MAP

മധ്യാഹ്ന  പ്രാർത്ഥന വേളയിൽ ലിയോ പതിനാലാമൻ പാപ്പാ മധ്യാഹ്ന പ്രാർത്ഥന വേളയിൽ ലിയോ പതിനാലാമൻ പാപ്പാ   (@Vatican Media)

സമാധാനം അഭ്യർത്ഥിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ

മധ്യപൂർവേഷ്യയിൽ രക്തരൂക്ഷിതമായി തുടരുന്ന യുദ്ധസാഹചര്യങ്ങളെ, ലിയോ പതിനാലാമൻ പാപ്പാ, ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി വത്തിക്കാൻ ചത്വരത്തിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനാനന്തരം അപലപിക്കുകയും, സമാധാനത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇസ്രായേൽ- ഇറാൻ സംഘർഷം സമാനതകളില്ലാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കുമ്പോൾ, മനുഷ്യരാശിയുടെ കഷ്ടപ്പാടുകൾ ഒരിക്കൽ കൂടി ലിയോ പതിനാലാമൻ പാപ്പാ അനുസ്മരിച്ചു. ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അദ്ദേഹം നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അന്ത്യത്തിലാണ്, പാപ്പാ ഇക്കാര്യങ്ങൾ  എടുത്തു പറഞ്ഞത്.

ഇറാനിൽ നിന്നും എത്തുന്ന വാർത്തകൾ ഭീതിപ്പെടുത്തുന്നതാണെന്നും, ഇസ്രായേലും പലസ്തീനും ഉൾപ്പെടുന്ന ഈ നാടകീയ സാഹചര്യത്തിൽ, മാനവരാശിയുടെ ദൈനംദിന പ്രാരാബ്ധങ്ങൾ വിസ്മൃതിയിൽ ആഴ്ന്നുപോകുവാനുള്ള സാധ്യതയുണ്ടെന്നും പാപ്പാ എടുത്തുപറഞ്ഞു. ഗാസയിലും, മറ്റു പ്രദേശങ്ങളിലും മാനുഷിക പിന്തുണയുടെ അടിയന്തിരത വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളും പാപ്പാ ഓർമ്മപ്പെടുത്തി.

എന്നത്തേക്കാളും ഉപരിയായി  ഇന്ന് മനുഷ്യരാശി നിലവിളിക്കുകയും സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും, ഇത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും, അവരുടെ യുക്തിപൂർവ്വമായ പ്രവർത്തനങ്ങൾ ഏറെ ആവശ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.

എന്നാൽ സംഘർഷത്തിന് പ്രേരിപ്പിക്കുന്ന ആയുധങ്ങളുടെയും വാചാടോപ വാക്കുകളുടെയും അലർച്ചയാൽ ഈ നിലവിളികൾ അടിച്ചമർത്തരുതെന്നും പാപ്പാ ഓർമ്മപ്പെടുത്തി. അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനും. യുദ്ധം  തടയുന്നതിനുള്ള ധാർമ്മികമായ ഉത്തരവാദിത്വം ഉണ്ടെന്നും, യുദ്ധത്തിന്റെ ദുരന്തം അപരിഹാര്യമായ അഗാധഗർത്തമായി മാറുന്നതിനുമുമ്പ് അത് തടയണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

യുദ്ധം പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല, മറിച്ച് അവയെ സങ്കീർണ്ണമാക്കുന്നുവെന്നും അത്  ജനങ്ങളുടെ ചരിത്രത്തിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. സമാധാനത്തിന്റെ പ്രവൃത്തികളിലൂടെയാണ് രാഷ്ട്രങ്ങൾ അവരുടെ ഭാവി നിർണ്ണയിക്കേണ്ടതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജൂൺ 2025, 14:31