ശാസ്ത്രപുരോഗതി മാനവകുടുംബത്തിനു സേവനം നല്കുന്നതാകണം: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, വത്തിക്കാൻ വാനനിരീക്ഷണാലയം സംഘടിപ്പിക്കുന്ന വേനൽക്കാല പഠനശിബിരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, ശാസ്ത്രഗവേഷകർക്കും ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു. സന്ദേശത്തിൽ, ഈ പഠനകാലയളവ്, പാൺഡിത്യപൂർണ്ണവും, വ്യക്തിപരവുമായ ഒരു സമ്പന്നത മാത്രമല്ല, ,മറിച്ച്, മനുഷ്യ കുടുംബത്തിന്റെ സേവനത്തിൽ ശാസ്ത്രത്തിന്റെ പുരോഗതിക്ക് സംഭാവന ചെയ്യാൻ കഴിയുന്ന സൗഹൃദങ്ങളും സഹകരണ രൂപങ്ങളും വികസിപ്പിക്കാൻ ഉതകുന്നതാകണമെന്നു പാപ്പാ ഓർമ്മപ്പെടുത്തി. അതിനായി തന്റെ പ്രാർത്ഥനാപൂർവ്വകമായ ആശംസകളും പാപ്പാ നൽകി.
ജെയിംസ് വെബിന്റെ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യുക എന്ന വിഷയമാണ് ഈ വർഷത്തെ പഠനശിബിരത്തിനു എടുത്തിരിക്കുന്നത്. ഇത് ഒരു ജ്യോതിശാസ്ത്രജ്ഞനാകാനുള്ള ആവേശകരമായ സമയമായിരിക്കണമെന്നു പറഞ്ഞ പാപ്പാ, ശ്രദ്ധേയമായ ആ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു. വിദൂര താരാപഥങ്ങളുടെ പുരാതന പ്രകാശം പോലും വെബ് ഉപയോഗിച്ച് നമുക്ക് കണ്ടെത്താൻ കഴിയുമെന്നത് വലിയ നേട്ടമാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
അനേകം നൂറ്റാണ്ടുകൾക്കുമുമ്പ് എഴുതിയ വിശുദ്ധ തിരുവെഴുത്തുകളുടെ രചയിതാക്കൾക്ക് ഈ പുരോഗതി പ്രയോജനം നൽകിയില്ലെങ്കിലും, അവരുടെ കാവ്യാത്മകവും മതപരവുമായ ഭാവന സൃഷ്ടിയുടെ നിമിഷം എങ്ങനെയായിരിക്കുമെന്ന് പ്രതിഫലിപ്പിച്ചുവെന്നു ഏതാനും ചില വചന ഭാഗമാണ് ഉദ്ധരിച്ചുകൊണ്ട് പാപ്പാ എടുത്തു പറഞ്ഞു.
ആർക്കും ഒറ്റയ്ക്ക് ഒരു നേട്ടവും കൈവരിക്കുവാൻ സാധിക്കുകയില്ല എന്ന് പറഞ്ഞ പാപ്പാ, കൂട്ടായ്മയുടെ പ്രാധാന്യവും അടിവരയിട്ടു. "നിങ്ങൾ പഠിക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ നിങ്ങളുടെ കഴിവിന്റെ പരമാവധി മറ്റുള്ളവർക്ക് പങ്കുവയ്ക്കണം", പാപ്പാ പറഞ്ഞു. എത്രമാത്രം സന്തോഷം പങ്കിടുന്നുവോ, അത്രയധികം സന്തോഷം നമുക്ക് ഉരുവാക്കുവാൻ സാധിക്കുമെന്നും, അങ്ങനെ, അറിവ് തേടുന്നതിലൂടെ, കൂടുതൽ സമാധാനപരവും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാവനകൾ നൽകാൻ കഴിയുമെന്നും പാപ്പാ ഉപസംഹാരമായി പറഞ്ഞുവെച്ചു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: