MAP

ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ദൃശ്യം  (@Vatican Media)

ഗ്രാസ് സ്‌കൂളിലെ വെടിവയ്പ്പിന്റെ ഇരകൾക്ക് സാമീപ്യമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ

ജൂൺ 10 ചൊവ്വാഴ്ച രാവിലെ ഓസ്ട്രിയയിലെ ഗ്രാസിലുള്ള സ്‌കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ ഇരകളായവർക്കുവേണ്ടി പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തും, ഇരകളുടെ കുടുംബങ്ങൾക്കും അധ്യാപകർക്കും സഹപാഠികൾക്കും സാമീപ്യമറിയിച്ചും ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിലാണ്, പാപ്പാ ഗ്രാസ്‌ വെടിവയ്പ്പിന്റെ ഇരകളെ അനുസ്മരിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഓസ്ട്രിയയിലെ ഗ്രാസിലുള്ള ഡ്രയർഷൂട്ട്സെൻഗാസ് ഹൈ സ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ മരണമടഞ്ഞവരുടെ പ്രിയപ്പെട്ടവർക്കും, പരിക്കേറ്റവർക്കും തന്റെ പ്രാർത്ഥനകളും സാമീപ്യവും വാഗ്ദാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 11 ബുധനാഴ്ച രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ഗ്രാസ് വെടിവയ്പ്പിൽ ഇരകളയവരെ പാപ്പാ അനുസ്മരിച്ചത്.

ഗ്രാസിലെ സ്‌കൂളിലുണ്ടായ ദാരുണസംഭവത്തിന്റെ ഇരകളായവർക്ക് തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാ കുടുംബങ്ങൾക്കും, സ്‌കൂളിലെ അദ്ധ്യാപകർക്കും, ഇരകളുടെ സഹപാഠികൾക്കും തന്റെ സാമീപ്യവും പാപ്പാ അറിയിച്ചു.

അപകടത്തിൽ മരണമടഞ്ഞവരെ ദൈവം നിത്യസമാധാനത്തിന്റെ ഇടത്തേക്ക് സ്വീകരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ഓസ്ട്രിയയുടെ ചരിത്രത്തിൽ അടുത്തിടെയുണ്ടായ സമാനസംഭവങ്ങളിൽ ഏറ്റവും ഗുരുതരമായ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.

ജൂൺ 10 ചൊവ്വാഴ്ച രാവിലെയുണ്ടായ വെടിവയ്പ്പിൽ കൊലപാതകിയുൾപ്പെടെ 11 പേരാണ് മരണമടഞ്ഞത്. സംഭവത്തിൽ പ്രാദേശിക കത്തോലിക്കാസഭയും ദുഃഖം രേഖപ്പെടുത്തുകയും, രണ്ട് അനുശോചനസമ്മേളനങ്ങൾ വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു.

നാൽപ്പത്തിനായിരത്തോളം തീർത്ഥാടകർ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ജൂൺ 2025, 13:47