MAP

പാപ്പാ: അത്ഭുതം, വിസ്മയ സംഭവം എന്നതിനപ്പുറം, ഒരു "അടയാളം" !

ക്രിസ്തുവിൻറെ തിരുമാംസരക്തങ്ങളുടെ തിരുന്നാൾ ആചരിക്കപ്പെട്ട ജൂൺ 22-ന് ഞായറാഴ്ച ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയ്ക്കൊരുക്കമായി ഒരു സന്ദേശം നല്കുകയും ചെയ്തു. പാപ്പാ തദ്ദവസരത്തിൽ പങ്കുവച്ച ചിന്തകളും നടത്തിയ അഭ്യർത്ഥനകളും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായാറാഴ്ച (22/06/25) ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്നത്തിൽ ത്രികാലജപം നയിച്ചു. അതിൽ പങ്കുകൊള്ളുന്നതിന്, വവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ. നട്ടുച്ചനേരത്ത്, പൊരിവെയിലത്ത്,  വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (22/06/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ  സുവിശേഷം ഒമ്പതാം അദ്ധ്യായം, 11-17 വരെയുള്ള  വാക്യങ്ങൾ, അതായത്, യേശു, അഞ്ച് അപ്പവും രണ്ടുമീനും വർദ്ധിപ്പിച്ച അയ്യായിരം പേരെ ഊട്ടുന്ന അത്ഭുതം സംഭവം ആയിരുന്നു. ഇറ്റാലിയൻ ഭാഷയിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

അപ്പവും മീനും വർദ്ധിപ്പിക്കുന്ന യേശു                       

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

പല രാജ്യങ്ങളിലും, നാം ക്രിസ്തുവിൻറെ ശരീരരക്തങ്ങളുടെ തിരുനാൾ, “കോർപൂസ് ദോമിനി” (Corpus Domini) ആഘോഷിക്കുന്ന ഇന്ന് സുവിശേഷം അപ്പത്തിൻറെയും മീനിൻറെയും അത്ഭുതം വിവരിക്കുന്നു (ലൂക്കാ 9:11-17 കാണുക).

തന്നെ ശ്രവിക്കാനും രോഗശാന്തിയേകുന്നതിന് അപേക്ഷിക്കാനുമായി വന്ന ആയിരക്കണക്കിന് ആളുകളുടെ വിശപ്പടക്കുന്നതിന്, യേശു അപ്പോസ്തലന്മാരോട് അവരുടെ കൈവശമുള്ള ആ അൽപ്പം ആഹാരസാധനങ്ങൾ തൻറെ മുന്നിൽ വയ്ക്കാൻ ആവശ്യപ്പെടുകയും അപ്പവും മീനും ആശീർവ്വദിക്കുകയും അവ എല്ലാവർക്കും വിതരണം ചെയ്യാൻ അവരോട് കൽപ്പിക്കുകയും ചെയ്യുന്നു. ഫലം ആശ്ചര്യകരമാണ്: എല്ലാവർക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുക മാത്രമല്ല, ധാരാളം അവശേഷിക്കുകയും ചെയ്യുന്നു (ലൂക്കാ 9:17 കാണുക).

അത്ഭുതം, സർവ്വോപരി, ഒരു അടയാളം 

അത്ഭുതം, വിസ്മയ സംഭവം എന്നതിനപ്പുറം, ഒരു "അടയാളം" ആണ്, ദൈവത്തിൻറെ ദാനങ്ങൾ, ഏറ്റവും ചെറിയവ പോലും, പങ്കിടുന്തോറും വർദ്ധമാനമാകുന്നുവെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു.

എന്നിരുന്നാലും, ക്രിസ്തുവിൻറെ മാംസനിണങ്ങളുടെ തിരുന്നാൾ ദിനത്തിൽ ഇതെല്ലാം വായിക്കുമ്പോൾ, നാം ചിന്തിക്കുക, കുടുതൽ ആഴമേറിയ ഒരു യാഥാർത്ഥ്യത്തെക്കുറിച്ചാണ്. വാസ്തവത്തിൽ, ഓരോ മാനുഷിക പങ്കുവയ്ക്കലിൻറെയും മൂലത്തിൽ അതിനെക്കാൾ വലിയ ഒന്ന് ഉണ്ടെന്ന് നമുക്കറിയാം: നമ്മുടെ കാര്യത്തിലുള്ള ദൈവത്തിൻറെ പങ്കുവയ്ക്കൽ. സ്രഷ്ടാവായ, നമുക്ക് ജീവൻ പ്രദാനം ചെയ്ത അവിടന്ന് നമ്മെ രക്ഷിക്കുന്നതിനായി, തൻറെ സൃഷ്ടികളിൽ ഒരാളോട് തൻറെ അമ്മയാകാൻ, നമ്മുടേത് പോലെ ദുർബ്ബലവും പരിമിതവും മർത്യവുമായ ഒരു ശരീരം തനിക്കേകാൻ ആവശ്യപ്പെട്ടു, ഒരു കുഞ്ഞിനെയെന്ന പോലെ തന്നെത്തന്നെ അവൾക്ക് ഏല്പിച്ചു. അങ്ങനെ അവൻ നമ്മെ വീണ്ടെടുക്കുന്നതിനായി, നമുക്ക് അവന് നല്കാൻ കഴിയുന്ന അല്പമാത്രമായവ ഉപയോഗിക്കാൻ തീരുമാനിച്ചുകൊണ്ട്, നമ്മുടെ ദാരിദ്ര്യത്തിൽ പൂർണ്ണമായി പങ്കുചേർന്നു (നിക്കോള കാബസിലാസ്, ക്രിസ്തുവിലുള്ള ജീവിതം, IV, 3 കാണുക).

സ്നേഹ കൂട്ടായ്മയിൽ ക്രിസ്തുവിൻറെ ഏക ഗാത്രം രൂപംകൊള്ളുന്നു

ഒരു സമ്മാനം നൽകുമ്പോൾ,  നമ്മുടെ സാധ്യതകൾക്ക് ആനുപാതികമായി ഒരുപക്ഷേ ചെറുതായിരിക്കാമെങ്കിലും - അത് സ്വീകരിക്കുന്ന വ്യക്തി അത് വിലമതിക്കുന്നുവെന്ന് കാണുന്നത് എത്ര മനോഹരമാണ്; ലളിതമാണെന്നിരിക്കിലും, ആ സമ്മാനം നമ്മെ നാം സ്നേഹിക്കുന്നവരുമായി കൂടുതൽ ഒന്നിപ്പിക്കുന്നുവെന്ന് നമുക്ക് തോന്നുമ്പോൾ നമ്മൾ എത്രമാത്രം സന്തോഷിക്കുന്നു. തീർച്ചയായും, കുർബ്ബാനയിൽ, നമുക്കും ദൈവത്തിനും ഇടയിൽ സംഭവിക്കുന്നത് കൃത്യമായും ഇതാണ്: നാം ബലിപീഠത്തിൽ നമ്മുടെ ജീവിതത്തോടൊപ്പം സമർപ്പിക്കുന്ന അപ്പവും വീഞ്ഞും കർത്താവ് സ്വീകരിക്കുകയും വിശുദ്ധീകരിക്കുകയും ആശീർവ്വദിക്കുകയും ചെയ്യുന്നു, ലോകത്തിൻറെ രക്ഷയ്ക്കുവേണ്ടിയുള്ള സ്നേഹബലിയായി ക്രിസ്തുവിൻറെ ശരീരവും രക്തവുമായി അവയെ രൂപാന്തരപ്പെടുത്തുന്നു. നാം സമർപ്പിക്കുന്നവ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് ദൈവം നമ്മോട് ഐക്യപ്പെടുകയും അവിടത്തെ സ്നേഹ ദാനം തുല്യ സന്തോഷത്തോടെ സ്വീകരിച്ച് പങ്കുവെച്ചുകൊണ്ട് അവനോടു ഐക്യപ്പെടാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. വിശുദ്ധ അഗസ്റ്റിൻ  ഇപ്രകാരം, പറയുന്നു - "ഒരുമിച്ച് കൂട്ടിയ ഗോതമ്പ് ധാന്യങ്ങളിൽ നിന്ന്, […] ഒരു അപ്പം രൂപം കൊള്ളുന്നതുപോലെ, സ്നേഹത്തിൻറെ ഐക്യത്തിൽ ക്രിസ്തുവിൻറെ ഏക ശരീരം രൂപമെടുക്കുന്നു" (പ്രഭാഷണം 229/എ, 2).

കൂട്ടായ്മയുടെയും സമാധാനത്തിൻറെയും സംവാഹകരാകാനുള്ള ക്ഷണം

പ്രിയമുള്ളവരേ, ഇന്ന് വൈകുന്നേരം നാം ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തും.  നാം ഒരുമിച്ച് വിശുദ്ധ കുർബാന അർപ്പിക്കും, തുടർന്ന് നമ്മുടെ  നഗരവീഥികളിലൂടെ പരിശുദ്ധതമ ദിവ്യകാരുണ്യവും വഹിച്ചുകൊണ്ട് നടക്കും. നമ്മൾ ഗാനങ്ങളാലപിക്കും, പ്രാർത്ഥിക്കും, അവസാനം, നമ്മുടെ വീടുകളിലും കുടുംബങ്ങളിലും നരകുലം മുഴുവനിലും കർത്താവിൻറെ അനുഗ്രഹം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നതിനായി വിശുദ്ധ മേരി മേജർ ബസിലിക്കയ്ക്ക് മുന്നിൽ സമ്മേളിക്കുകയും ചെയ്യും. ബലിപീഠത്തിൽ നിന്നും സക്രാരിയിൽ നിന്നും ആരംഭിച്ച് അനുദിനം, ഐക്യദാർഢ്യത്തിൻറെയും ഉപവിയുടെയും ചൈതന്യത്തിൽ, പരസ്പര കൂട്ടായ്മയുടെയും സമാധാനത്തിൻറെയും സംവാഹകരായിരിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ ഒരു തിളക്കമുള്ള അടയാളമാകട്ടെ ഈ ആഘോഷം.

ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

ആശീർവ്വാദാനന്തരം പാപ്പാ മദ്ധ്യേഷ്യയിൽ നിന്ന്, പ്രത്യേകിച്ച് ഇറാനിൽ നിന്ന്,  ഭീതിജനകമായ വാർത്തകൾ തുടർച്ചയായി എത്തിക്കൊണ്ടിരിക്കുന്നത് അനുസ്മരിച്ചു. ഇസ്രായേലും പലസ്തീനും ഉൾപ്പെടുന്ന ഈ നാടകീയ സാഹചര്യത്തിൽ, ജനങ്ങളുടെ അനുദിന ദുരിതങ്ങൾ, പ്രത്യേകിച്ച്, ഗാസയിലെയും മറ്റ് പ്രദേശങ്ങളിലെയും ജനങ്ങളുടെ കഷ്ടപ്പാടുകൾ, വിസ്മരിക്കപ്പെടുന്ന സാധ്യതയുണ്ടെന്നും പാപ്പാ പറഞ്ഞു. അവിടങ്ങളിൽ മാനവികസഹായത്തിൻറെ അടിയന്തിരാവശ്യകത വർദ്ധമാനമായിക്കൊണ്ടിരിക്കയാണെന്നും പാപ്പാ വ്യക്തമാക്കി.

സമാധാനത്തിനായി കേഴുന്ന നരകുലം

ഇന്ന്, എക്കാലത്തേക്കാളുമുപരി, നരകുലം സമാധാനത്തിനായി നിലവിളിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും ഉത്തരവാദിത്വവും യുക്തിയും ആവശ്യപ്പെടുന്ന ഒരു രോദനമാണിതെന്നും ഓർമ്മിപ്പിച്ച പാപ്പാ ഈ നിലവിളി ആയുധങ്ങളുടെ ഗർജ്ജനത്തിലും സംഘർഷങ്ങളെ ആളിക്കത്തിക്കുന്ന വാചാടോപങ്ങളിലും മുങ്ങിപ്പോകരുതെന്നും പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനും ഒരു ധാർമ്മിക ഉത്തരവാദിത്വമുണ്ടെന്ന് ഓർമ്മിപ്പിച്ചു പാപ്പാ, യുദ്ധദുരന്തം അപരിഹാര്യമായ ഗർത്തമായി മാറുന്നതിന് മുമ്പ് അതിന് അറുതിവരുത്തുകയാണ് ഈ ഉത്തരവാദിത്വം എന്ന് വ്യക്തമാക്കി.  മാനവാന്തസ്സ് അപകടത്തിലാകുമ്പോൾ "വിദൂര" സംഘർഷങ്ങൾ എന്നൊന്നില്ലയെന്നും പാപ്പാ പറഞ്ഞു.

യുദ്ധം പ്രശ്നപരിഹൃതിയല്ല

യുദ്ധം പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്നും മറിച്ച് അത് അവയെ വർദ്ധമാനമാക്കുകയും ജനങ്ങളുടെ ചരിത്രത്തിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ആ മുറിവുകൾ സൗഖ്യമാക്കണമെങ്കിൽ തലമുറകൾ വേണ്ടിവരുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. അമ്മമാരുടെ വേദനയ്ക്കും കുട്ടികളുടെ ഭയത്തിനും കവർച്ചചെയ്യപ്പെട്ട ഭാവിയ്ക്കും ഒരു പരിഹാരമേകാൻ ഒരു സായുധ വിജയത്തിനും സാധിക്കില്ലെന്നും പാപ്പാ പറഞ്ഞു. നയതന്ത്രജ്ഞത ആയുധങ്ങളെ നിശബ്ദമാക്കട്ടെയെന്നും രാഷ്ട്രങ്ങൾ അവയുടെ ഭാവി അക്രമത്തിലൂടെയും രക്തരൂക്ഷിതമായ സംഘർഷങ്ങളിലൂടെയും അല്ല,  മറിച്ച്, സമാധാന പ്രവൃത്തികളിലൂടെ കണ്ടെത്തട്ടെയെന്നും പാപ്പാ ആശംസിച്ചു.

സമാപനാഭിവാദ്യവും ആശംസയും

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ റോമാക്കാരെയും വിവിധരാജ്യക്കാരായ തീർത്ഥാടകരെയും അതുപോലെതന്നെ, ജൂൺ 21,22 തീയതികളിൽ സർക്കാരുകളുടെ ജൂബിലിയചരണത്തിൽ പങ്കുകൊണ്ട വിവിധരാജ്യക്കാരായ പാർലിമെൻറംഗങ്ങളെയും നഗരാധിപന്മാരെയും അഭിവാദ്യം ചെയ്തു. ക്രിസ്തുവിൻറെ തിരുമാംസരക്തങ്ങളുടെ തിരുന്നാളിൽ വിവിധ രീതികളിൽ, അതായത്, പാട്ടുകളാലും സംഗീത വാദനത്താലും പുഷ്പാലങ്കാരങ്ങളാലും കരകൗശലവസ്തുക്കളുടെ പ്രദർശനങ്ങളാലും, സർവ്വോപരി, പ്രാർത്ഥനയാലും പങ്കുചേർന്നവർക്ക് പാപ്പാ തൻറെ പ്രത്യേക ആശംസകൾ അറിയിച്ചു. അവസാനം പാപ്പാ, എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും നല്ലൊരു ഞായർ ആശംസിക്കുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജൂൺ 2025, 10:59

ത്രികാലപ്രാര്čത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്čത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്čത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്čത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >