ആത്മാവ് അനുരഞ്ജനത്തിന്റെ വഴികൾ തുറക്കട്ടെ: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പത്രോസിനടുത്ത ശുശ്രൂഷയിലേക്ക്, ലിയോ പതിനാലാമൻ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒരു മാസം തികഞ്ഞ ജൂൺ മാസം എട്ടാം തീയതി, പന്തക്കുസ്താ ഞായറാഴ്ച്ച, വിശുദ്ധ ബലിക്കുശേഷം നടത്തിയ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ, പാപ്പാ ഒരിക്കൽ കൂടി സമാധാനത്തിനുള്ള തന്റെ അഭ്യർത്ഥനകൾ നടത്തി. ഏകദേശം എൺപത്തിനായിരത്തിലധികം വിശ്വാസികളാണ്, വത്തിക്കാൻ ചത്വരത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചത്.
ഭക്തിപ്രസ്ഥാനങ്ങളുടെയും, സംഘടനകളുടെയും, നവ സമൂഹങ്ങളുടെയും ജൂബിലിആഘോഷങ്ങൾക്കായി റോമിൽ എത്തിച്ചേർന്നവരും പ്രാർത്ഥനയിൽ പങ്കെടുത്തു. പരിശുദ്ധാത്മാവിനാൽ ശക്തിയാർജ്ജിച്ചുകൊണ്ട്, ജൂബിലിആഘോഷങ്ങളിൽ നിന്നും നവമായ ഒരു ചൈതന്യം സ്വീകരിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. യേശുക്രിസ്തുവിന്റെ യഥാർത്ഥമായ പ്രത്യാശ മറ്റുള്ളവർക്ക് നൽകുവാനും പാപ്പാ ഓർമ്മപ്പെടുത്തി.
തുടർന്ന്, ഈ ദിവസങ്ങളിൽ, വേനലവധിക്കായി സ്‌കൂളുകൾ അടക്കുന്ന അവസരത്തിൽ എല്ലാ കൂട്ടികളെയും പാപ്പാ അഭിവാദ്യം ചെയ്തു. ഒപ്പം വിവിധ പരീക്ഷകൾക്കുവേണ്ടി ഒരുങ്ങുന്ന എല്ലാവരെയും, അധ്യാപകരെയും പാപ്പാ പ്രത്യേകം അഭിസംബോധന ചെയ്തു. പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട്, പരിശുദ്ധാത്മാവിൽ നിന്നും സമാധാനത്തിന്റെ ദാനം സ്വീകരിക്കുവാൻ പ്രാർത്ഥിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു. പ്രഥമമായി ഹൃദയങ്ങളിൽ സമാധാനം ഉൾക്കൊള്ളണമെന്നു പറഞ്ഞ പാപ്പാ, സമാധാനപരമായ ഹൃദയത്തിന് മാത്രമേ കുടുംബത്തിൽ, സമൂഹത്തിൽ, അന്താരാഷ്ട്ര ബന്ധങ്ങളിൽ സമാധാനം പരത്താൻ കഴിയുകയുള്ളുവെന്നും ഓർമ്മപ്പെടുത്തി.
യുദ്ധം നടക്കുന്ന വിവിധ ഇടങ്ങളിൽ, ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ ആത്മാവ്, അനുരഞ്ജനത്തിന്റെ വഴികൾ തുറക്കട്ടെയെന്നും, ഭരണകർത്താക്കളെ പ്രബുദ്ധരാക്കി, സംഭാഷണങ്ങൾ നടത്തുന്നതിനും, സമാധാന അടയാളങ്ങൾ കാട്ടുന്നതിനു അവർക്ക് ധൈര്യം നല്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: