MAP

ഡൊമെനിക്കോ ബർതൊലൂച്ചി ഫൗണ്ടേഷൻ അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചപ്പോൾ ഡൊമെനിക്കോ ബർതൊലൂച്ചി ഫൗണ്ടേഷൻ അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (@Vatican Media)

വിശുദ്ധഗ്രന്ഥത്തിൽനിന്ന് പ്രേരിതമായ സംഗീതം പ്രാർത്ഥനയ്ക്കും ക്രൈസ്തവജീവിതത്തിനും സഹായകരം: ലിയോ പതിനാലാമൻ പാപ്പാ

വിശ്വാസികളുടെ ബുദ്ധിയിലേക്ക് വചനമെത്തിക്കാനും, പ്രാർത്ഥനയ്ക്കും ക്രൈസ്തവവിശ്വാസജീവിതത്തിനും വിശുദ്ധഗ്രന്ഥത്തിൽനിന്ന് പ്രേരിതമായ ബഹുസ്വരസംഗീതം സഹായിക്കുമെന്ന് ലിയോ പതിനാലാമൻ പാപ്പാ. പലെസ്ത്രീനായിൽനിന്നുള്ള ജ്യോവാന്നി പിയർലൂയിജി എന്ന സംഗീതജ്ഞന്റെ അഞ്ഞൂറാം ജന്മവാർഷികവുമായി ബന്ധപ്പെട്ട്, നടന്ന സമ്മേളനത്തിനെത്തിയവരെ ജൂൺ 18-ന് വത്തിക്കാനിൽ സ്വീകരിക്കവെയാണ് പാപ്പാ സംഗീതവും വിശ്വാസജീവിതവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധഗ്രന്ഥത്തിൽനിന്ന് പ്രേരിതമായ ബഹുസ്വരസംഗീതം (പോളിഫോണിക്) പ്രാർത്ഥനയ്ക്കും ക്രൈസ്തവജീവിതത്തിനും സഹായകരമെന്നും, വിശ്വാസികളുടെ മനസ്സിലേക്ക് വചനമെത്തിക്കാൻ ഇത് ഉപകരിക്കുമെന്നും ലിയോ പതിനാലാമൻ പാപ്പാ. റോമിനടുത്തുള്ള പലെസ്ത്രീനായിൽനിന്നുള്ള ജ്യോവാന്നി പിയർലൂയിജി എന്ന സംഗീതജ്ഞന്റെ അഞ്ഞൂറാം ജന്മവാർഷികവുമായി ബന്ധപ്പെട്ട്, ഡൊമെനിക്കോ ബർതൊലൂച്ചി ഫൗണ്ടേഷന്റെയും ഇറ്റാലിയൻ പോസ്റ്റൽ സർവീസിന്റെയും പങ്കാളിത്തത്തോടെ നടത്തിയ സമ്മേളനത്തിനെത്തിയവരെ ജൂൺ 18 ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ സ്വീകരിക്കവെയാണ് സംഗീതവും വിശ്വാസജീവിതവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.

"ദൈവമഹത്വത്തിനും, വിശ്വാസികളുടെ വിശുദ്ധീകരണത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന" (S. PIO X, Motu proprio Inter plurimas pastoralis officii sollicitudines, 22 novembre 1903, 1) ഭക്തസംഗീതവുമായി ബന്ധപ്പെട്ട് ജ്യോവാന്നി പിയർലൂയിജി നൽകിയ സംഭാവനകൾ ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഗ്രിഗോറിയൻ സംഗീതത്തിൽനിന്ന് പ്രേരിതമായ അദ്ദേഹത്തിന്റെ രചനകൾ സംഗീതത്തെയും ആരാധനയെയും മനോഹരമായ രീതിയിൽ കോർത്തിണക്കുന്നവയാണെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

പരിശുദ്ധാത്മാവിന്റെ സഹായത്തോടെയുള്ള നമ്മുടെ പൊതുവായ വിശ്വാസയാത്രപോലെ, ചലനത്മകവും വൈവിധ്യമാർന്നതുമായ ബഹുസ്വരസംഗീതം, അതിന്റെ അനുപല്ലവികളിലൂടെയും ആവർത്തിക്കപ്പെടുന്ന പ്രാർത്ഥനകളിലൂടെയും ശ്രോതാക്കളെ, വാക്കുകളിലൂടെ പ്രകടിപ്പിക്കപ്പെട്ട വിശ്വാസത്തിന്റെ രഹസ്യങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങാൻ സഹായിക്കുമെന്ന് പാപ്പാ വിശദീകരിച്ചു.

സ്വരത്തെയും മനസ്സിനെയും ഹൃദയത്തെയും പൂർണ്ണമായി പങ്കെടുപ്പിച്ചുകൊണ്ട് ആരാധനയിൽ ബോധപൂർവ്വവും സജീവവുമായി പങ്കെടുക്കാനും പോളിഫോണിക് സംഗീതം സഹായിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സംഗീതമേഖലയിൽ റോമൻ പോളിഫോണിക് പാരമ്പര്യത്തിന്റെ പ്രാധാന്യവും പരിശുദ്ധ പിതാവ്എടുത്തുപറഞ്ഞു.

അൻപത് വർഷങ്ങളോളം വത്തിക്കാനിലെ സിസ്റ്റൈൻ പൊന്തിഫിക്കൽ കപ്പേളയെന്ന ഗായകസംഘത്തിന്റെ ഡയറക്ടറായിരുന്ന കർദ്ദിനാൾ ഡൊമെനിക്കോ ബർതൊലൂച്ചി സംഗീതമേഖലയിൽ നൽകിയ സംഭാവനകളെ അനുസ്മരിച്ച പാപ്പാ, ഉയിർപ്പ് കാലത്ത് ആലപിക്കപ്പെടുന്ന ഹല്ലേലൂയാ ഗീതവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, വിശുദ്ധ അഗസ്റ്റിൻ മുന്നോട്ടുവച്ച, "വഴിയാത്രികരെപ്പോലെ ഗാനമാലപിച്ചുകൊണ്ടും, വഴി തെറ്റാതെയും പിന്നോട്ട് നോക്കാതെയും, നിൽക്കാതെയും, മുന്നോട്ട് നടക്കാനുള്ള" (പ്രഭാഷണം 256, 3) ആഹ്വാനം, വിശുദ്ധമായ ആനന്ദത്തിന്റെയും ജൂബിലിയുടെയും സമയത്ത് നമ്മുടേതാക്കി മുന്നോട്ടുപോകാൻ ഏവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജൂൺ 2025, 18:08