ലിയോ XIV പാപ്പാ ഡോ. കാർബോണെയെ വത്തിക്കാൻ ആരോഗ്യ, ശുചിത്വ കാര്യവിഭാഗത്തിന്റെ ഡയറക്ടറായി നിയമിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വത്തിക്കാൻ ഗവർണറേറ്റിന്റെ ആരോഗ്യ, ശുചിത്വ കാര്യവിഭാഗത്തിന്റെ മേധാവിയായി, ഡോ. ലൂയിജി കാർബോണെയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ഫ്രാൻസിസ് പാപ്പായുടെ രോഗാവസ്ഥയിൽ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിച്ചിരുന്ന ഡോ. കാർബോണെ ഓഗസ്റ്റ് ഒന്നാം തീയതി പുതിയ സ്ഥാനമേറ്റെടുക്കും. 2020 ഓഗസ്റ്റ് ഒന്ന് മുതൽ നാളിതുവരെ ഈ ഉത്തരവാദിത്വം നിർവ്വഹിച്ചിരുന്ന ഡോ അന്ത്രെയാ ആർക്കാഞ്ചലി 70 വയസ്സ് പൂർത്തിയാക്കിയതിനെത്തുടർന്ന് സ്ഥാനമൊഴിയുന്നതുകൂടി കണക്കിലെടുത്താണ് പുതിയ ഈ നിയമനം.
വത്തിക്കാൻ ആരോഗ്യ, ശുചിത്വ കാര്യവിഭാഗത്തിന്റെ മുൻ മേധാവിയും പുതുതായി നിയമിക്കപ്പെട്ട ഡോ. കാർബോണെയും റോമിൽത്തന്നെയുള്ള ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരവെയാണ് വത്തിക്കാൻ ഗവർണറേറ്റിന് കീഴിൽ പരിശുദ്ധസിംഹാസനത്തിലെ ആരോഗ്യ, ശുചിത്വകാര്യങ്ങൾക്കായുള്ള വിഭാഗത്തിലേക്ക് നിയമിക്കപ്പെട്ടത്.
2000-ലെ ജൂബിലിയുമായി ബന്ധപ്പെട്ടായിരുന്നു മുൻ മേധാവി ഡോ അന്ത്രെയാ ആർക്കാഞ്ചലി വത്തിക്കാനിൽ തന്റെ സേവനം ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ആരോഗ്യകാര്യങ്ങളുടെ ചുമതല അദ്ദേഹത്തിന് നൽകപ്പെട്ടു. പ്രൊഫ. ആൽഫ്രദോ പോന്തെകോർവി വത്തിക്കാൻ ആരോഗ്യ, ശുചിത്വ കാര്യവിഭാഗത്തിന്റെ മേധാവിയായി സേവനമനുഷ്ഠിച്ചുവരവേ, 2019 ഏപ്രിൽ ഒന്നിനാണ് ഡോ ആർക്കാഞ്ചലി ഈ വിഭാഗത്തിന്റെ ഉപമേധാവിയായി നിയമിക്കപ്പെട്ടത്.
പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തന്നിലർപ്പിച്ച വിശ്വാസത്തിനും, ഏല്പിച്ച ഉത്തരവാദിത്വത്തിനും നന്ദി പറഞ്ഞ ഡോ. കാർബോണെ, കൂടുതൽ ഗൗരവപരമായും ഉത്തരവാദിത്വപരമായും തന്റെ സേവനമനുഷ്ടിക്കുവാനുള്ള ഒരു നിയോഗമായാണ് താൻ ഇതിനെ കാണുന്നതെന്ന് പ്രസ്താവിച്ചു.
രണ്ടായിരത്തിൽ ജൂബിലിയുടെ സമയത്തും കോവിഡ് മഹാമാരിയുടെ സമയത്തും വത്തിക്കാനിൽ സേവനമനുഷ്ഠിച്ച ഡോ ആർക്കാഞ്ചലി വത്തിക്കാൻ ആരോഗ്യ, ശുചിത്വ കാര്യവിഭാഗത്തിന്റെ പടിയിറങ്ങുമ്പോൾ, 2025-ലെ ജൂബിലിയുടെ പശ്ചാത്തലത്തിലാണ് ഡോ. കാർബോണെ പുതിയ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: