MAP

ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

“യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം” പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാക്കുകൾ ആവർത്തിച്ച് ലിയോ പതിനാലാമൻ പാപ്പാ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സായുധസംഘർഷങ്ങളും യുദ്ധങ്ങളും സഭയുടെ ഹൃദയത്തെ മുറിപ്പെടുത്തുന്നുണ്ടെന്നും, യുദ്ധങ്ങളെ സാധാരണ സംഭവങ്ങളായി കണക്കാക്കുന്ന മനസ്ഥിതി അവസാനിക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. "യുദ്ധത്തോടെ എല്ലാം നഷ്ടപ്പെട്ടേക്കാം" എന്ന പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാക്കുകൾ ജൂൺ 18 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചയിൽ പാപ്പാ ആവർത്തിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കുമെതിരെ ശബ്ദമുയർത്തി ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 18 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിലാണ്, ലോകത്തിന്റെ വിവിധയിടങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളെയും യുദ്ധങ്ങളെയും കുറിച്ച് പാപ്പാ അപലപിച്ചത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പിയൂസ് പാപ്പാ പറഞ്ഞ, "സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാൽ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം" എന്ന വാക്കുകൾ ആർത്തിച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ യുദ്ധമെന്ന തിന്മയ്‌ക്കെതിരെ മനുഷ്യമനഃസാക്ഷിയെ ഉദ്ബോധിപ്പിച്ചത്.

ഉക്രൈൻ, ഇറാൻ, ഇസ്രായേൽ, ഗാസാമുനമ്പ് തുടങ്ങി, യുദ്ധങ്ങൾ അരങ്ങേറുന്ന ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നുയരുന്ന വിലാപം സഭയുടെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. യുദ്ധങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുകയെന്ന പരിതാപകരമായ അവസ്ഥയെക്കുറിച്ചും പാപ്പാ അപലപിച്ചു. ശക്തവും സങ്കീർണവുമായ ആയുധങ്ങളോടുള്ള ആകർഷണത്തിൽപ്പെടരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ,  അത്തരം പ്രലോഭനങ്ങളെ തള്ളിക്കളയാൻ നമുക്കാകണമെന്ന് ആഹ്വാനം ചെയ്തു.

ഇക്കാലത്തെ യുദ്ധങ്ങളിൽ വിവിധ തരങ്ങളിലുള്ള ശാസ്ത്രസാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ, മുൻകാലങ്ങളെക്കാൾ ഏറെ വലിയ ക്രൂരതയിലേക്കാണ് നാം നയിക്കപ്പെടുന്നതെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിലെ “ഗൗദിയും എത് സ്‌പേസ്” (n.79) ഉദ്ധരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.

"യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന" ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ലിയോ പതിനാലാമൻ പാപ്പാ ആവർത്തിച്ചു. മനുഷ്യാന്തസ്സിന്റെയും അന്താരാഷ്ട്രനിയമങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ ഇത്തരമൊരു പ്രസ്താവന ആവർത്തിച്ചത്.

ഇസ്രായേൽ-ഇറാൻ യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെയും, ഗാസാ പ്രദേശത്തെ ആക്രമണങ്ങളും, ഉക്രൈനിലെ റഷ്യൻ ആക്രമണവും ശക്തമായി തുടരുന്നതിന്റെയും പശ്ചാത്തലത്തിലാണ് പാപ്പാ സമാധാനത്തിന്റെ പ്രാധാന്യത്തെയും, യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തെ ഓർമ്മിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജൂൺ 2025, 17:45