പാപ്പാ: കായികവിനോദം സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മാർഗ്ഗം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സൂര്യതാപം അതിശക്തമായിക്കൊണ്ടിരിക്കുന്ന ദിനങ്ങളാണ് റോമിൽ. തീർത്ഥാടകരുടെയും സന്ദർശകരുടെയും റോമിലേക്കുള്ള പ്രവാഹം ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുന്നു. വിവിധരാജ്യക്കാരായിരുന്ന മുപ്പതിനായിരത്തിലേറെപ്പേർ ലിയൊ പതിനാലമൻ പാപ്പാ പരിശുദ്ധതമത്രിത്വത്തിൻറെ തിരുന്നാൾ ദിനമായിരുന്ന ഞായറാഴ്ച (15/06/25) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് അതിശക്തമായിരുന്ന അർക്കാംശുക്കളുടെ താപതരംഗത്തെ അവഗണിച്ച് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സന്നിഹിതരായിരുന്നു. 2025 പ്രത്യാശയുടെ ജൂബിലിവർഷമായി സഭ ആചരിക്കുന്ന പശ്ചാത്തലത്തിൽ വിവിധവിഭാഗങ്ങൾ നിശ്ചിതദിനങ്ങളിൽ റോമിലെത്തി ഈ ജൂബിലിയിൽ സവിശേഷമാം വിധം പങ്കുചേരുന്നു. ഇതനുസരിച്ച് ജൂൺ 14,15 തീയതികളിൽ ആചരിക്കപ്പെട്ട കായികവിനോദലോകത്തിൻറെ ജൂബിലിയുടെ സമാപനംകുറിച്ച പരിശുദ്ധ തമ ത്രിത്വത്തിൻറെ തിരുന്നാൾക്കുർബ്ബാന വിശുദ്ധ പത്രോസിൻറെ ബലിസിക്കയിൽ താൻ മുഖ്യകാർമ്മികനായി അർപ്പിച്ച സാഘോഷമായ സമൂഹദിവ്യബലിക്കു ശേഷമാണ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചത്. ബസിലിക്കയ്ക്കുള്ളിൽ മൂവായിരിത്തിയഞ്ഞൂറോളം പേർ സന്നിഹിതരായിരുന്നു. ബസിലിക്കയിലെ സ്ഥലപരിമിതി മൂലം പതിനായിരിങ്ങൾ, ചത്വരത്തിൽ സജ്ജമാക്കി വച്ചിരിക്കുന്ന ടെലെവിഷൻ സംവിധാനത്തിലൂടെ ഈ ദിവ്യപൂജയിൽ പങ്കുചേർന്നു. ദേവാലയത്തിനകത്തും പുറത്തും നടക്കുന്ന ചടങ്ങുകൾ എല്ലാവർക്കും കാണത്തക്കരീതിയിൽ ചത്വരത്തിൽ വലിയ സ്ക്രീനുകൾ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ട്. ദിവ്യപൂജാനന്തരം പാപ്പാ തുറന്ന വെളുത്ത വാഹനത്തിൽ ചത്വരത്തിൽ എത്തി. അപ്പോൾ ജനസഞ്ചയം ആനന്ദാരവങ്ങളോടെ പാപ്പായെ വരവേറ്റു. ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് പാപ്പാ പേപ്പൽ വാഹനത്തിൽ അവരെ വലം വച്ചു. പൊതുകൂടിക്കാഴ്ചാവേളകളിലും മറ്റും പതിവുള്ളതു പോലെ അവർക്കിടയിലൂടെ വാഹനത്തിൽ നീങ്ങിയ പാപ്പായുടെ പക്കലേക്ക് അംഗരക്ഷകർ പിഞ്ചുകുഞ്ഞുങ്ങളെ ഇടയ്ക്കിടെ എടുത്തുകൊണ്ടു പോകുകയും പാപ്പാ അവരെ ആശീർവ്വദിക്കുകയും ചെയ്തു. ജനങ്ങളെ അഭിവാദ്യം ചെയ്തതിനു ശേഷം പാപ്പാ ത്രികാലജപം നയിച്ചത് പേപ്പൽ അരമനയുടെ ജാലകത്തിങ്കൽ നിന്നല്ല, മറിച്ച്, ചത്വരത്തിൽ ബസിലിക്കയുടെ മുന്നിലായി ഒരുക്കിയിരുന്ന വേദിയിൽ നിന്നാണ്. ഈ വേദിയിലെത്തിയ പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നുതിനു മുമ്പ് ജനങ്ങളെ സംബോധന ചെയ്തു. കായികലോകത്തിൻറെ ജൂബിലിക്ക് തിരശ്ശീലവീണത് അനുസ്മരിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം പറഞ്ഞു:
കായികവിനോദത്തിൻറെ പൊരുളറിഞ്ഞ് അത് ജീവിക്കുക
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം!
