MAP

സായാഹ്‌ന പ്രാർത്ഥനയ്ക്കായി എത്തിയ പാപ്പാ ഒരു കുരുന്നിനെ ആശീർവദിക്കുന്നു സായാഹ്‌ന പ്രാർത്ഥനയ്ക്കായി എത്തിയ പാപ്പാ ഒരു കുരുന്നിനെ ആശീർവദിക്കുന്നു   (@Vatican Media)

പന്തക്കുസ്ത തിരുനാൾ ജീവിതത്തിൽ കൂട്ടായ്മ അനുഭവം അരക്കിട്ടുറപ്പിക്കുന്നു: പാപ്പാ

ഭക്തിപ്രസ്ഥാനങ്ങളുടെയും, സംഘടനകളുടെയും, നവ സമൂഹങ്ങളുടെയും ജൂബിലിആഘോഷങ്ങളോടനുബന്ധിച്ച് ജൂൺ മാസം ഏഴാം തീയതി വത്തിക്കാൻ ചത്വരത്തിൽ വച്ച് സായാഹ്നപ്രാർത്ഥന നടത്തി. തദവസരത്തിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, വചന സന്ദേശം പങ്കുവച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ദൈവരാജ്യത്തോട് സമീപസ്ഥരായി ജീവിക്കുന്നതാണ് യഥാർത്ഥ പരിവർത്തനവും, മാനസാന്തരവും എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, ഭക്തിപ്രസ്ഥാനങ്ങളുടെയും, സംഘടനകളുടെയും, നവ സമൂഹങ്ങളുടെയും ജൂബിലിആഘോഷങ്ങളോടനുബന്ധിച്ച് ജൂൺ മാസം ഏഴാം തീയതി വത്തിക്കാൻ ചത്വരത്തിൽ വച്ച് നടത്തിയ സായാഹ്നപ്രാർത്ഥനാവേളയിൽ നൽകിയ സന്ദേശം ആരംഭിച്ചത്. സ്നേഹം ആഴപ്പെടുത്തുന്നതിനും, നമ്മുടെ ശരീരങ്ങളെ ശക്തിപ്പെടുത്തുന്നതിനും, സമാധാനം ദാനമായി നൽകുന്നതിനും, പരിശുദ്ധാത്മാവിനോട് അപേഷിക്കുവാനുള്ള അവസരമാണ് പന്തക്കുസ്താ തിരുനാൾ എന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

ദൈവത്തിന്റെ സാന്നിധ്യം  അടുത്ത് അനുഭവിക്കുന്നതിനും ഈ തിരുനാൾ സഹായിക്കുമെന്ന് പറഞ്ഞ പാപ്പാ, മരണത്തെ കീഴടക്കിക്കൊണ്ട്, എല്ലാറ്റിനെയും പുതുതാക്കുന്നതാണ് പന്തക്കുസ്ത തിരുനാളിന്റെ ചൈതന്യമെന്നും അടിവരയിട്ടു പറഞ്ഞു.

യേശുവിന്റെ പരസ്യജീവിതത്തിനു മുൻപായി സിനഗോഗിൽ വച്ച്, പ്രവാചകഗ്രന്ഥം ഉദ്ധരിച്ചുകൊണ്ട്, തന്റെ ദൗത്യം എന്താണെന്നു യേശു വെളിപ്പെടുത്തിയതുപോലെ, നമ്മുടെ ജീവിതത്തിലെയും പ്രേഷിതദൗത്യം ഉണർത്തുന്നതാണ്, നാം സ്വീകരിച്ച മാമ്മോദീസായുടെയും, സ്ഥൈര്യലേപനത്തിന്റെയും സുഗന്ധമാർന്ന, തൈലമെന്നു പാപ്പാ പറഞ്ഞു. ക്രിസ്തുവിന്റെ പരിമളം ഒരിക്കൽ കൂടി അനുഭവിക്കുവാൻ ഈ പന്തക്കുസ്താതിരുനാൾ ഏവരെയും അനുവദിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന് സിനഡാലിറ്റിയെന്ന എന്ന വാക്കു മുൻപോട്ടു വയ്ക്കുന്ന ആത്മാവിലുള്ള കൂട്ടായ്മാജീവിതത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നതുപോലെ, നമ്മുടെ യാത്രയിലും കൂട്ടായ്മയുടെ ചൈതന്യത്തിൽ ജീവിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. നമ്മെ ഒരുമിച്ചു നടക്കുവാൻ പഠിപ്പിക്കുന്നത് പരിശുദ്ധാത്മാവാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മറ്റുള്ളവരുടെ ചുവടുകളുമായി നമ്മുടെ ചുവടുകളെ സമന്വയിപ്പിച്ചുകൊണ്ട്, പൊതുഭവനമായ ഭൂമിയെ വളർത്തുവാനും, പരിപാലിക്കുവാനുമുള്ള കടമയും പാപ്പാ അനുസ്മരിച്ചു. സിനഡാലിറ്റിയെന്നത് വെറുമൊരു ഭംഗിവാക്കല്ലെന്നും, മറിച്ച് ഒന്നിച്ചായിരിക്കുവാനുള്ള അവബോധം ഊട്ടിയുറപ്പിക്കുന്നതാണെന്നും പാപ്പാ അടിവരയിട്ടു സൂചിപ്പിച്ചു. അപ്രകാരം ജീവിതത്തിന്റെ വിവിധങ്ങളായ മേഖലകൾ, ആത്മീയതയുടെയും, കണ്ടുമുട്ടലിന്റെയും ഇടങ്ങളായി മാറട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജൂൺ 2025, 15:25