പാപ്പാ: നമ്മുടെ “മേലങ്കി” വലിച്ചെറിയാം, സൗഖ്യമേകാൻ കർത്താവിനോട് അപേക്ഷിക്കാം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ബുധനാഴ്ചയും (11/06/25) ലിയൊ പതിനാലാമൻ പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. ഇറ്റലിയിൽ വേനൽക്കാലം ആരംഭിക്കുന്നത്, ഔപചാരികമായി, ജൂൺ 21-നാണെങ്കിലും കാലാവസ്ഥയിൽ വേനൽക്കാലത്തിൻറെ ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞു. ഈ ദിനങ്ങളിൽ ശക്തമായ ചൂട് റോമിൽ അനുഭവപ്പെടുന്നുണ്ട്. എന്നിരുന്നാലും പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുദർശനത്തിൻറെ വേദി കഴിഞ്ഞ വാരത്തിലെന്നപോലെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണമായിരുന്നു. വിവിധരാജ്യക്കാരായിരുന്ന പതിനായിരങ്ങൾ, ചത്വരത്തിൽ സന്നിഹിതരായിരുന്നു. സൂര്യകിരണങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് പലരും തൊപ്പിയും ചെറുകുടയും മറ്റും കരുതിയിരുന്നു. പാപ്പാ തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തൊട്ട് ആശീർവ്വദിക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു. യേശു, വഴിയിരികിൽ ഇരിക്കുകയായിരുന്ന അന്ധനായ ബർതിമേയൂസിൻറെ അപേക്ഷ കേട്ട് അവന് കാഴ്ചയേകുന്ന അത്ഭുതം അവതരിപ്പിച്ചിരിക്കുന്ന, മർക്കോസിൻറെ സുവിശേഷം, അദ്ധ്യായം 10,49-52 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാരായണം ചെയ്യപ്പെട്ടത്.
“യേശു പെട്ടെന്നു നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവർ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്ക്കുക; യേശു നിന്നെ വിളിക്കുന്നു. അവൻ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി യേശുവിൻറെ അടുത്തെത്തി. യേശു ചോദിച്ചു: ഞാൻ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധൻ അവനോടു പറഞ്ഞു: നീ പൊയ്ക്കൊള്ളുക, നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവൻ യേശുവിനെ അനുഗമിച്ചു.” മർക്കോസ് 10,49-52
ഈ സുവിശേഷ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവിതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പരയിൽ നടത്തിപ്പോന്നിരുന്ന യേശുവിൻറെ ഉപമകളുടെ വിശകലനം കാഴിഞ്ഞവാരത്തിൽ അവസാനിച്ചതിനാൽ ലിയൊ പതിനാലാമൻ പാപ്പാ ഇത്തവണ വചിന്തനത്തിന് അവലംബമാക്കിയത് യേശു നടത്തുന്ന സൗഖ്യദായക ശുശ്രൂഷയാണ്. പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത് ഈ വാക്കുകളിലാണ്:
യേശുവിൻറ സൗഖ്യദായക പ്രവർത്തികൾ
പ്രിയ സഹോദരീ സഹോദരന്മാരേ,
യേശുവിൻറെ ജീവിതത്തിലെ മറ്റൊരു സത്താപരമായ മാനത്തിലേക്ക്, അതായത്, അവിടന്നു നടത്തുന്ന സൗഖ്യദായക പ്രവർത്തികളിലേക്ക്, നമ്മുടെ നോട്ടം തിരിക്കാൻ ഈ പ്രബോധനത്തിലൂടെ ഞാൻ അഭിലഷിക്കുന്നു. ആകയാൽ, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമോ ബലഹീനമോ ആയ ഭാഗങ്ങൾ, നിങ്ങൾ നിശ്ചലമായിപ്പോയതും തളച്ചിടപ്പെട്ടതുമായി തോന്നുന്ന ഇടങ്ങൾ, ക്രിസ്തുവിൻറെ ഹൃദയത്തിനു മുന്നിൽ വയ്ക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. നമ്മുടെ നിലവിളി കേൾക്കാനും നമ്മെ സുഖപ്പെടുത്താനും നമുക്ക് കർത്താവിനോട് വിശ്വാസത്തോടെ അപേക്ഷിക്കാം!
ബർത്തിമേയൂസ് നല്കുന്ന പാഠം
നമുക്ക് ശൂന്യതാബോധം അനുഭവപ്പെടുമ്പോൾ പോലും, ഒരിക്കലും പ്രത്യാശ വെടിയരുതെന്ന് മനസ്സിലാക്കാൻ ഈ വിചിന്തനത്തിൽ നമ്മോടൊപ്പമുള്ള കഥാപാത്രം നമ്മെ സഹായിക്കുന്നു. യേശു ജെറീക്കോയിൽ കണ്ടുമുട്ടിയ അന്ധനും യാചകനുമായ ബർത്തിമേയൂസ് ആണ് അത് (മർക്കോസ് 10:40-52 കാണുക). ഇവിടെ ഈ സ്ഥലം പ്രധാനമാണ്: യേശു ജറുസലേമിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്, പക്ഷേ അവൻ യാത്ര ആരംഭിക്കുന്നത്, സമുദ്രനിരപ്പിന് താഴെയുള്ള ഒരു നഗരമായ ജെറീക്കൊയിലെ "പാതാളത്തിൽ" നിന്നാണെന്നു പറയാം. വാസ്തവത്തിൽ, നമ്മെ ഓരോരുത്തരെയും പ്രതിനിധാനം ചെയ്യുന്നവരും താഴേക്കു നിപതിച്ചവനുമായ ആ ആദാമിനെ വീണ്ടെടുക്കാൻ യേശു പോയി.
ബർത്തിമേയൂസ് എന്നാൽ "തിമേയൂസിൻറെ മകൻ" എന്നാണ് അർത്ഥം: അത് ആ മനുഷ്യനെ ഒരു ബന്ധത്തിൻറെ വെളിച്ചത്തിൽ വിവരിക്കുന്നു, എന്നിട്ടും അവൻ നാടകീയമാംവിധം ഒറ്റയ്ക്കാണ്. എന്നിരുന്നാലും, ഈ പേര്, അവൻ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയ്ക്ക് നേർവിപരീതമായ "ആദരവിൻറെ പുത്രൻ" അല്ലെങ്കിൽ "ആരാധനയുടെ പുത്രൻ" എന്നും അർത്ഥമാക്കാം. യഹൂദ സംസ്കാരത്തിൽ നാമത്തിന് വളരെ പ്രധാന്യം ഉണ്ടെന്നിരിക്കെ, ബർത്തിമേയൂസിന് താൻ എങ്ങനെ ആയിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവോ അതിനനുസാരം ജീവിക്കാൻ കഴിയുന്നില്ല എന്നാണ് വിവക്ഷ.
പരസഹായം ആവശ്യമായിവരുമ്പോൾ
യേശുവിനെ പിൻചെല്ലുന്ന ആളുകളുടെ വലിയ ചലനാത്മകതയിൽ നിന്ന് വ്യത്യസ്തമായി, ബർത്തിമേയൂസ് നിശ്ചലനാണ്. അവൻ വഴിയോരത്ത് ഇരിക്കുകയാണെന്നാണ് സുവിശേഷകൻ പറയുന്നത്. ആകയാൽ, അവന് എഴുന്നേറ്റ് വീണ്ടും നടക്കാൻ സഹായിക്കുന്നതിന് ആരെങ്കിലും ആവശ്യമാണ്.
ഒരു വഴിയുമില്ലാത്ത ഒരു സാഹചര്യത്തിൽ നാം പെട്ടുപോകുമ്പോൾ നമുക്ക് എന്തുചെയ്യാൻ കഴിയും? നമ്മുടെ ഉള്ളിൽ നാം സംവഹിക്കുന്നതും നമ്മുടെ ഭാഗമായതുമായ വിഭവങ്ങളെ ആശ്രയിക്കാൻ ബർത്തിമേയൂസ് നമ്മെ പഠിപ്പിക്കുന്നു. അവൻ ഒരു യാചകനാണ്, എങ്ങനെ ചോദിക്കണമെന്ന് അവനറിയാം, തീർച്ചയായും, അവന് നിലവിളിച്ചപേക്ഷിക്കാൻ കഴിയും! നീ എന്തെങ്കിലും ശരിക്കും ആഗ്രഹിക്കുന്നവെങ്കിൽ, മറ്റുള്ളവർ നിങ്ങളെ ശകാരിക്കുകയും അപമാനിക്കുകയും വിട്ടുകളയാൻ പറയുകയും ചെയ്യുമ്പോൾ പോലും, അതു നേടാൻ സർവ്വാത്മനാ പരിശ്രമിക്കുക. നീ യഥാർത്ഥത്തിൽ അത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഉച്ചത്തിൽ യാചന തുടരുക!
ഉച്ചത്തിലുള്ള അപേക്ഷ
മർക്കോസിൻറെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബർത്തിമേയൂസിൻറെ രോദനം - "യേശുവേ, ദാവീദിൻറെ പുത്രാ, എന്നിൽ കനിയേണമേ!" (മർക്കോസ് 10,47) - പൗരസ്ത്യ പാരമ്പര്യത്തിൽ വളരെ ശ്രദ്ധേയമായ ഒരു പ്രാർത്ഥനയായി മാറി, അത് നമുക്കും ഉപയോഗിക്കാം: "കർത്താവായ യേശുക്രിസ്തുവേ, ദൈവപുത്രാ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ".
