മനുഷ്യന്റെ സമ്പൂർണതൃപ്തി ദൈവീകാശീർവാദത്തിലൂടെ മാത്രമേ സാധ്യമാവൂ: പാപ്പാ
ഫാ ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മനുഷ്യനോടുള്ള യേശുവിന്റെ അനുകമ്പയെ എടുത്തുകാട്ടിക്കൊണ്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയായി നമ്മെ സന്ദർശിക്കുന്ന യേശുവിന്റെ കരുണാർദ്രമായ സ്നേഹത്തെ അനുസ്മരിച്ചും, ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനമായ ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച്ച, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നൽകി. വിശുദ്ധ ലൂക്കയുടെ സുവിശേഷം, ഒൻപതാം അധ്യായം 11 മുതൽ 19 വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കിക്കൊണ്ടാണ് പാപ്പാ ചിന്തകൾ പങ്കുവച്ചത്.
വേദനിക്കുന്നവരോടുള്ള യേശുവിന്റെ അനുകമ്പ, ദൈവത്തിന്റെ സ്‌നേഹപൂർണമായ സാന്നിധ്യത്തെ വെളിപ്പെടുത്തുന്നതാണെന്നും, ഇത് നമ്മെ രക്ഷയിലേക്കു നയിക്കുന്നതാണെന്നും ആമുഖമായി പാപ്പാ പറഞ്ഞു. ദൈവം നമ്മുടെ ജീവിതങ്ങളെ ഭരിക്കുമ്പോൾ മാത്രമാണ്, എല്ലാ തിന്മകളിൽ നിന്നും നാം സ്വതന്ത്രരാകുന്നതെന്നും, എന്നാൽ ഇതിനർത്ഥം പരീക്ഷണരഹിതമായ ഒരു ജീവിതം സാധ്യമാകും എന്നല്ല എന്നും പാപ്പാ കൂട്ടിച്ചേർത്തു.
തുടർന്ന്, സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം ഓർമ്മപ്പെടുത്തുകയും, വിശപ്പുമൂലം വേദനയനുഭവിക്കുന്ന ജനതയെ എപ്രകാരം അനുകമ്പാർദ്രമായ ഹൃദയത്തോടെ യേശു നോക്കുന്നുവെന്നും, അവരുടെ പരിപാലനത്തിനായി ശിഷ്യന്മാരെ ക്ഷണിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. വിശപ്പ് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ എടുത്തുകാണിക്കുന്നുവെന്നും, എങ്കിലും അഞ്ച് അപ്പവും രണ്ട് മീനുകളും ആളുകളെ പോറ്റാൻ അപര്യാപ്‌തമാണെന്നു നമുക്ക് തോന്നുമെങ്കിലും, നമ്മുടെ ജീവിതത്തിന് ശക്തിയും അർത്ഥവും നൽകാൻ ആവശ്യമായതെല്ലാം യേശുവിനോടൊപ്പം ഉണ്ടെന്നുള്ള വിശ്വാസമാണ് ഇവിടെ ഏറ്റവും പ്രധാനമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഈ അഞ്ചപ്പവും രണ്ടുമീനുകളും തന്റെ കരങ്ങളിൽ വഹിക്കുകയും, തന്റെ പിതാവിന്റെ സന്നിധിയിലേക്ക് ദൃഷ്ടികൾ ഉയർത്തിക്കൊണ്ട് അവൻ ആശീർവദിച്ചു മുറിച്ചു നൽകുന്നത്, ഒരു മാന്ത്രിക ആചാരമായിരുന്നില്ലെന്നും, മറിച്ച്, തന്റെ പിതാവിനോടുള്ള നന്ദിയും, പ്രാർത്ഥനയും, പരിശുദ്ധാത്മാവ് നിലനിർത്തുന്ന സാഹോദര്യ കൂട്ടായ്മയുടെ സാക്ഷ്യവും ആയിരുന്നുവെന്നു പാപ്പാ എടുത്തുപറഞ്ഞു.
അതിനാൽ ഈ ദൈവീക ശൈലിയാണ് എല്ലാവരെയും തൃപ്‍തിപ്പെടുത്തിയതെന്നും പാപ്പാ പ്രത്യേകം സൂചിപ്പിച്ചു. പങ്കുവെക്കുന്നതിനുപകരം, എല്ലാം കൂട്ടിവയ്ക്കുന്ന പ്രവണത നല്ല ഫലങ്ങൾ പാഴാക്കുന്നതിനു ഇടയാക്കുമെന്നും, അതിനാൽ ഈ ജൂബിലി വർഷത്തിൽ, യേശു നൽകുന്ന ഈ മാതൃക നമ്മുടെ പ്രവർത്തനങ്ങളുടെയും, സേവനങ്ങളുടെയും അടിസ്ഥാന മാനദണ്ഡമായി നിലനിൽക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
ജനക്കൂട്ടത്തെ വിശപ്പിൽനിന്ന് രക്ഷിക്കുന്നതിലൂടെ, വാസ്തവത്തിൽ, താൻ എല്ലാവരെയും മരണത്തിൽനിന്ന് രക്ഷിക്കുമെന്ന് യേശു പ്രഖ്യാപിക്കുന്നു. ഇതാണ് വിശ്വാസത്തിന്റെ രഹസ്യമെന്നും, ഇതുതന്നെയാണ് വിശുദ്ധ കുർബാനയിൽ നാം പ്രഘോഷിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് നിത്യജീവൻ നൽകുന്ന യേശുവിന്റെ ശരീരവും രക്തവുമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ജീവനുള്ളതും യഥാർഥവുമായ അപ്പമായ യേശു നമ്മെ പോഷിപ്പിക്കുമ്പോൾ നാം അവനുവേണ്ടി ജീവിക്കുന്നുവെന്നും, ഇതാണ് വിശുദ്ധ അഗസ്റ്റിൻ ചൂണ്ടിക്കാണിക്കുന്നതെന്നും പാപ്പാ പറഞ്ഞു. "പോഷണം നൽകുകയും പരാജയപ്പെടുകയും ചെയ്യാത്ത അപ്പം; ഭക്ഷിക്കാവുന്നതും എന്നാൽ തീർന്നുപോകാത്തതുമായ അപ്പം. വാസ്തവത്തിൽ, കുർബാന രക്ഷകന്റെ യഥാർത്ഥവും ഗണ്യവുമായ സാന്നിധ്യമാണ്", വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.
വിശുദ്ധ കുർബാനയിലൂടെയാണ് ഒരു ശരീരമായ വിശ്വാസികളുടെ ഐക്യം പ്രതിനിധാനം ചെയ്യപ്പെടുന്നതെന്നുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വാക്കുകളും പാപ്പാ ഓർമ്മപ്പെടുത്തി. ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവുമായുള്ള ഈ ഐക്യത്തിലേക്ക് എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: