ജീവിതത്തിന് അർത്ഥം കണ്ടെത്താനുള്ള സാദ്ധ്യത സദാ ഉണ്ട്, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ബുധനാഴ്ചയും (04/06/25) ലിയൊ പതിനാലാമൻ പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി കഴിഞ്ഞ വാരത്തിലെന്നപോലെ, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു. നിർല്ലോഭം ചൊരിയപ്പെട്ട സൂര്യകിരണങ്ങളുടെ താപവികിരണം ശക്തമായിരുന്നെങ്കിലും വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങൾ തുറസ്സായ ചത്വരത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തൊട്ട് ആശീർവ്വദിക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു.
മത്തായിയുടെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ, അദ്ധ്യായം 20,1-7 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാരായണം ചെയ്യപ്പെട്ടത്.
“യേശു പറഞ്ഞു: സ്വർഗ്ഗരാജ്യം, തൻറെ മുന്തിരത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശ്യം. ദിവസം ഒരു ദനാറ വീതം വേതനം നല്കാമെന്ന കരാറിൽ അവൻ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാം മണിക്കൂറിൽ അവൻ പുറത്തേക്കിറങ്ങിയപ്പോൾ ചിലർ ചന്തസ്ഥലത്ത് അലസരായി നില്ക്കുന്നതു കണ്ട് അവരോടു പറഞ്ഞു: നിങ്ങളും മുന്തിരത്തോട്ടത്തിലേക്കു ചെല്ലുവിൻ; ന്യായമായ വേതനം നിങ്ങൾക്കു ഞാൻ തരാം. അവരും മുന്തിരത്തോട്ടത്തിലേക്കു പോയി. ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തിറങ്ങിയപ്പോഴും അവൻ ഇതുപോലെതന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറിൽ അവൻ പുറത്തിറങ്ങിയപ്പോഴും അവിടെ ചിലർ നില്ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങൾ ദിവസം മുഴുവൻ അലസരായി നില്ക്കുന്നതെന്ത്?ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവർ മറുപടി നല്കി. അവൻ പറഞ്ഞു: നിങ്ങളും മുന്തിരത്തോട്ടത്തിലേക്കു ചെല്ലുവിൻ.”
ഈ സുവിശേഷ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലി വർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധന പരമ്പരയിൽ ഇപ്പോൾ വിചിന്തനത്തിന് ആധാരം യേശുവിൻറെ ഉപമകളാകയാൽ ലിയൊ പതിനാലാമൻ പാപ്പാ മുന്തിരത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ വിശകലനം ചെയ്തു. പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത് ഈ വാക്കുകളിലാണ്:
പ്രത്യാശയെ ഊട്ടിവളർത്തുന്ന ഉപമ
പ്രിയ സഹോദരീ സഹോദരന്മാരേ,
വീണ്ടും ഞാൻ യേശുവിൻറെ ഒരു ഉപമയെക്കുറിച്ച് ചിന്തിക്കാൻ അഭിലഷിക്കുകയാണ്. ഇതും നമ്മുടെ പ്രത്യാശയെ പരിപോഷിപ്പിക്കുന്ന ഒരു ചെറുകഥയാണ്. ചിലപ്പോഴൊക്കെ, വാസ്തവത്തിൽ, നമ്മുടെ ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താൻ കഴിയുന്നില്ലെന്ന് നമുക്ക് തോന്നും: ആരെങ്കിലും ജോലിക്ക് കൊണ്ടുപോകുമെന്നു കരുതി കാത്തിരിക്കുന്ന തൊഴിലാളികളെപ്പോലെ, നാം ഉപയോഗശൂന്യരും, കഴിവില്ലാത്തവരും ആണെന്ന് നമുക്കു തോന്നും. എന്നാൽ ചിലപ്പോൾ സമയം കടന്നുപോകുന്നു, ജീവിതം കടന്നുപോകുന്നു, നാം അംഗീകരിക്കപ്പെടുകയൊ വിലമതിക്കപ്പെടുകയോ ചെയ്തതായി നമുക്കു തോന്നുന്നില്ല. ഒരുപക്ഷേ നമ്മൾ കൃത്യസമയത്ത് എത്തിയില്ലായിരിക്കാം, മറ്റുള്ളവർ നമുക്കു മുമ്പേ ഹാജരായി, അല്ലെങ്കിൽ ആശങ്കകൾ നമ്മെ മറ്റെവിടെയെങ്കിലും പിടിച്ചുനിർത്തിയിരിക്കാം.
ജീവിതത്തിൻറെ മൂല്യം കണ്ടെത്താൻ സഹായിക്കുന്ന കർത്താവ്
ചന്തസ്ഥലത്തിൻറെ സാദൃശ്യം നമ്മുടെ കാലഘട്ടത്തിന് വളരെ അനുയോജ്യമാണ്, കാരണം കമ്പോളം എന്നത് കച്ചവട സ്ഥലമാണ്, അവിടെ ദൗർഭാഗ്യവശാൽ വാത്സല്യവും അന്തസ്സും, അവയിൽ നിന്ന് എന്തെങ്കിലും നേടാൻ ശ്രമിച്ചുകൊണ്ട്, വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. നമ്മൾ വിലമതിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് തോന്നുമ്പോൾ, ആദ്യം ലേലം വിളിക്കുന്നയാൾക്ക് ഒരുവൻ സ്വയം വിൽക്കുന്ന അപകട സാധ്യതയുണ്ട്. എന്നാൽ നേരെമറിച്ച്, നമ്മുടെ ജീവിതത്തിന് മൂല്യമുണ്ടെന്നും അത് കണ്ടെത്താൻ നമ്മെ സഹായിക്കുകയാണ് തൻറെ ആഗ്രഹമെന്നും കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു.
അസാധാരണ തോട്ടമുടമ
ഇന്ന് നാം വ്യാഖ്യാനിക്കുന്ന ഉപമയിലും തങ്ങളെ ആരെങ്കിലും ദിവസജോലിക്കെടുക്കുന്നതിനായി കാത്തിരിക്കുന്ന തൊഴിലാളികളുണ്ട്. നമ്മൾ മത്തായിയുടെ സുവിശേഷത്തിൻറെ ഇരുപതാമത്തെ അദ്ധ്യായത്തിലാണ്. ഇവിടെയും ആശ്ചര്യപ്പെടുത്തുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന, അസാധാരണമായ രീതിയിൽ പെരുമാറുന്ന, ഒരു കഥാപാത്രത്തെ നമുക്ക് കാണാം. അയാൾ ഒരു മുന്തിരിത്തോട്ടത്തിൻറെ ഉടമയാണ്, അയാൾ വേലക്കാരെ അന്വേഷിക്കാൻ നേരിട്ടിറങ്ങുന്നു. അവരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ അവൻ ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്.
വേലക്കാരെ തേടിയിറങ്ങുന്ന യജമാനൻ
ഞാൻ പറഞ്ഞതുപോലെ, ഇത് പ്രത്യാശാദായകമായ ഒരു ഉപമയാണ്, കാരണം ഈ ഉടമ സ്വന്തം ജീവിതത്തിന് ഒരു അർത്ഥം നൽകാൻ കാത്തിരിക്കുന്നവരെ തേടി പലതവണ പുറത്തുപോകുന്നുവെന്ന് ഇത് നമ്മോട് പറയുന്നു. ഉടമ നേരം വെളുത്തയുടൻ പുറത്തുപോകുന്നു, പിന്നീട്, തൻറെ മുന്തിരിത്തോട്ടത്തിലേക്ക് അയയ്ക്കാൻ തൊഴിലാളികളെ അന്വേഷിച്ച് ഓരോ മൂന്ന് മണിക്കൂറിലും അയാൾ പുറത്തു പോകുന്നു. ഈ ക്രമം പിന്തുടർന്നാണെങ്കിൽ, ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പുറത്തുപോയതിനുശേഷം, വീണ്ടും പുറത്തുപോകുന്നതിൽ അർത്ഥമില്ല, കാരണം പ്രവൃത്തി ദിവസം ആറ് മണിക്ക് അവസാനിക്കുമായിരുന്നു.
നമ്മുടെ ജീവിതത്തിന് മൂല്യം കല്പിക്കുന്നവൻ
നമ്മളിൽ ഓരോരുത്തരുടെയും ജീവിതത്തിന് എന്ത് വില കൊടുത്തും മൂല്യം നൽകാൻ ആഗ്രഹിക്കുന്ന ഈ അക്ഷീണ ഉടമ, എന്നാൽ അഞ്ച് മണിക്കും പുറത്തുപോകുന്നു. ചന്തസ്ഥലത്ത് അവശേഷിച്ചിരുന്ന തൊഴിലാളികൾക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നിരിക്കാം. ആ ദിവസം പാഴായിപ്പോയി. നേരെമറിച്ച് ആർക്കോ ഇപ്പോഴും അവരിൽ വിശ്വസമുണ്ട്. ജോലി ദിവസത്തിൻറെ അവസാന മണിക്കൂറിനായി മാത്രം തൊഴിലാളികളെ എടുക്കുന്നതിൻറെ അർത്ഥമെന്താണ്? ഒരു മണിക്കൂർ മാത്രം ജോലിക്ക് പോകുന്നതിന് എന്ത് അർത്ഥമാണുള്ളത്? എന്നിരുന്നാലും, ജീവിതത്തിൽ നമുക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് തോന്നുമ്പോഴും, അതിന് എല്ലായ്പ്പോഴും മൂല്യമുണ്ട്. അർത്ഥം കണ്ടെത്താനുള്ള സാധ്യത എപ്പോഴും ഉണ്ട്, കാരണം ദൈവം നമ്മുടെ ജീവിതത്തെ സ്നേഹിക്കുന്നു.
തോട്ടമുടമയുടെ ന്യായം
ഇവിടെയും ഈ യജമാനൻറെ മൗലികത ദിനാന്ത്യത്തിലും, വേതനമേകുന്ന വേളയിൽ പ്രകടമാകുന്നു. ആദ്യത്തെ തൊഴിലാളികളുമായി, അതായത് പുലർച്ചെ മുന്തിരിത്തോട്ടത്തിലേക്ക് പോകുന്നവരുമായി, യജമാനൻ ധാരണയിലെത്തിയത് ഒരു ദിനാറയ്ക്കാണ്, അത് ഒരു ദിവസത്തെ ജോലിക്കുള്ള സാധാരണ കൂലിയായിരുന്നു. മറ്റുള്ളവരോട് അവൻ അവർക്ക് ന്യായമായത് നൽകുമെന്ന് പറയുന്നു. ഇവിടെയാണ് ഉപമ നമ്മിൽ ചോദ്യമുണർത്തുന്നത്: എന്താണ് ന്യായം? മുന്തിരിത്തോട്ടത്തിൻറെ ഉടമസ്ഥന്, അതായത്, ദൈവത്തിന്, ന്യായമായത്, എല്ലാവർക്കും ജീവിക്കാൻ ആവശ്യമായത് ഉണ്ടായിരിക്കുക എന്നതാണ്. അവൻ തൊഴിലാളികളെ വ്യക്തിപരമായി വിളിച്ചു, അവരുടെ അന്തസ്സ് അവനറിയാം, അതിൻറെ അടിസ്ഥാനത്തിൽ അവൻ അവർക്ക് കൂലി നൽകാൻ ആഗ്രഹിക്കുന്നു. അവൻ എല്ലാവർക്കും ഒരു ദിനാറ വീതം നൽകുന്നു.
നമ്മുടെ നൈരാശ്യം
കഥയിൽ പറയുന്നത്, ആദ്യ മണിക്കൂർ ജോലിക്കാർ നിരാശരായി എന്നാണ്: യജമാനൻറെ പ്രവൃത്തിയുടെ സൗഷ്ഠവം കാണാൻ അവർക്ക് കഴിയുന്നില്ല, ആ പ്രവർത്തി അന്യായമല്ല, മറിച്ച് തീർത്തും ഉദാരമായിരുന്നു, അവൻ യോഗ്യത മാത്രമല്ല നോക്കിയത്, ആവശ്യകതയും പരിഗണിച്ചു. ദൈവം എല്ലാവർക്കും തൻറെ രാജ്യം, അതായത്, പൂർണ്ണവും, ശാശ്വതവും, സന്തുഷ്ടവുമായ ജീവിതം നൽകാൻ ആഗ്രഹിക്കുന്നു. യേശു നമ്മോടു ചെയ്യുന്നത് അങ്ങനെയാണ്: അവൻ പദവിക്രമം നോക്കുന്നില്ല, ഹൃദയം തന്നിലേക്ക് തുറക്കുന്നവർക്ക് അവൻ തന്നെത്തന്നെ പൂർണ്ണമായി നൽകുന്നു.
വൈകരുത്, ജോലിക്കിറങ്ങുക
ഈ ഉപമയുടെ വെളിച്ചത്തിൽ, ഇന്നത്തെ ക്രിസ്ത്യാനി ഇങ്ങനെ ചിന്തിക്കാൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം: "എന്തിന് ഉടൻ ജോലി ചെയ്യാൻ തുടങ്ങണം? പ്രതിഫലം ഒന്നുതന്നെയാണെങ്കിൽ, എന്തിന് കൂടുതൽ ജോലി ചെയ്യണം?". ഈ സംശയങ്ങൾക്ക്, വിശുദ്ധ അഗസ്റ്റിൻ മറുപടി നൽകുന്നത് ഇങ്ങനെയാണ്: "നിങ്ങൾക്ക് പ്രതിഫലം ഉറപ്പാണെങ്കിലും ദിവസത്തെക്കുറിച്ച് ഉറപ്പില്ലാത്തപ്പോൾ, നിങ്ങളെ വിളിക്കുന്നവനെ പിന്തുടരാൻ നിങ്ങൾ എന്തിനാണ് വൈകുന്നത്? അവൻ തൻറെ വാഗ്ദാനത്തിൻറെ അടിസ്ഥാനത്തിൽ നിനക്ക് നൽകാനുദ്ദേശിക്കുന്നത്, നിൻറെ കാലവിളംബം മൂലം, നിന്നിൽ നിന്ന് എടുത്തുകളയാതിരിക്കാൻ ശ്രദ്ധിക്കുക."
കർത്താവിനോടു പ്രത്യുത്തരിക്കുക
പ്രത്യേകിച്ച്, യുവതയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, അമാന്തിക്കരുത്, മറിച്ച് തൻറെ മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യാൻ നമ്മെ വിളിക്കുന്ന കർത്താവിനോട് ആവേശത്തോടെ പ്രത്യുത്തരിക്കുക. വൈകരുത്, നിൻറെ ഉടുപ്പിൻറെ കൈകൾ മടക്കിവയ്ക്കുക, കാരണം കർത്താവ് ഉദാരമതിയാണ്, നീ നിരാശപ്പെടില്ല! അവൻറെ മുന്തിരിത്തോപ്പിൽ ജോലി ചെയ്തുകൊണ്ട്, നിനക്ക് നിൻറെ ഉള്ളിൽ നീ കൊണ്ടുനടക്കുന്ന ആ ആഴമേറിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകും: എൻറെ ജീവിതത്തിൻറെ അർത്ഥമെന്താണ്?
കർത്താവ് ഉദാരനാണ്
പ്രിയ സഹോദരീ സഹോദരന്മാരേ, നാം നിരാശരാകരുത്! നാം തേടുന്ന ഉത്തരങ്ങൾ നല്കാതെ സമയം കടന്നുപോകുന്നതായ ജീവിതത്തിൻറെ ഇരുണ്ട നിമിഷങ്ങളിൽ പോലും, കർത്താവിനോട് വീണ്ടും പുറത്തേക്കു വരാനും നാം കാത്തിരിക്കുന്നിടത്ത് എത്താനും നമുക്ക് അപേക്ഷിക്കാം. കർത്താവ് ഉദാരമതിയാണ്, ഉടൻ വരും!
സമാപനാഭിവാദ്യവും ആശീർവ്വാദവും
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയു പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശനപരിപാടിയുടെ സമാപന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. ജൂൺ 8-ന്, ഞായറാഴ്ച പെന്തക്കോസ്താത്തിരുന്നാൾ ആചരിക്കപ്പെടുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്തോട് വിധേയത്വമുള്ളവരാകാനും റൂഹായുടെ വെളിച്ചവും ശക്തിയും പ്രാർത്ഥിക്കാനും എല്ലാവരെയും ക്ഷണിച്ചു. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: