MAP

ലിയോ പതിനാലാമൻ പാപ്പാ - മധ്യാഹ്നപ്രാർത്ഥനാവേളയിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - മധ്യാഹ്നപ്രാർത്ഥനാവേളയിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ബങ്കി സ്‌കൂൾ ദുരന്തത്തിന്റെ ഇരകൾക്കായി പ്രാർത്ഥിച്ചും സമാധാനത്തിനായി അഭ്യർത്ഥിച്ചും ലിയോ പതിനാലാമൻ പാപ്പാ

മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് തലസ്ഥാനമായ ബങ്കിയിലെ ഒരു സ്‌കൂളിൽ തിക്കിലും തിരക്കിലും പെട്ട് 29 കുട്ടികൾ മരണമടയുകയും 260-ഓളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനവും പ്രാർത്ഥനകളും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 29 ഞായറാഴ്ച മധ്യാഹ്‌നപ്രാർത്ഥനാവേളയിലാണ് ജൂൺ 25-നുണ്ടായ ഈ ദാരുണസംഭവത്തെക്കുറിച്ച് പാപ്പാ പരാമർശിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് തലസ്ഥാനമായ ബങ്കിയിലെ (Bangui) ബർതെലെമി ബൊഗാണ്ട (Barthélémy Boganda) ഹൈസ്കൂളിൽ നിരവധി കുട്ടികളുടെ മരണത്തിനും  ഇരുനൂറിലധികം കുട്ടികൾക്ക് പരിക്കിനും കാരണമായ അപകടത്തിൽ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 29 ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ മധ്യാഹ്‌നപ്രാർത്ഥന നയിച്ച അവസരത്തിലാണ് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലുണ്ടായ ഈ ദാരുണസംഭവത്തെക്കുറിച്ച് പാപ്പാ പരാമർശിച്ചത്.

ഈ ദാരുണ അപകടത്തിൽ ദുഖാർത്ഥരായ ഹൈസ്കൂൾ സമൂഹത്തിന് തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകിയ പാപ്പാ, കർത്താവ് ഈ ദാരുണമായ അപകടത്തിൽ ഇരകളായവരുടെ കുടുംബങ്ങളെയും അവിടുത്തെ സമൂഹത്തെ മുഴുവനെയും സമാശ്വസിപ്പിക്കട്ടെയെന്ന് ആശംസിച്ചു.

പ്രാദേശിക വാർത്താമാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 25 ബുധനാഴ്ച ഉണ്ടായ ഒരു വൈദ്യുത സ്ഫോടനത്തിന്റെ ശബ്ദത്തിൽ ഭയചകിതരായി സ്‌കൂൾ കുട്ടികൾ രക്ഷപെടാനായി നടത്തിയ ഓട്ടത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും 29 കുട്ടികൾ മരണമടയുകയായിരുന്നു. സംഭവത്തിൽ 260 പേർക്കെങ്കിലും പരിക്കേറ്റിരുന്നു.

വർഷാന്ത പരീക്ഷയ്ക്കായി കാത്തിരുന്ന 5000-ഓളം വരുന്ന കുട്ടികൾ, സ്‌കൂളിന് സമീപത്തുള്ള ഒരു ട്രാൻസ്ഫോർമറിലേക്ക് വൈദ്യുതപ്രവാഹം പുനഃസ്ഥാപിച്ചപ്പോൾ വൻ ശബ്ദത്തോടെ ഉണ്ടായപൊട്ടിത്തെറിയിൽ ഭീതിതരായി പുറത്തേക്ക് ഓടുകയും ഇത്തരമൊരു ദാരുണ അപകടം ഉണ്ടാവുകയുമാണ് ചെയ്തത്.

സമാധാനത്തിനായുള്ള പ്രാർത്ഥന

മധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുൻപ് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന തീർത്ഥാടകരെയും സന്ദർശകരെയും അഭിവാദ്യം ചെയ്യവേ, ലോകത്ത് യുദ്ധങ്ങൾ മൂലം കഷ്ടപ്പെടുന്നവരെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട്, എല്ലായിടങ്ങളിലും ആയുധങ്ങൾ നിശബ്ദമാകാൻ വേണ്ടിയും, സംവാദങ്ങളും ചർച്ചകളും വഴി സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

വിവിധയിടങ്ങളിൽനിന്ന് വന്ന തീർത്ഥാടകരെ അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായി ഉക്രൈനിൽനിന്നുള്ള ആളുകളെ അഭിസംബോധന ചെയ്യവേ, ആ ജനതയ്ക്കായി താൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ടെന്ന് പാപ്പാ ഉറപ്പുനൽകിയിരുന്നു. ഇതേദിവസം നടന്ന വിശുദ്ധ ബലിമധ്യേ നൽകിയ പ്രഭാഷണമധ്യത്തിലും, ദൈവം ഉക്രൈൻ ജനതയ്ക്ക് സമാധാനം നല്കട്ടെയെന്ന് പാപ്പാ ആശംസിച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ജൂൺ 2025, 16:50