ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രെട്ടറിക്ക് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രെട്ടറി അന്തോണിയോ ഗുത്തേറസിനെ ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ജൂൺ 11 ബുധനാഴ്ച രാവിലെയാണ് ഗുത്തേറസ് വത്തിക്കാനിലെത്തിയത്.
ലിയോ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഐക്യരാഷ്ട്രസഭാ ജനറൽ സെക്രെട്ടറി വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനുമായും വത്തിക്കാനും മറ്റു രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് റിച്ചാർഡ് ഗാല്ലഗറുമായും കൂടിക്കാഴ്ച നടത്തി.
വത്തിക്കാനിൽ നടന്ന വിവിധ കൂടിക്കാഴ്ചകളിൽ ലോകസമാധാനത്തിനായി ഐക്യരാഷ്ട്രസഭ നടത്തിവരുന്ന ശ്രമങ്ങൾക്ക് പരിശുദ്ധ സിംഹാസനം തങ്ങളുടെ പിന്തുണ ആവർത്തിച്ച് ഉറപ്പുനൽകി. ഐക്യരാഷ്ട്രസഭ ഒരുക്കിയിട്ടുള്ള അടുത്തുവരുന്ന സമ്മേളനങ്ങളിൽ നടക്കാനിരിക്കുന്ന ചർച്ചാവിഷയങ്ങളും, ലോകത്ത് നിലവിൽ തുടരുന്ന ചില സംഘർഷങ്ങളെ അഭിമുഖീകരിക്കുന്നതിൽ സംഘടനാ നേരിടുന്ന ബുദ്ധിമുട്ടുകളും വത്തിക്കാനിലെ കൂടിക്കാഴ്ചകളിൽ പരാമർശിക്കപ്പെട്ടു.
ലോകവ്യവസ്ഥയിൽ അസ്ഥിരതയുണ്ടാക്കുന്ന നിലവിലെ സായുധസംഘർഷങ്ങളും ചില പ്രത്യേക അവസ്ഥകളും ചർച്ചകളിൽ ഇടം പിടിച്ചുവെന്നും പ്രെസ് ഓഫീസ് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: