MAP

പാപ്പാ: വിശ്വസിക്കുക, യേശു സൗഖ്യം പ്രദാനം ചെയ്യും!

ലിയൊ പതിനാലാമൻ പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: യേശുവിൻറെ സൗഖ്യദായക ശക്തിയും നമ്മുടെ വിശ്വാസവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (25/06/25) ലിയൊ പതിനാലാമൻ പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടി വത്തിക്കാനിൽ അരങ്ങേറി. എന്നാൽ പാപ്പാ വേനൽക്കാലാവധി പ്രമാണിച്ച് ജൂലൈമാസത്തിൽ 2,9,16,23  തീയതികളിൽ പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിക്കില്ല. ജൂലൈ 30-ന് അത് പുനരാരംഭിക്കും. ഇത്തവണയും പൊതുദർശന പരിപാടിയുടെ വേദി കഴിഞ്ഞ വാരത്തിലെന്നപോലെ, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു. വേനൽക്കാല അർക്കാംശുക്കളുടെ താപാധിക്യം അസഹനീയമായിരുന്നെങ്കിലും വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങൾ തുറസ്സായ ചത്വരത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു.വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തൊട്ട് ആശീർവ്വദിക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു. മർക്കോസിൻറെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന രക്തസ്രാവക്കാരിയുടെ വിശ്വാസത്തിൻറെ ശക്തി എടുത്തുകാട്ടുന്ന സംഭവം, അദ്ധ്യായം 5,33-36 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാരായണം ചെയ്യപ്പെട്ടത്.

ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ് ഭയന്നുവിറച്ച് അവൻറെ കാല്ക്കൽ വീണ് സത്യം തുറന്നുപറഞ്ഞു. അവൻ അവളോടു പറഞ്ഞു: മകളേ, നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോകു; വ്യാധിയിൽ നിന്ന് വിമുക്തയായിരിക്കുക. യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടിൽനിന്ന് ചിലർവന്നു പറഞ്ഞു: നിൻറെ മകൾ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതു കേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ട, വിശ്വസിക്കുകമാത്രം ചെയ്യുക.”

ഈ സുവിശേഷ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പര പാപ്പാ യേശുവിൻറെ സൗഖ്യദായക പ്രവർത്തനങ്ങളെ അവലംബമാക്കി തുടർന്നു. യേശു നടത്തുന്ന രോഗസൗഖ്യം പ്രത്യാശയുടെ അടയാളമാണെന്ന് സമർത്ഥിക്കുന്ന പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത് ഈ വാക്കുകളിലാണ്:

യേശു നല്കുന്ന രോഗശാന്തി പ്രത്യാശയുടെ അടയാളം 

പ്രിയ സഹോദരീ സഹോദരന്മാരേ,

ഇന്നും പ്രത്യാശയുടെ അടയാളം എന്ന നിലയിലാണ് യേശു പ്രദാനം ചെയ്യുന്ന രോഗശാന്തികളെക്കുറിച്ച് നാം ധ്യാനിക്കുക. യേശുവെന്ന വ്യക്തിയുമായി ഒരു ബന്ധത്തിലേക്ക് നാം കടക്കുമ്പോൾ നമുക്കും അനുഭവിക്കാൻ കഴിയുന്ന ഒരു ശക്തി അവനിൽ ഉണ്ട്.

ജീവിത ക്ലേശമെന്ന വ്യാധി

നമ്മുടെ കാലഘട്ടത്തിൽ വളരെ വ്യാപകമായ ഒരു വ്യാധിയാണ് ജീവിത ക്ലേശം: യാഥാർത്ഥ്യം വളരെ സങ്കീർണ്ണവും ഭാരമേറിയതും നേരിടാൻ പ്രയാസമുള്ളതുമായി നമുക്ക് തോന്നുന്നു. അപ്പോൾ നാം എല്ലാം അവസാനിപ്പിക്കുന്നു,  ഉണരുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാകുമെന്ന മിഥ്യാധാരണയിൽ നിദ്രയിലാഴുന്നു. എന്നാൽ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കണം, യേശുവിനോടൊപ്പം നമുക്ക് അത് നന്നായി ചെയ്യാൻ കഴിയും. ചിലപ്പോൾ മറ്റുള്ളവരുടെ മേൽ മുദ്രയടിക്കുന്നവരെന്ന് നടിക്കുന്നവർ നടത്തുന്ന വിധിന്യായം നമുക്ക് തടസ്സം സൃഷ്ടിക്കുന്നതായി അനുഭവപ്പെടുന്നു.

മർക്കോസിൻറെ സുവിശേഷത്തിൽ ഒരു ഭാഗത്ത് ഈ സാഹചര്യങ്ങൾ കാണാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു, അവിടെ രണ്ട് കഥകൾ ഇഴചേർന്നിരിക്കുന്നു: ഒന്ന് രോഗബാധിതയായി മരണാസന്നയായി ശയ്യാവലംബിയായ പന്ത്രണ്ടു വയസ്സുള്ള ഒരു ബാലികയുടെ കഥ; മറ്റൊന്ന്, പന്ത്രണ്ടു വർഷമായി രക്തസ്രാവം ബാധിച്ചവളും രോഗസൗഖ്യത്തിനായി യേശുവിനെ തേടുന്നവളുമായ ഒരു സ്ത്രീയുടെ കഥ (മർക്കോസ് 5:21-43 കാണുക).

രക്തസ്രാവക്കാരിയും മരിച്ച ബാലികയും

ഈ രണ്ട് സ്ത്രീ കഥാപാത്രങ്ങൾക്കിടയിൽ, സുവിശേഷകൻ പെൺകുട്ടിയുടെ പിതാവായ ഒരു കാഥാപാത്രത്തെ കൊണ്ടുവരുന്നു: മകളുടെ രോഗത്തെക്കുറിച്ച് കേണുകൊണ്ട് വീട്ടിലിരിക്കാതെ, അദ്ദേഹം പുറത്തുപോയി സഹായം തേടുന്നു. സിനഗോഗധികാരിയാണെങ്കിലും, അദ്ദഹം തൻറെ സാമൂഹ്യപദവിയുപയോഗിച്ച് ആവശ്യങ്ങൾ ഉന്നയിക്കുന്നില്ല. കാത്തിരിക്കേണ്ടിവരുമ്പോൾ, അദ്ദേഹം ക്ഷമ നഷ്ടപ്പെടാതെ കാത്തിരിക്കുന്നു. തൻറെ മകൾ മരിച്ചുപോയെന്നും ഗുരുവിനെ ശല്യപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും ആളുകൾ വന്ന് പറയുമ്പോൾ, അദ്ദേഹം വിശ്വാസവും പ്രത്യാശയും പുലർത്തുന്നതു തുടരുന്നു.

യേശുവിനെ സമീപിച്ച് അവൻറെ മേലങ്കിയിൽ തൊടുന്ന (വാക്യം 27) രക്തസ്രാവമുള്ള സ്ത്രീ ഈ പിതാവും യേശുവും തമ്മിലുള്ള സംഭാഷണം തടസ്സപ്പെടുത്തുന്നു. ഈ സ്ത്രീ അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനം വളരെ ധൈര്യത്തോടെ എടുത്തു: അകന്നു നിൽക്കണമെന്നും ആരുടെയും മുന്നിൽ പ്രത്യക്ഷപ്പെടരുതെന്നും എല്ലാവരും അവളോടു പറഞ്ഞുകൊണ്ടിരുന്നു. അവർ അവളെ ഒളിച്ചും ഒറ്റപ്പെട്ടുമിരിക്കാൻ വിധിച്ചു. ചിലപ്പോൾ നമ്മളും മറ്റുള്ളവരുടെ വിധിന്യായത്തിന് ഇരകളാകാം, അവർ നമ്മുടേതല്ലാത്ത ഒരു വസ്ത്രം നമ്മെ ധരിപ്പിക്കാൻ ശ്രമിക്കുന്നു. അപ്പോൾ നമുക്ക് വിഷമം തോന്നുന്നു, നമുക്ക് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ല.

രക്തസ്രാവക്കാരിയുടെ വിശ്വാസം

യേശുവിന് തന്നെ സുഖപ്പെടുത്താൻ കഴിയുമെന്ന വിശ്വാസം അവളിൽ അങ്കുരിമ്പോൾ ആ സ്ത്രീ പരിത്രാണ പാത സ്വീകരിക്കുന്നു: അപ്പോൾ അവൾ പുറത്തുകടന്ന് അവനെ അന്വേഷിക്കാനുള്ള ശക്തി കണ്ടെത്തുന്നു. കുറഞ്ഞത് അവൻറെ വസ്ത്രത്തിൽ തൊടാൻ അവൾ ആഗ്രഹിക്കുന്നു.

യേശുവിന് ചുറ്റും ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു, നിരവധി ആളുകൾ അവനെ സ്പർശിച്ചു, പക്ഷേ അവർക്ക് ഒന്നും സംഭവിക്കുന്നില്ല. എന്നാൽ, ഈ സ്ത്രീ യേശുവിനെ തൊട്ടപ്പോൾ, അവൾ സുഖം പ്രാപിച്ചു. വ്യത്യാസം എവിടെയാണ്? ഈ ഭാഗം വ്യാഖ്യാനിക്കവെ വിശുദ്ധ അഗസ്റ്റിൻ യേശുവിൻറെ നാമത്തിൽ പറയുന്നു–-: "ജനക്കൂട്ടം എനിക്കും ചുറ്റും തിക്കിത്തിരക്കുന്നുണ്ട്, പക്ഷേ വിശ്വാസം എന്നെ സ്പർശിക്കുന്നു" (പ്രഭാഷണം 243, 2, 2). ഇത് അങ്ങനെയാണ്: യേശുവിനെ അഭിസംബോധന ചെയ്ത് വിശ്വാസപ്രവൃത്തി ചെയ്യുമ്പോഴെല്ലാം, അവനുമായി ഒരു ബന്ധം സ്ഥാപിക്കപ്പെടുകയും അവൻറെ കൃപ ഉടനടി അവനിൽ നിന്ന് പുറത്തുവരുകയും ചെയ്യുന്നു. ചിലപ്പോൾ നമുക്ക് അത് മനസ്സിലാകുന്നില്ല, പക്ഷേ രഹസ്യവും യഥാർത്ഥവുമായ രീതിയിൽ കൃപ നമ്മിലെത്തുകയും ഉള്ളിൽ നിന്ന് പടിപടിയായി നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.

ഒരുപക്ഷേ ഇന്നും പലരും യേശുവിൻറെ ശക്തിയിൽ സത്യത്തിൽ വിശ്വസിക്കാതെ ഉപരിപ്ലവമായ രീതിയിൽ അവനെ സമീപിക്കുന്നു. നാം നമ്മുടെ പള്ളികളുടെ പ്രതലത്തിൽ പാദമൂന്നുന്നു, എന്നാൽ, ഒരുപക്ഷേ നമ്മുടെ ഹൃദയം മറ്റെവിടെയോ ആയിരിക്കാം! നിശബ്ദയും അജ്ഞാതയുമായ ഈ സ്ത്രീ, തൻറെ രോഗം നിമിത്തം അശുദ്ധമെന്നു കരുതുന്ന കൈകളാൽ യേശുവിൻറെ ഹൃദയത്തെ സ്പർശിച്ചുകൊണ്ട് സ്വന്തം ഭയങ്ങളെ കീഴടക്കുന്നു. ഇതാ, അവൾ ഉടനെ സുഖം പ്രാപിച്ചതായി അവൾക്ക് തോന്നുന്നു. യേശു അവളോട് പറയുന്നു: “മകളേ, നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചരിക്കുന്നു. സമാധാനത്തോടെ പോകുക” (മർക്കോസ് 5:34).

ആത്മാവിൻറെ മരണത്തെ പേടിക്കുക

അതിനിടെ, മകൾ മരിച്ചുപോയ വിവരം ആളുകൾ ആ പിതാവിനെ അറിയിക്കുന്നു. യേശു അവനോട് പറയുന്നു: “ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക!” (വാക്യം 36). പിന്നെ അവൻ അദ്ദേഹത്തിൻറെ വീട്ടിൽ പോയി, എല്ലാവരും കരയുകയും അലമുറയിടുകയും ചെയ്യുന്നത് കണ്ട് അവൻ പറയുന്നു, “കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” (വാക്യം 39). പിന്നെ അവൻ ബാലിക കിടന്നിരുന്ന മുറിയിൽ പ്രവേശിച്ച് അവളുടെ കൈപിടിച്ച് അവളോട് പറഞ്ഞു: “തലീത്താ കം”, “ബാലികേ, എഴുന്നേൽക്കൂ!”. പെൺകുട്ടി എഴുന്നേറ്റു നടക്കാൻ തുടങ്ങുന്നു (മർക്കോസ് 5,41-42 കാണുക). യേശുവിൻറെ ആ പ്രവർത്തി നമ്മെ കാണിക്കുന്നത് അവൻ സകല രോഗങ്ങളിലും നിന്ന സുഖപ്പെടുത്തുക മാത്രമല്ല, മരണത്തിൽ നിന്ന് ഉണർത്തുകയും ചെയ്യുന്നു എന്നാണ്. നിത്യജീവനായ ദൈവത്തിന്, ശരീരത്തിൻറെ മരണം ഒരു നിദ്ര പോലെയാണ്. യഥാർത്ഥ മരണം ആത്മാവിൻറെതാണ്: നമ്മൾ ഇതിനെ ഭയപ്പെടണം!

സുവിശേഷത്താൽ പോഷിതരാകുക

അവസാനമായി ഒരു വിശദീകരണം: ആ ബാലികയെ ഉയിർപ്പിച്ച ശേഷം യേശു അവളുടെ മാതാപിതാക്കളോട് അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ പറയുന്നു (മർക്കോസ് 5,43 കാണുക). നമ്മുടെ മനുഷ്യത്വത്തോടുള്ള യേശുവിൻറെ അടുപ്പത്തിൻറെ മറ്റൊരു സുവ്യക്ത അടയാളം ഇതാ. എന്നാൽ നമുക്ക് അത് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും സ്വയം ചോദിക്കാനും കഴിയും: പ്രതിസന്ധിയിലാകുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് ആത്മീയ പോഷണം ആവശ്യമായിവരുമ്പോൾ, അത് അവർക്ക് നൽകാൻ നമുക്കറിയാമോ? നാം സുവിശേഷത്താൽ പോഷിപ്പിക്കപ്പെടുന്നില്ലെങ്കിൽ നമുക്ക് അത് എങ്ങനെ സാധിക്കും?

യേശു നമുക്കു പുനർജീവനേകും

പ്രിയ സഹോദരീസഹോദരന്മാരേ, ജീവിതത്തിൽ വ്യാമോഹത്തിൻറെയും നിരുത്സാഹത്തിൻറെയും നിമിഷങ്ങളുണ്ട്, കൂടാതെ മരണത്തിൻറെ അനുഭവവുമുണ്ട്. ആ സ്ത്രീയിൽ നിന്ന്, ആ പിതാവിൽ നിന്ന് നമുക്ക് പഠിക്കാം: നമുക്ക് യേശുവിൻറെ പക്കലേക്കു പോകാം: അവന് നമ്മെ സുഖപ്പെടുത്താൻ കഴിയും, നമ്മെ പുനർജനിപ്പിക്കാൻ അവന് സാധിക്കും. അവൻ നമ്മുടെ പ്രത്യാശയാണ്!ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