കായികവിനോദലോകത്തിൻറെ ജൂബിലിക്കുർബ്ബാന നമ്മൾ അല്പം മുമ്പാണ് അർപ്പിച്ചത്. എല്ലാ പ്രായത്തിലുള്ളവരും, എല്ലാ പശ്ചാത്തലങ്ങളിലും നിന്നു വരുന്നവരുമായ കായികതാരങ്ങളേ, നിങ്ങളെല്ലാവരെയും ഇപ്പോൾ ഞാൻ സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്നു! കായികവിനനോദങ്ങളിൽ, മത്സര തലങ്ങളിലും, എല്ലായ്പ്പോഴും ഉദാരതയുടെ അരൂപിയോടെ, കായികവിനോദം എന്ന പദത്തിൻറെ ഉദാത്തമായ അർത്ഥത്തിൽ "വിനോദ" മനോഭാവത്തോടെ ഏർപ്പെടാൻ ഞാൻ നിങ്ങൾക്ക് പ്രചോദനം പകരുന്നു. കാരണം കളിയിലും ആരോഗ്യകരമായ വിനോദത്തിലും മനുഷ്യ വ്യക്തി തൻറെ സ്രഷ്ടാവിനോട് സാമ്യനാണ്.
കായികവിനോദം സമാധാനത്തിൻറെ ഉപകരണം
കായികവിനോദം സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് എന്ന് ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അത് ബഹുമാനത്തിൻറെയും അചഞ്ചലവിശ്വസ്തതയുടെയും ഒരു പാഠശാലയാണ്, അത് സമാഗമത്തിൻറെയും സാഹോദര്യത്തിൻറെയും സംസ്കൃതിയെ വളർത്തുന്നു. സഹോദരീ സഹോദരന്മാരേ, എല്ലാത്തരം അക്രമങ്ങളെയും അടിച്ചമർത്തലിനെയും ചെറുത്തുകൊണ്ട് ബോധപൂർവ്വം ഈ ശൈലി പരിശീലിക്കാൻ ഞാൻ നിങ്ങൾക്ക് പ്രോത്സാഹനമേകുന്നു.
സംഘർഷങ്ങൾ അവസാനിപ്പിക്കുക, സംഭാഷണത്തിലേർപ്പെടുക
ഇന്ന് ലോകത്തിന് ഇത് വളരെയധികം ആവശ്യമാണ്! വാസ്തവത്തിൽ, സായുധ സംഘട്ടനങ്ങൾ നിരവധിയാണ്. മ്യാൻമറിൽ, വെടിനിർത്തൽ ഉണ്ടായിരുന്നിട്ടും, സമൂഹത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തിക്കൊണ്ട്, പോരാട്ടം തുടരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന സംഭാഷണത്തിൻറെ പാത സ്വീകരിക്കാൻ ഞാൻ എല്ലാ കക്ഷികളെയും ക്ഷണിക്കുന്നു. അതിനു മാത്രമേ സമാധാനപരവും സുസ്ഥിരവുമായ ഒരു പരിഹാരത്തിലേക്ക് നയിക്കാൻ കഴിയുകയുള്ളൂ.
നൈജീരിയയിലെ കൂട്ടക്കുരുതി
ജൂൺ 13 നും 14 നും ഇടയ്ക്കുള്ള രാത്രിയിൽ, നൈജീരിയയിലെ ബെനു സംസ്ഥാനത്തെ ഗൗമയിലെ പ്രാദേശിക ഭരണ പ്രദേശമായ യെൽവ്വാട്ട നഗരത്തിൽ, ഒരു ഭീകരമായ കൂട്ടക്കൊല നടന്നു, അതിൽ ഇരുന്നൂറോളം പേർ അതിക്രൂരമാം വിധം കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സ്വന്തംവീടും സ്ഥലവുംവിടാൻ നിർബന്ധിതരായവരും പ്രാദേശിക കത്തോലിക്കാ മിഷൻറെ ആതിഥേയത്വത്തിൽ കഴിയുന്നവരുമായിരുന്നു. വിവിധ തരത്തിലുള്ള അക്രമങ്ങളുടെ പ്രഹരമേറ്റിരിക്കുന്ന പ്രിയപ്പെട്ട നാടായ നൈജീരിയയിൽ സുരക്ഷയും നീതിയും സമാധാനവും പ്രബലപ്പെടുന്നതിനായി ഞാൻ പ്രാർത്ഥിക്കുന്നു. നിരന്തരം അക്രമത്തിന് ഇരയാകുന്ന ബെന്യൂ സംസ്ഥാനത്തെ ഗ്രാമീണ ക്രൈസ്തവ സമൂഹങ്ങൾക്കായി ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു.
സുഡാനിൽ ശാന്തി വിതയ്ക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഉപരി യത്നിക്കുക
രണ്ട് വർഷത്തിലേറെയായി അക്രമം തകർത്തുകൊണ്ടിരിക്കുന്ന സുഡാൻ റിപ്പബ്ലിക്കിനെക്കുറിച്ചും ഞാൻ ചിന്തിക്കുന്നു. ബോംബാക്രമണത്തിൽ എൽ ഫാഷറിലെ ഇടവക വികാരി ലൂക്ക് ജുമു കൊല്ലപ്പെട്ട ദുഃഖകരമായ വാർത്ത എനിക്ക് ലഭിച്ചു. അദ്ദേഹത്തിനും ഇരകളായ എല്ലാവർക്കും എൻറെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയും പോരാട്ടം നിറുത്താനും പൗരന്മാരെ സംരക്ഷിക്കാനും സമാധാനസംഭാഷണത്തിൽ ഏർപ്പെടാനുമുള്ള അഭ്യർത്ഥന ഞാൻ നവീകരിക്കുകയും ചെയ്യന്നു. ഗുരുതരമായ മാനവിക പ്രതിസന്ധി കടുത്ത ആഘാതം ഏല്പ്പിച്ചിരിക്കുന്ന ജനവിഭാഗത്തിന് കുറഞ്ഞത് അത്യാവശ്യമായ സഹായമെങ്കിലും നൽകാനുള്ള ശ്രമങ്ങൾ തീവ്രമാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഞാൻ അഭ്യർത്ഥിക്കുന്നു. മദ്ധ്യപൂർവ്വദേശത്തും ഉക്രൈനിലും ലോകമെമ്പാടും സമാധാനം സംജതമാകുന്നതിനായുള്ള പ്രാർത്ഥന നമുക്ക് തുടരാം.
നിണസാക്ഷി ഫ്ലോറിബർത്ത്
ഈ വാക്കുകളെ തുടർന്ന് പാപ്പാ ഞായറാഴ്ച (15/06/25) വൈകുന്നേരം റോമൻ ചുമരുകൾക്കു വെളിയിലുള്ള വിശുദ്ധ പ ലോസിൻറെ ബസിലിക്കയിൽ വച്ച് കോംഗൊ സ്വദേശിയായ നിണസാക്ഷി ഫ്ലോറിബെർത്ത് ബവ്വാന ചുയീ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നത് അനുസ്മരിച്ചു. ഇരുപത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്നും അതിനു കാരണമായത്, ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, അദ്ദേഹം അനീതിയെ എതിർക്കുകയും കുഞ്ഞുങ്ങളെയും ദരിദ്രരെയും സംരക്ഷിക്കുകയും ചെയ്തതാണെന്നും പാപ്പാ പറഞ്ഞു. അദ്ദേഹത്തിൻറെ സാക്ഷ്യം കോംഗോ പ്രജാധിപത്യ റിപ്പബ്ലിക്കിലെയും മുഴുവൻ ആഫ്രിക്കയിലെയും യുവതയ്ക്ക് ധൈര്യവും പ്രത്യാശയും നൽകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
സമാപനാശംസ
ത്രികാലപ്രഭാഷണത്തിൻറെ അവസാനം പാപ്പാ എല്ലാവർക്കും നല്ലൊരു ഞായറാഴ്ച ആശംസിക്കുകയും ഒന്നര മാസത്തിനുള്ളിൽ യുവജനത്തിൻറെ ജൂബിലിവേളയിൽ കണ്ടുമുട്ടാമെന്ന് യുവതയോടു പറയുകയും ചെയ്തു. സമാധാന രാജ്ഞിയായ കന്യകാമറിയം നമുക്കുവേണ്ടി മാദ് ധ്യസ്ഥ്യം വഹിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ പ്രഭാഷണം ഉപസംഹരിച്ചത്. പ്രഭാഷണാനന്തരം പാപ്പാ കർത്താവിൻറെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: