MAP

അയർലണ്ടിലെ തെരുവിൽ ഭ്രൂണഹത്യയ്‌ക്കെതിരെ നടന്ന റാലിയിൽ നിന്നും അയർലണ്ടിലെ തെരുവിൽ ഭ്രൂണഹത്യയ്‌ക്കെതിരെ നടന്ന റാലിയിൽ നിന്നും   (AFP or licensors)

വേദനയനുഭവിക്കുന്നവർക്ക് ദൈവം സമീപസ്ഥനാണ് : പാപ്പാ

"ജീവനുവേണ്ടിയുള്ള ദിനം", എന്ന പേരിൽ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നിവിടങ്ങളിലെ മെത്രാൻ സമിതികളുടെ ആഭ്യമുഖ്യത്തിൽ നടത്തുന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ കൈയൊപ്പോടുകൂടി ടെലിഗ്രാം സന്ദേശമയച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവൻ  പരിപോഷിപ്പിക്കപ്പെടണമെന്നുള്ള സഭയുടെ പഠനങ്ങളെ വിശ്വാസികളിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിനായി, "ജീവനുവേണ്ടിയുള്ള ദിനം", എന്ന പേരിൽ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നിവിടങ്ങളിലെ മെത്രാൻ സമിതികളുടെ ആഭ്യമുഖ്യത്തിൽ ആഘോഷപരിപാടി സംഘടിപ്പിച്ചു. എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച്ചയാണ് ഈ ആഘോഷങ്ങൾ നടത്തപ്പെടുന്നത്.

2025, ജൂബിലി വർഷത്തിലെ "ജീവനുവേണ്ടിയുള്ള ദിനം" ആഘോഷപരിപാടികൾ ജൂൺ മാസം പതിനഞ്ചാം തീയതി നടന്നു. തദവസരത്തിൽ, പരിപാടിയിൽ സംബന്ധിക്കുന്നവർക്ക് ആശംസകളും, പ്രാർത്ഥനകളും അറിയിച്ചുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനാണ് സന്ദേശത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

ദൈവീകപുണ്യമായ പ്രത്യാശയിൽ  കേന്ദ്രീകൃതമായ ജൂബിലിവർഷത്തിൽ, "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല, കഷ്ടപ്പാടുകളിൽ അർത്ഥം കണ്ടെത്തുക" എന്ന ആഘോഷത്തിന്റെ ആപ്തവാക്യം, മനുഷ്യാവസ്ഥയിൽ നിലനിൽക്കുന്ന കഷ്ടപ്പാടിന്റെ നിഗൂഢതയെ, കൃപയാൽ കർത്താവിന്റെ സാന്നിധ്യത്തിന്റെ അനുഭവമാക്കി എങ്ങനെ രൂപാന്തരപ്പെടുത്താം എന്നതിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ ഉതകുന്നതാണെന്നു പാപ്പാ പറഞ്ഞു. ദൈവം കഷ്ടപ്പെടുന്നവരുടെ കൂടെയാണെന്നും, സ്നേഹത്തിലൂടെയും, സാമീപ്യത്തിലൂടെയും ജീവിതത്തിന്റെ ആഴമായ അർത്ഥം മനസിലാക്കുവാൻ നമ്മെ നയിക്കുന്നുവെന്നും സന്ദേശത്തിൽ പാപ്പാ കൂട്ടിച്ചേർത്തു.

യാതൊരു തിരിച്ചുവ്യത്യാസവുമില്ലാതെ, ദൈവദാനമായ മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിക്കുന്നതിലും, രോഗികളെ  ക്രിസ്തുവിനടുത്തരീതിയിൽ അനുയാത്ര ചെയ്യുന്നതിലും ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ നൽകുന്ന സാക്ഷ്യം ആധികാരിക സ്നേഹത്തിലും യഥാർത്ഥ അനുകമ്പയിലും അധിഷ്ഠിതമായ ഒരു നാഗരികതയെ ദുർബലപ്പെടുത്തുന്നതിനുപകരം, പ്രതിരോധിക്കാൻ  സമൂഹത്തിലെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുവാൻ സാധിക്കട്ടെയെന്നു പരിശുദ്ധ പിതാവ് പ്രാർത്ഥിക്കുന്നുവെന്നും സന്ദേശത്തിൽ ഉറപ്പു നൽകി. നല്ല ആലോചനയുടെ മാതാവിന് എല്ലാ പരിശ്രമങ്ങളെയും ഭരമേല്പിച്ചതോടൊപ്പം, ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന എല്ലാവർക്കും, ഉയിർത്തെഴുന്നേറ്റ കർത്താവിൽ ക്ഷമയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉറപ്പു നൽകികൊണ്ട്, പാപ്പാ അപ്പസ്തോലിക ആശീർവാദവും നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജൂൺ 2025, 13:03