സിറിയയിലെ ഭീകരാക്രമണ ദുരന്തം

അടുത്തയിടെ സിറിയയിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ അനുസ്മരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച (22/06/25), സിറിയയിൽ, ഡമാസ്കസിലെ മാർ ഏലിയാസ് പള്ളിയിൽ ഗ്രീക്ക് ഓർത്തഡോക്സ് സമൂഹത്തിനെതിരെ നടന്ന നീചമായ ഭീകരാക്രമണത്തിന് ഇരകളായവരെ പാപ്പാ ദൈവിക കാരുണ്യത്തിന് ഭരമേൽപ്പിക്കുകയും പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും മദ്ധ്യപൂർവ്വദേശത്തെ ക്രൈസ്തവർക്ക് തൻറെയും സഭമുഴുവൻറെയും സാമീപ്യം ഉറപ്പേകുകയും ചെയ്തു.  വർഷങ്ങളായുള്ള സംഘർഷത്തിനും അസ്ഥിരതയ്ക്കും ശേഷവും സിറിയയെ ഇപ്പോഴും അടയാളപ്പെടുത്തുന്ന അതിലോലാവസ്ഥയെ ഈ ദാരുണ സംഭവം അനുസ്മരിപ്പിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ആകയാൽ, അന്താരാഷ്ട്ര സമൂഹം ഈ രാജ്യത്ത് നിന്ന് ദൃഷ്ടിയെടുക്കാതെ, ഐക്യദാർഢ്യ പ്രവർത്തനങ്ങളിലൂടെയും സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള നവീകൃത പ്രതിബദ്ധതയോടെയും പിന്തുണ തുടരേണ്ടത് അടിസ്ഥാനപരമാണെന്ന് ഓർമ്മിപ്പിച്ചു.

ഇറാൻ-ഇസ്രായേൽ-പലസ്തീൻ പ്രശ്നങ്ങൾ, പാപ്പായുടെ അഭ്യർത്ഥന

ഇറാനിലെയും ഇസ്രായേലിലെയും പലസ്തീനിലെയും സ്ഥിതിഗതികളെക്കുറിച്ചും പാപ്പാ പരാമർശിച്ചു. "രാഷ്ട്രം രാഷ്ട്രത്തിനെതിരെ വാൾ ഉയർത്തുകയില്ല, അവർ ഇനിമേൽ യുദ്ധം അഭ്യസിക്കുകയുമില്ല" (ഏശയ്യ 2:4) എന്ന ഏശയ്യാപ്രവാചകൻറെ വാക്കുകൾ എന്നത്തെക്കാളുമുപരി അടിയന്തിരപ്രാധാന്യത്തോടെ ഇന്ന് മുഴങ്ങുന്നുവെന്നു പറഞ്ഞ പാപ്പാ ഉന്നതത്തിൽ നിന്നുള്ള ഈ വാക്കുകൾ ശ്രവിക്കാൻ എല്ലാവരെയും ക്ഷണിച്ചു.  ഇക്കഴിഞ്ഞ ദിവസങ്ങളിലെ രക്തരൂക്ഷിത ചെയ്തികൾ ഉളവാക്കിയ മുറിവുകൾ ഉണക്കാനും ഔദ്ധത്യത്തിൻറെയും പ്രതികാരത്തിൻറെയുമായ എല്ലാ യുക്തികളെയും നിരാകരിക്കാനും സംഭാഷണത്തിൻറെയും നയതന്ത്രജ്ഞതയുടെയും ശാന്തിയുടെയും സരണി നിശ്ചയർഢ്യത്തോടെ തിരഞ്ഞെടുക്കാനും പാപ്പാ അഭ്യർത്ഥിച്ചു.

സമാപനാഭിവാദ്യങ്ങൾ

ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന തീർത്ഥാടകരെ സംബോധനചെയ്യവെ പാപ്പാ പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. യൂറോപ്പ് വേനൽക്കാലത്തിലേക്കു കടന്നിരിക്കുന്ന പശ്ചാത്തലത്തിൽ പാപ്പാ അവധിദിനങ്ങളെയും വിശ്രമത്തെയുംകുറിച്ച് പരാമർശിക്കുകയും അവ യുവതയ്ക്ക്, സാമൂഹ്യവും മതാത്മകവുമായ അനുഭവങ്ങളാർജ്ജിക്കുന്നതിന് ഉപകാരപ്രദമായ ഒരു അവസരമായി മാറട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. വേനലവധിക്കാലം നവദമ്പതികൾക്ക്  അവരുടെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതിനും സഭയിലും ലോകത്തിലും അവരുടെ ദൗത്യം ആഴപ്പെടുത്തുന്നതിനുമുള്ള അവസരമായി ഭവിക്കട്ടെയെന്ന് പാപ്പാ പറഞ്ഞു. രോഗികളായവർക്ക് വേനൽക്കാലാവധിയുടെ വേളയിൽ, അവരുടെ പ്രിയപ്പെട്ടവരുടെ സാമീപ്യത്തിന് കുറവുവരില്ല എന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ജൂൺ 2025, 12:07

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >