുംബങ്ങൾക്കും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാറിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം നൽകി. "വർത്തമാന-ഭാവി കാലങ്ങളിലെ കുടുംബങ്ങളിലെ സുവിശേഷവത്ക്കരണം: സഭാപരവും അജപാലനപരവുമായ വെല്ലുവിളികൾ" എന്നതാണ് സെമിനാറിന്റെ പ്രമേയം. സന്ദേശത്തിൽ, ലോകമെമ്പാടുമുള്ള ക്രിസ്തീയ കുടുംബങ്ങളോടുള്ള, സഭയുടെ മാതൃവാത്സല്യം വെളിവാക്കുന്നതാണ് സെമിനാറിന്റെ പ്രമേയമെന്നു പാപ്പാ എടുത്തു പറഞ്ഞു.

ഓരോ പുരുഷന്റെയും സ്ത്രീയുടെയും ഹൃദയത്തിൽ  എഴുതപ്പെട്ടിരിക്കുന്ന അനന്തതയെക്കുറിച്ചുള്ള അഗാധമായ ചോദ്യം, ദൈവത്തിന്റെ പിതൃത്വത്തെക്കുറിച്ച് മക്കളെ ബോധവാന്മാരാക്കുവാനുള്ള മാതാപിതാക്കളുടെ കടമയെ ഓർമ്മപ്പെടുത്തുന്നുവെന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ട്, കുടുംബ അജപാലനത്തിന്റെ പ്രാധാന്യത്തെ പാപ്പാ അടിവരയിട്ടു പറഞ്ഞു.

ആത്മീയതയ്ക്കുവേണ്ടിയുള്ള വർദ്ധിച്ചുവരുന്ന അന്വേഷണം ഇന്നത്തെ കാലത്തിന്റെ സവിശേഷതയാണെന്നു പറഞ്ഞ പാപ്പാ, ലോകത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, ഹൃദയത്തിലെ വിശ്വാസത്തിന്റെ കാവൽക്കാരാകുവാനുള്ള ക്രിസ്തീയ കടമയെയും ഓർമ്മപ്പെടുത്തി. ആത്മീയമായി അകലങ്ങളിൽകഴിയുന്ന കുടുംബങ്ങളെ ചേർത്തുപിടിക്കുവാനുള്ള കടമയും പാപ്പാ ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്റെ കൂടുതൽ വ്യാപകമായ "സ്വകാര്യവൽക്കരണം" പലപ്പോഴും കൃപയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഇടമായ  സഭയുടെ സമൃദ്ധിയും വരങ്ങളും അറിയുന്നതിൽ നിന്ന് ആളുകളെ തടയുന്നുവെന്ന മുന്നറിയിപ്പും പാപ്പാ നൽകി.

കുടുംബത്തിൽ, വിശ്വാസവളർച്ചയ്ക്ക് തടസമായി നിൽക്കുന്ന സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗവും, ലൗകീക മോഹങ്ങളും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെ തിന്മയുടെ പിടിയിൽ നിന്നും മാനവികതയെ സംരക്ഷിക്കുവാനുള്ള എല്ലാവരുടെയും കടമയും പാപ്പാ ഓർമ്മപ്പെടുത്തി.

ക്രിസ്തീയ വിവാഹത്തിനുപകരം, ഒരുമിച്ചു താമസിക്കുന്നത് തിരഞ്ഞെടുക്കുന്ന ചെറുപ്പക്കാർക്ക്, വാസ് തവത്തിൽ, വിവാഹമെന്ന കൂദാശ പ്രദാനം ചെയ്യുന്ന കൃപ എന്താണെന്നും, അതിൽ നിന്നും നമുക്ക് ലഭിക്കുന്ന ശക്തിയെക്കുറിച്ചും ബോധ്യപ്പെടുത്തി കൊടുക്കുവാൻ നമുക്ക് സാധിക്കണമെന്നു പാപ്പാ പറഞ്ഞു. പല മാതാപിതാക്കൾക്കും, തങ്ങളുടെ മക്കളുടെ വിശ്വാസപരിശീലനത്തിൽ യേശുവിനെ കണ്ടുമുട്ടാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്തിൽ വീഴ്ചകൾ സംഭവിക്കുന്നുവെന്നും, അതിനാൽ സ്നേഹത്തിന്റെ കൂട്ടായ്മ സാക്ഷാത്കരിക്കപ്പെടുന്ന ഇടങ്ങളായി കുടുംബങ്ങൾ മാറണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

കുടുംബ പ്രേഷിതത്വത്തിൽ സഭയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് പാപ്പാ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മുറിവേറ്റ കുടുംബങ്ങളുടെ കൂടെയായിരിക്കുവാനും പാപ്പാ ആവശ്യപ്പെടുന്നു. ആവശ്യപ്പെടുന്ന ചോദ്യങ്ങൾക്ക് തിടുക്കത്തിൽ ഉത്തരം നൽകാൻ സാധിച്ചില്ലെങ്കിലും, അവരുമായി അടുക്കുവാനും, ശ്രദ്ധിക്കുവാനും, ബുദ്ധിമുട്ടുകൾ മനസിലാക്കുവാനും, മൂല്യനിർണയം നടത്തുവാനും പരിശ്രമിക്കണമെന്നും പാപ്പാ സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു.

 ഓരോ തലമുറയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണെന്നും,  അവരുടേതായ വെല്ലുവിളികളും സ്വപ്നങ്ങളും ചോദ്യങ്ങളും അവതരിപ്പിക്കുന്നുവേണും പറഞ്ഞ പാപ്പാ, എന്നാൽ  യേശുക്രിസ്തു "ഇന്നലെയും ഇന്നും എന്നും ഒരാളായി" തന്നെ തുടരുന്നുവെന്നും, അതിനാൽ, ഐക്യത്തിന്റെ സന്തോഷകരമായ പാതകൾ നയിക്കാനും പരസ്പരം വിശ്വാസത്തിന്റെ വിത്തുകളാകാനും കുടുംബങ്ങളെ സഹായിക്കണമെങ്കിൽ, ആദ്യം നാം വിശ്വാസികളെന്ന നിലയിൽ നമ്മുടെ സ്വത്വം നട്ടുവളർത്തുകയും പുതുക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജൂൺ 2025, 12:47