അന്ധതയിലും കാഴ്ചയുള്ളവൻ
ബർത്തിമേയൂസ് അന്ധനാണ്, പക്ഷേ വിരോധാഭാസമെന്നു പറയട്ടെ, അവൻ മറ്റുള്ളവരെക്കാൾ നന്നായി കാണുകയും യേശു ആരാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു! അവൻറെ നിലവിളി കേട്ടപ്പോൾ, യേശു നില്ക്കുകയും അവനെ വിളിക്കുകയും ചെയ്യുന്നു (മർക്കോസ് 10,49 കാണുക), എന്തെന്നാൽ, നമ്മൾ അവനെ വിളിക്കുന്നുണ്ടെന്ന അവബോധം നമുക്കില്ലെങ്കിൽപ്പോലും പോലും, ദൈവം കേൾക്കാത്ത ഒരു നിലവിളിയും ഇല്ല (പുറപ്പാട് 2:23 കാണുക). ഒരു അന്ധൻറെ മുന്നിലെത്തിയ, യേശു ഉടനെ അവൻറെ അടുക്കൽ പോകുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു; പക്ഷേ, നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അത് ബർത്തിമേയൂസിൻറെ ജീവിതം വീണ്ടും സജീവമാക്കാനുള്ള വഴിയാണെന്നു മനസ്സിലാകും: അവൻ അവനെ എഴുന്നേൽക്കാൻ പ്രേരിപ്പിക്കുന്നു, നടക്കാനുള്ള അവൻറെ കഴിവിൽ അവൻ വിശ്വസിക്കുന്നു. ആ മനുഷ്യന് വീണ്ടും എഴുന്നേറ്റുനില്ക്കാനാകും, മൃത്യുവിൻറെതായ അവസ്ഥകളിൽ നിന്ന് അവന് ഉയിർത്തെഴുന്നേൽക്കാൻ കഴിയും. എന്നാൽ ഇതിന് അവൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യണം: അവൻ അവൻറെ മേലങ്കി വലിച്ചെറിയണം (വാക്യം 50 കാണുക)!
മേലങ്കി വലിച്ചെറിയേണ്ട നേരം
ഒരു യാചകനെ സംബന്ധിച്ചിടത്തോളം, മേലങ്കി അവൻറെ എല്ലാമാണ്: അത് അവൻറെ സുരക്ഷയാണ്, അത് അവൻറെ വീടാണ്, അത് അവനെ സംരക്ഷിക്കുന്ന പ്രതിരോധമാണ്. നിയമം പോലും യാചകൻറെ മേലങ്കിക്ക് സംരക്ഷണം ഉറപ്പാക്കുകയും അത് ഒരു പണയമായി എടുത്തിട്ടുണ്ടെങ്കിൽ വൈകുന്നേരം അത് തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു (പുറപ്പാട് 22:255 കാണുക). എന്നിരുന്നാലും, പലപ്പോഴും, നമുക്കു പ്രതിബന്ധമാകുന്നത് കൃത്യമായി നമ്മുടെ ബാഹ്യമായ സുരക്ഷകളാണ്, സ്വയം രക്ഷിക്കുന്നതിനായി നാം ധരിച്ചിരിക്കുന്ന അവ നേരെമറിച്ച് നമുക്ക് നടക്കാൻ തടസ്സമായി ഭവിക്കുന്നു. യേശുവിൻറെ അടുക്കൽ പോയി സുഖം പ്രാപിക്കാൻ, ബർത്തിമേയൂസ് തൻറെ എല്ലാ ബലഹീനതകളോടും കൂടി യേശുവിൻറെ മുന്നിൽ എത്തണം. രോഗശാന്തിയുടെതായ ഓരോ യാത്രയുടെയും മൗലിക ഘട്ടമാണ് ഇത്.
മുകളിലേക്കു നോക്കുക
യേശു അവനോട് ചോദിക്കുന്ന ചോദ്യവും വിചിത്രമായി തോന്നുന്നു: "ഞാൻ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?" (മർക്കോസ് 10,51). എന്നാൽ, വാസ്തവത്തിൽ, നമ്മുടെ രോഗങ്ങളിൽ നിന്ന് സുഖം പ്രാപിക്കാൻ നാം ആഗ്രഹിക്കുന്നുവെന്നത് ഒരു പ്രത്യേക കാര്യമല്ല; ചിലപ്പോൾ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതിരിക്കുന്നതിനായി നിശ്ചലരായിരിക്കാൻ നാം താല്പര്യപ്പെടുന്നു. ബർത്തിമേയൂസിൻെറ പ്രത്യുത്തരം ആഴമേറിയതാണ്: അവൻ, "വീണ്ടും കാണുക" എന്നർത്ഥം വരുന്ന അനബ്ലെപെയിൻ എന്ന ക്രിയാപദം ഉപയോഗിക്കുന്നു. പക്ഷേ അതിനെ "ഒരാളുടെ നോട്ടം ഉയർത്തുക" എന്നും നമുക്ക് വിവർത്തനം ചെയ്യാം. വാസ്തവത്തിൽ, ബർത്തിമേയൂസ് വീണ്ടും കാണാൻ ആഗ്രഹിക്കുന്നുവെന്ന് മാത്രമല്ല, തൻറെ അന്തസ്സ് വീണ്ടും കണ്ടെത്താനും ആഗ്രഹിക്കുന്നു! മുകളിലേക്ക് നോക്കാൻ, തല ഉയർത്തേണ്ടതുണ്ട്. ചിലപ്പോൾ ജീവിതം അപമാനമേല്പിച്ചതിനാൽ ആളുകൾ സ്തംഭിച്ചുപോകുകയും സ്വന്തം മൂല്യം വീണ്ടും കണ്ടെത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
വിശ്വാസം രക്ഷിക്കുന്നു
ബർത്തിമേയൂസിനെയും നമ്മെയും രക്ഷിക്കുന്നത് വിശ്വാസമാണ്. നാം സ്വതന്ത്രരരായിരിക്കുന്നതിനു വേണ്ടി യേശു നമ്മെ സൗഖ്യമാക്കുന്നു. തന്നെ അനുഗമിക്കാൻ യേശു ബർത്തിമേയൂസിനെ ക്ഷണിക്കുന്നില്ല, മറിച്ച് അവനോട് പോകാൻ, സഞ്ചരിക്കാൻ പറയുന്നു (മർക്കോസ് 10,52 കാണുക). എന്നിരുന്നാലും, ബർത്തിമേയൂസ് യേശുവിനെ അനുഗമിക്കാൻ തുടങ്ങി എന്ന് പറഞ്ഞുകൊണ്ടാണ് മർക്കോസ് ഉപസംഹരിക്കുന്നത്: വഴിയായവനെ അനുഗമിക്കാൻ അവൻ സ്വമേധയാ തീരുമാനിക്കുന്നു!
പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും രോഗങ്ങൾ നമുക്ക് യേശുവിൻറെ മുമ്പാകെ വിശ്വാസത്തോടെ സമർപ്പിക്കാം, വഴിതെറ്റിപ്പോയെന്നും രക്ഷപ്പെടാൻ വഴിയില്ലെന്നും കരുതുന്നവരുടെ വേദന നമുക്ക് അവിടത്തെ മുന്നിലെത്തിക്കാം. അവർക്കുവേണ്ടിയും നമുക്ക് ഉച്ചത്തിൽ വിളിച്ചപേക്ഷിക്കാം, കർത്താവ് നമ്മെ ശ്രവിക്കുകയും നില്ക്കുകയും ചെയ്യുമെന്ന ഉറപ്പ് നമുക്കുണ്ട്.
സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
വിദ്യാലയ വെടിവയ്പ്പ് ദുരന്തത്തിൽ ദുഃഖമറിയിച്ച് പാപ്പാ
ഓസ്ത്രിയായിലെ ഗ്രാത്സിൽ, ഒരു വിദ്യാലയത്തിൽ അനേകരുടെ ജീവൻ അപഹരിച്ച വെടിവെയ്പ്പു ദുരന്തത്തിൽ തൻറെ ദുഃഖം പാപ്പാ രേഖപ്പെടുത്തി. ഈ വെടിവെയ്പിൽ മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും വേണ്ടിയുള്ള തൻറെ പ്രാർത്ഥന പാപ്പാ ഉറപ്പേകുകയും ചെയ്തു. ഈ ദുരന്തത്തിനിരകളായവരുടെ കുടുംബങ്ങളുടെയും അവരുടെ സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചാരെ താനുണ്ടെന്ന് പാപ്പാ അറിയിച്ചു.
സമാപനം
പൊതുദർശനപരിപാടിയുടെ സമാപന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. ജൂൺ 15-ന്, ഞായറാഴ്ച പരിശുദ്ധതമത്രിത്വത്തിൻറെ തിരുന്നാൾ ആചരിക്കപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ ത്രിത്വത്തിൻറെ രഹസ്യത്തെക്കുറിച്ചുള്ള ധ്യാനം അവരെ എല്ലാവരെയും ദൈവിക സ്നേഹത്തിലേക്കു എന്നും കൂടുതലായി ആനയിക്കുകയും എതൊരു സാഹചര്യത്തിലും കർത്താവിൻറെ ഹിതം നിറവേറ്റാൻ പ്രാപ്തരാക്കുകയും ചെയ്യട്ടെയെന്ന് ആശംസിച്ചു. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: