MAP

പാപ്പാ:ഭിന്നിപ്പിക്കുന്നിടത്തല്ല ബന്ധിപ്പിക്കുന്നിടത്താണ് ബുദ്ധിവൈഭവത്തിൻറെ സ്ഥാനം!

ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ജൂബിലി കൂടിക്കാഴ്ച അനുവദിച്ചു. ഫ്രാൻസീസ് പാപ്പാ ജനുവരിയിൽ തുടങ്ങിവച്ച ജൂബിലികൂടിക്കാഴ്ചയുടെ തുടർച്ചയാണിത്. പ്രത്യാശയുടെ വിവിധ മാനങ്ങളിൽ അതിൻറെ ഐക്യദായക മാനം പാപ്പാ തദ്ദവസരത്തിൽ നടത്തിയ വിചിന്തനത്തിൽ വിശകലനം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജൂബിലി, ഭൂസ്വർഗ്ഗങ്ങൾ യേശുവിൽ സന്ധിക്കുന്ന രഹസ്യത്തിലേക്കുള്ള ഒരു തുറന്ന വാതിലാണെന്ന് മാർപ്പാപ്പാ.

ആഗോള സഭ ആചരിക്കുന്ന പ്രത്യാശയുടെ ജൂബിലിയോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ഇക്കൊല്ലം ജനുവരിയിൽ തുടങ്ങിവച്ച ജൂബിലികൂടിക്കാഴ്ച ഈ ശനിയാഴ്ച (14/06/25) പുനരാരംഭിച്ച ലിയൊ പതിനാലമൻ പാപ്പാ തദ്ദവസരത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. കായികവിനോദത്തിലേർപ്പെടുന്നവരുടെ ജൂബിലിയാചരണത്തിനായി എത്തിരിക്കുന്നവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

അപ്പോസ്തലന്മാർ കൈമാറിയതും നമ്മെ ഒന്നിപ്പിക്കുന്നതുമായ പ്രത്യാശ എന്ന ദൈവികപുണ്യത്തിൻറെ വിവിധ മാനങ്ങളിൽ ഓരോന്നിനെയും അതിന് സാക്ഷ്യമേകിയ ആദ്ധ്യാത്മികതലത്തിലുള്ള വ്യക്തികളെയും അധികരിച്ചുള്ള പ്രബോധന പരമ്പര താൻ തുടരുകയാണെന്ന് പാപ്പാ ഈ പ്രഭാഷണത്തിൻറെ തുടക്കത്തിൽ വ്യക്തമാക്കി.

മണ്ണും വിണ്ണും യേശുവിൽ സമന്വയിക്കുന്നത് അപ്പോസ്തലന്മാർ കണ്ണുവെന്നും അവർ ജീവൻറെ വചനത്തെ കണ്ണുകളാലും കാതുകളാലും കരങ്ങളാലും സ്വീകരിച്ചുവെന്നും പാപ്പാ പറഞ്ഞു. ജൂബിലി വർഷം, ദൈവിക ലോകത്തെ നമ്മുടെ ലോകവുമായി കൂടുതൽ മൗലികമായി കൂട്ടിയിണക്കുന്നുവെന്നു പറഞ്ഞ പാപ്പാ “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” എന്ന ദൈനംദിന പ്രാർത്ഥന ഗൗരവതരമായി എടുക്കാൻ അത് നമ്മെ ക്ഷണിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.

പ്രത്യാശയുടെ ഈ സംയോജന മാനം കൂടുതൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന് ഏഷ്യാമൈനറിൽ ജനിച്ച് പിന്നീട് യൂറോപ്പിലെത്തിയ ലിയോണിലെ മെതാനും മഹാ ക്രൈസ്തവ ദൈവശാസ്ത്രജ്ഞരിൽ ഒരാളുമായ വിശുദ്ധ ഇരണേവുസിന് കഴിയുമെന്നു പറഞ്ഞ പാപ്പാ അദ്ദേഹം ഐക്യത്തിൻറെ ഗുരു ആണെന്നു വിശേഷിപ്പിച്ചു. ചെറുക്കുന്നതിനു പകരം കൂട്ടിയിണക്കാനാണ് വിശുദ്ധ ഇരണേവൂസ് നമ്മെ പഠിപ്പിക്കുന്നതെന്നും വേർതിരിച്ചറിയൽ ഉപകാരപ്രദമാണ് അത് ഒരിക്കലും വിഭജിക്കുന്നില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 

ഇരണേവൂസ് കിഴക്കിനെയും പടിഞ്ഞാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു എന്നതു തന്നെ പ്രത്യാശയുടെ അടയാളമാണെന്നും കാരണം പരസ്പരം സമ്പന്നമാക്കുന്നത് ജനതകൾ എപ്രകാരം തുടരുന്നുവെന്ന് ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. ക്രൈസ്തവ സമൂഹത്തിനുള്ളിൽ അദ്ദേഹം നേരിട്ട സിദ്ധാന്തപരമായ ഭിന്നതകളും ആന്തരിക സംഘർഷങ്ങളും ബാഹ്യ പീഡനങ്ങളും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയില്ലെന്നും നേരെമറിച്ച്, ശകലിത ലോകത്തിൽ അദ്ദേഹം നന്നായി ചിന്തിക്കാൻ പഠിക്കുകയും, യേശുവിലേക്ക് കൂടുതൽ ആഴത്തിൽ ശ്രദ്ധ തിരിക്കുകയുമാണ് ചെയ്തതെന്നും പാപ്പാ അനുസ്മരിച്ചു. യേശു നമുക്കിടയിൽ നിത്യജീവനാണ്: അവൻ വിപരീതങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു, കൂട്ടായ്മ സാധ്യമാക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ജൂൺ 2025, 12:44

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >