പാപ്പാ: പാവന റൂഹാ വിദ്വേഷം ഇല്ലാതാക്കി സമാധാനം സ്ഥാപിക്കാൻ സഹായിക്കട്ടെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജൂൺ 8-ന് ഞായറാഴ്ച ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബലിക്കയുടെ അങ്കണത്തിൽ പെന്തക്കുസ്താ തിരുന്നാൾക്കുർബ്ബാന അർപ്പിച്ചു. 2025-ൽ ആചരിക്കപ്പെടുന്ന പ്രത്യാശയുടെ ജൂബിലി പശ്ചാത്തലത്തിൽ സഭയിലെ വിവിധവിഭാഗങ്ങൾ നിശ്ചിത ദിനങ്ങളിൽ പ്രത്യേകമാം വിധം ഈ ജൂബിലിയിൽ പങ്കുചേരുന്നതിൻറെ ഭാഗമായി 7-8 തീയതികളിൽ നടന്ന ഭക്തിപ്രസ്ഥാനങ്ങളുടെയും ഭക്തസംഘടനകളുടെയും നവസമൂഹങ്ങളുടെയും ജൂബിലിയുടെ സമാപനംകുറിച്ചതുമായ ഈ ദിവ്യബലിയിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപതിനായിരത്തോളം പേർ പങ്കെടുത്തു. ഈ ദിവ്യബലി മദ്ധ്യേവായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങൾ അവലംബമാക്കി നടത്തിയ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:
പെന്തക്കുസ്താ ആവർത്തിക്കപ്പെടുന്നു
സഹോദരീ സഹോദരന്മാരേ,
"പുനരുത്ഥാനാനന്തരം സ്വർഗ്ഗാരോഹണത്താൽ മഹത്വീകൃതനായ കർത്താവായ യേശുക്രിസ്തു പരിശുദ്ധാത്മാവിനെ അയച്ച ദിവസം നമുക്കായി ഉദിച്ചിരിക്കുന്നു" (SAINT AUGUSTINE, പ്രസംഗം 271, 1). മുകളിലത്തെ മുറിയിൽ സംഭവിച്ചത് ഇന്ന് നമ്മുടെ മദ്ധ്യേ വീണ്ടും സംഭവിക്കുന്നു: നമ്മെ പിടിച്ചുകുലുക്കുന്ന അതിശക്തമായ കാറ്റു പോലെ, നമ്മെ ഉണർത്തുന്ന ഒരു ഗർജ്ജനം പോലെ, നമ്മെ പ്രകാശിപ്പിക്കുന്ന ഒരു തീ പോലെ, പരിശുദ്ധാത്മാവിൻറെ ദാനം നമ്മുടെ മേൽ ഇറങ്ങിവരുന്നു (അപ്പൊസ്തോല പ്രവർത്തനങ്ങൾ 2:1-11 കാണുക).
ആന്തരിക ചങ്ങലകൾ തകർക്കുന്ന പരിശുദ്ധാരൂപി
ആദ്യ വായനയിൽ നാം ശ്രവിച്ചതുപോലെ, ആത്മാവ് അപ്പോസ്തലന്മാരുടെ ജീവിതത്തിൽ അസാധാരണമായതെന്തോ പ്രവർത്തിക്കുന്നു. യേശുവിൻറെ മരണശേഷം, അവർ ഭയന്ന്, ദുഃഖിച്ച് സ്വയം അടച്ചുപൂട്ടിയിരിക്കുകയായിരുന്നു, എന്നാൽ ഇപ്പോൾ, ഒടുവിൽ, അവർക്ക് പുതിയൊരു കാഴ്ചപ്പാടും ആന്തരിക ബുദ്ധിയും ലഭിക്കുന്നു. അത് സംഭവിച്ച കാര്യങ്ങളെ വ്യാഖ്യാനിക്കാനും ഉത്ഥിതൻറെ സാന്നിധ്യത്തിൻറെ അഗധാനുഭവം നേടാനും അവരെ സഹായിക്കുന്നു: അതായത്, പരിശുദ്ധാത്മാവ് അവരുടെ ഭയത്തെ ജയിക്കുന്നു, അവരുടെ ആന്തരിക ചങ്ങലകൾ തകർക്കുന്നു, അവരുടെ മുറിവുകളെ സൗഖ്യമാക്കുന്നു, അവരെ ശക്തിയാൽ അഭിഷേകം ചെയ്യുന്നു, ദൈവത്തിൻറെ പ്രവൃത്തികൾ എല്ലാവരോടും പ്രഖ്യാപിക്കാൻ ധൈര്യം പ്രദാനം ചെയ്യുന്നു.
വേർതിരിവിൻറെ വേലിക്കെട്ടുകൾ ഇല്ലാത്തവളാകണം സഭ
അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഭാഗം നമ്മോട് പറയുന്നത്, ആ സമയത്ത് ജറുസലേമിൽ നിരവധി ഭിന്ന ജനപദങ്ങളിൽ നിന്നുള്ളവരടങ്ങിയ ജനക്കുട്ടം ഉണ്ടായിരുന്നു എന്നാണ്, എന്നിരുന്നാലും, "അവർ ഓരോരുത്തരും അവരവരുടെ ഭാഷയിൽ അപ്പോസ്തലന്മാർ സംസാരിക്കുന്നത് കേട്ടു" (2,6). ഇതാ, ആ സമയത്ത്, പെന്തക്കോസ്താസമയത്ത്, മുകളിലെ മുറിയുടെ വാതിലുകൾ തുറക്കപ്പെടുന്നു, എന്തെന്നാൽ, ആത്മാവ് അതിർത്തികൾ തുറക്കുന്നു. ബെനഡിക്ട് പതിനാറാമൻ പറയുന്നതുപോലെ: "പരിശുദ്ധാത്മാവ് ഗ്രഹണശക്തി പ്രദാനം ചെയ്യുന്നു. ബാബേലിൽ ആരംഭിച്ച പിളർപ്പിനെ - നമ്മെ പരസ്പരം എതിരാളികളാക്കുന്ന ഹൃദയങ്ങളുടെ വിഭ്രാന്തിയെ - അവൻ മറികടക്കുന്നു, അതിർത്തികൾ തുറക്കുന്നു. […] സഭ എപ്പോഴും, അവൾ എന്തായിരിക്കുന്നോ, ആ അവസ്ഥയിൽ വീണ്ടും ആയിത്തീരണം: അവൾ ജനതകൾക്കിടയിലുള്ള അതിരുകൾ തുറക്കുകയും വർഗ്ഗങ്ങൾക്കും വംശങ്ങൾക്കും ഇടയിലുള്ള വേലിക്കെട്ടുകൾ തകർക്കുകയും വേണം. സഭയിൽ വിസ്മൃതരില്ല നിന്ദിതരില്ല, അങ്ങനെ ഉണ്ടാകാൻ പാടില്ല. സഭയിൽ യേശുക്രിസ്തുവിൻറെ സ്വതന്ത്ര സഹോദരീസഹോദരന്മാർ മാത്രമേ ഉള്ളൂ" (പെന്തക്കോസ്താ പ്രഭാഷണം, 15 മെയ് 2005).
പെന്തക്കോസ്തയിലെ വാചാലമായ ഒരു ചിത്രം ഇതാ, അതിനെക്കുറിച്ച് നിങ്ങളുമെത്ത് ധ്യാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
അതിരുകൾ തുറക്കുന്ന അരൂപി
ആത്മാവ്, സർവ്വോപരി, നമ്മുടെ ഉള്ളിൽ അതിരുകൾ തുറക്കുന്നു. സ്നേഹത്തിലേക്ക് നമ്മുടെ ജീവിതം തുറക്കുന്ന ദാനമാണത്. കർത്താവിൻറെ ഈ സാന്നിദ്ധ്യം നമ്മുടെ കാഠിന്യം, നമ്മുടെ അടച്ചുപൂട്ടലുകൾ, സ്വാർത്ഥത, നമ്മെ തടയുന്ന ഭയം, അവനവനെക്കുറിച്ചു മാത്രം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ആത്മാരാധന എന്നിവയെ അലിയിച്ചു കളയുന്നു. പരിശുദ്ധാത്മാവ് നമ്മെ വെല്ലുവിളിക്കാൻ വരുന്നു, ജീവിതം വ്യക്തിവാദത്തിൻറെ ചുഴിയിൽപ്പെടുന്ന, ക്ഷയിക്കുന്ന അപകടസാധ്യതയെ നേരിടാൻ നമ്മെ പ്രാപ്തരാക്കാൻ വരുന്നു. സാമൂഹ്യവൽക്കരണത്തിനുള്ള അവസരങ്ങൾ പെരുകുന്ന ഒരു ലോകത്ത്, വിരോധാഭാസമെന്നോണം, നാം കൂടുതൽ ഒറ്റയ്ക്കാകാനും, എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ലോകത്തിൽ, "വിനിമയജാലം" തീർക്കാൻ കഴിവില്ലാത്തവരാകാനും, എപ്പോഴും ആൾക്കൂട്ടത്തിൽ ആമഗ്നരായിരിക്കേ ദിശാബോധമില്ലാത്തവരും ഏകാന്ത യാത്രക്കാരുമായി തുടരാനുമുള്ള അപകട സാധ്യതയുണ്ടെന്ന് കാണുന്നത് ഖേദകരമാണ്.
നമ്മെ തുറക്കുന്ന ആത്മാവ്
എന്നാൽ, ദൈവാരൂപി, ജീവിതത്തെ നൂതനമായ രീതിയിൽ കാണുന്നതിനും ജീവിക്കുന്നതിനുമുള്ള ഒരു പുതിയ മാർഗ്ഗം കണ്ടെത്താൻ നമ്മെ സഹായിക്കുന്നു: നാം അണിഞ്ഞിരിക്കുന്ന മുഖംമൂടികളെ ഭേദിച്ച് നമ്മെത്തന്നെ കണ്ടുമുട്ടുന്നതിലേക്ക് അത് നമ്മെ തുറക്കുന്നു; കർത്താവിൻറെ ആനന്ദമനുഭവിക്കാൻ നമ്മെ പഠിപ്പിച്ചുകൊണ്ട് അത് അവിടന്നുമായുള്ള സമാഗമത്തിലേക്ക് നമ്മെ നയിക്കുന്നു; ഇപ്പോൾ പ്രഘോഷിക്കപ്പെട്ട യേശുവിൻറെതന്നെ വാക്കുകൾ അനുസരിച്ച്, നാം സ്നേഹത്തിൽ നിലനിന്നാൽ മാത്രമേ നമുക്ക് അവൻറെ വചനം പാലിക്കാനും അതുവഴി രൂപാന്തരപ്പെടാനുമുള്ള ശക്തി ലഭിക്കൂ എന്ന് അത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. നമ്മുടെ ജീവിതം ആതിഥ്യമരുളുന്ന ഇടമായി മാറുന്നതിനു വേണ്ടി അത് നമ്മുടെ ആന്തരിക അതിരുകൾ തുറക്കുന്നു.
ബന്ധങ്ങളെ ബാധിക്കുന്ന ആധിപത്യ ഭാവം അതിക്രമത്തിലേക്കു നയിക്കുന്നു
ആത്മാവ്, അതിനുപുറമെ, നമ്മുടെ ബന്ധങ്ങളിലെ അതിരുകളും തുറക്കുന്നു. വാസ്തവത്തിൽ, യേശു പറയുന്നു, ഈ ദാനം അവനും നമ്മിൽ വസിക്കാൻ വരുന്ന പിതാവും തമ്മിലുള്ള സ്നേഹമാണെന്ന്. ദൈവസ്നേഹം നമ്മിൽ കുടികൊള്ളുമ്പോൾ നാം, നമ്മുടെ സഹോദങ്ങൾക്ക് സ്വയം തുറന്നുകൊടുക്കാനും നമ്മുടെ കാർക്കശ്യതയെ മറികടക്കാനും വ്യത്യസ്തരായവരോടുള്ള ഭയത്തെ തരണം ചെയ്യാനും നമ്മുടെ ഉള്ളിൽ ഉണരുന്ന വികാരങ്ങളെ നിയന്ത്രിക്കാനും പ്രാപ്തരാകും. എന്നാൽ തെറ്റിദ്ധാരണകൾ, മുൻവിധികൾ, മറ്റുള്ളവരെ കരുവാക്കൽ തുടങ്ങിയ നമ്മുടെ ബന്ധങ്ങളെ മലിനമാക്കുന്ന ഏറ്റവും നിഗൂഢമായ അപകടങ്ങളെയും ആത്മാവ് രൂപാന്തരപ്പെടുത്തുന്നു. മറ്റൊരാളുടെ മേൽ ആധിപത്യം പുലർത്തുന്നതിനുള്ള ദാഹം ബന്ധത്തെ ബാധിക്കുന്ന അവസ്ഥയെക്കുറിച്ച് വളരെ വേദനയോടെയാണ് ഞാൻ ചിന്തിക്കുന്നത്. ആ മനോഭാവം, സമീപകാലത്തെ നിരവധിയായ സ്ത്രീഹത്യാ സംഭവങ്ങൾ കാണിക്കുന്നതു പോലെ, പലപ്പോഴും അക്രമത്തിലേക്ക് നയിക്കുന്നു.
ആത്മാവിൻറെ ഫലങ്ങൾ നമ്മിൽ പാകമാകണം
പരിശുദ്ധാരൂപിയാകട്ടെ, നേരെമറിച്ച്, യഥാർത്ഥവും നല്ലതുമായ ബന്ധങ്ങൾ ജീവിക്കാൻ സഹായിക്കുന്ന ഫലങ്ങൾ നമ്മിൽ പാകമാകുന്നതിന് വഴിയൊരുക്കുന്നു: "സ്നേഹം, സന്തോഷം, സമാധാനം, ഉദാരത, ദയാശീലം, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം" (ഗലാത്തിയർ 5:22). ഈ രീതിയിൽ, ആത്മാവ് മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളുടെ സീമകൾ വിശാലമാക്കുകയും സാഹോദര്യത്തിൻറെ സന്തോഷത്തിലേക്ക് നമ്മെ തുറക്കുകയും ചെയ്യുന്നു. സഭയ്ക്കും ഇത് ഒരു നിർണ്ണായക മാനദണ്ഡമാണ്: നമുക്കിടയിൽ അതിരുകളോ വിഭജനങ്ങളോ ഇല്ലെങ്കിൽ, സഭയിൽ, നമ്മുടെ വ്യത്യാസങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് പരസ്പരം സംവദിക്കാനും സ്വീകരിക്കാനും നമുക്കറിയാമെങ്കിൽ, ഒരു സഭ എന്ന നിലയിൽ നാം എല്ലാവരെയും സ്വാഗതം ചെയ്യുന്നതും ആതിഥ്യമരുളുന്നതുമായ ഒരു ഇടമായി മാറുകയാണെങ്കിൽ മാത്രമേ, നാം യഥാർത്ഥത്തിൽ ഉത്ഥിതൻറെ സഭയും പെന്തക്കോസ്ത ശിഷ്യന്മാരും ആകുകയുള്ളൂ.
ദൈവിക നിശ്വാസം നമ്മെ ഒന്നിപ്പിക്കുന്നു
അവസാനമായി, ആത്മാവ് ജനതകൾക്കിടയിലും അതിരുകൾ തുറക്കുന്നു. പെന്തക്കോസ്താനാളിൽ അപ്പോസ്തലന്മാർ അവർ കണ്ടുമുട്ടുന്നവരുടെ ഭാഷകൾ സംസാരിക്കുന്നു, ബാബേലിലെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ ഒടുവിൽ ആത്മാവിനാൽ സൃഷ്ടിക്കപ്പെടുന്ന ഐക്യത്താൽ ശമിക്കുന്നു. ദൈവിക നിശ്വാസം നമ്മുടെ ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും അപരനിൽ ഒരു സഹോദരൻറെ വദനം ദർശിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുമ്പോൾ, വ്യത്യാസങ്ങൾ ഭിന്നതയ്ക്കും സംഘർഷത്തിനുമുള്ള കാരണമായി മാറില്ല, മറിച്ച് നമുക്കെല്ലാവർക്കും സമീപിക്കാൻ കഴിയുന്നതും നമ്മളെയെല്ലാം ഒരുമിച്ച്, സാഹോദര്യത്തിൽ, യാത്രയിലാക്കുന്നതുമായ ഒരു പൊതു പൈതൃകമായി മാറുന്നു.
നിസ്സംഗതയുടെയും വിദ്വേഷത്തിൻറെ മതിലുകൾ തകർക്കുന്ന അരൂപി
ആത്മാവ് അതിരുകൾ ഭേദിക്കുകയും നിസ്സംഗതയുടെയും വിദ്വേഷത്തിൻറെയും മതിലുകൾ തകർക്കുകയും ചെയ്യുന്നു, കാരണം "അവൻ നമ്മെ എല്ലാം പഠിപ്പിക്കുന്നു", "യേശുവിൻറെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു" (യോഹന്നാൻ 14:26 കാണുക); അതിനാൽ, ഒന്നാമതായി, അവൻ നമ്മെ പഠിപ്പിക്കുന്നു, നമ്മെ ഓർമ്മിപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളിൽ സ്നേഹത്തിൻറെ കൽപ്പന കൊത്തിവയ്ക്കുന്നു, അതിനെ കർത്താവ് സകലത്തിൻറെയും കേന്ദ്രവും ഉച്ചകോടിയുമാക്കിയിരിക്കുന്നു. സ്നേഹമുള്ളിടത്ത് മുൻവിധികൾക്ക്, നമ്മുടെ അയൽക്കാരനിൽ നിന്ന് നമ്മെ അകറ്റുന്ന സുരക്ഷാ അകലങ്ങൾക്ക്, നിർഭാഗ്യവശാൽ, രാഷ്ട്രീയ ദേശീയതകളിലും ഉയർന്നുവരുന്ന ഒഴിവാക്കലിൻറെ യുക്തിക്ക്, ഇടമില്ല.
ആത്മാവിൻറെ ശക്തമായ കാറ്റ് നമ്മുടെ മേലും നമ്മിലും വീശട്ടെ
പെന്തക്കോസ്ത ആഘോഷിക്കവെ, ഫ്രാൻസിസ് പാപ്പാ ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി: "ഇന്ന് ലോകത്ത് അനൈക്യം ധാരാളമാണ്, വളരെയധികം ഭിന്നിപ്പുണ്ട്. നാമെല്ലാവരും ബന്ധപ്പെട്ടിരിക്കുന്നു, എന്നിട്ടും നമ്മൾ പരസ്പരം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു, നിസ്സംഗതയാൽ മയക്കപ്പെട്ടിരിക്കുന്നു, ഏകാന്തതയാൽ അടിച്ചമർത്തപ്പെട്ടിരിക്കുന്നു" (സുവിശേഷപ്രഭാഷണം, 28 മെയ് 2023). നമ്മുടെ ഗ്രഹത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധങ്ങൾ ഇതിൻറെയെല്ലാം ദാരുണമായ ഒരു അടയാളമാണ്. അതിരുകൾ തുറക്കുകയും, മതിലുകൾ തകർക്കുകയും, വിദ്വേഷം ഇല്ലാതാക്കുകയും, സ്വർഗ്ഗസ്ഥനായ ഏക പിതാവിൻറെ മക്കളായി ജീവിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നതിനായി സ്നേഹത്തിൻറെയും സമാധാനത്തിൻറെയും ആത്മാവിനെ നമുക്ക് വിളിച്ചപേക്ഷിക്കാം. സഹോദരീ സഹോദരന്മാരേ, സഭയെ നവീകരിക്കുന്നതും ലോകത്തെ നവീകരിക്കുന്നതും പെന്തക്കോസ്തയാണ്! ആത്മാവിൻറെ ശക്തമായ കാറ്റ് നമ്മുടെ മേലും നമ്മിലും വീശട്ടെ, ഹൃദയത്തിൻറെ അതിരുകൾ തുറക്കട്ടെ, ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ കൃപ നമുക്ക് പ്രദാനം ചെയ്യട്ടെ, സ്നേഹത്തിൻറെ ചക്രവാളങ്ങൾ വിശാലമാക്കട്ടെ, സമാധാനം വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള നമ്മുടെ ശ്രമങ്ങളെ പിന്തുണയ്ക്കട്ടെ.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം
പെന്തക്കോസ്തയുടെ മഹിളയായ, പരിശുദ്ധാരൂപിയുടെ സന്ദർശനം ലഭിച്ചവളായ കന്യകയായ, കൃപ നിറഞ്ഞ അമ്മയായ, ഏറ്റം പരിശുദ്ധയായ മറിയം നമ്മെ തുണയ്ക്കുകയും നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: