MAP

കൺസിസ്റ്ററി സമ്മേളനത്തിൽ നിന്നും കൺസിസ്റ്ററി സമ്മേളനത്തിൽ നിന്നും   (@Vatican Media)

വിശുദ്ധരുടെ നാമകരണത്തിനായി സാധാരണ കൺസിസ്റ്ററി വിളിച്ചുചേർത്ത് പാപ്പാ

കത്തോലിക്കാ സഭയിൽ പുതിയതായി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നവരെ പ്രഖ്യാപിക്കുവാൻ ലിയോ പതിനാലാമൻ പാപ്പാ സാധാരണ പൊതു കൺസിസ്റ്ററി സമ്മേളനം, ജൂൺ മാസം പതിമൂന്നാം തീയതി വിളിച്ചുചേർത്തു.വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചാണ് സമ്മേളനം നടന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വിശുദ്ധരുടെ നാമകരണം സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ജൂൺ മാസം പതിമൂന്നാം തീയതി ലിയോ പതിനാലാമൻ പാപ്പാ സാധാരണ പൊതു കൺസിസ്റ്ററി സമ്മേളനം വിളിച്ചുചേർത്തു. തദവസരത്തിൽ, കത്തോലിക്കാ സഭയിൽ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെ കൂടാതെ മറ്റു എട്ട് വാഴ്ത്തപ്പെട്ടവരെകൂടി വിശുദ്ധപദവിയിലേക്ക്‌ ഉയർത്തുവാൻ സമ്മേളനം തീരുമാനിച്ചു.

കഴിഞ്ഞ കൺസിസ്റ്ററിയുടെ അവസരത്തിൽ, വിശുദ്ധ പദവിയിലേക്ക് ഉയർത്തുവാൻ തീരുമാനിച്ച,  ഡൊമിനിക്കൻ മൂന്നാം ഓർഡർ അംഗമായ വാഴ്ത്തപ്പെട്ട പിയർ ജോർജോ ഫ്രസാത്തിയെയും, വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെയും 2025 സെപ്റ്റംബർ മാസം ഏഴാം തീയതി ഞായറാഴ്ച്ച വിശുദ്ധരായി നാമകരണം ചെയ്യും.

ജൂൺ മാസം പതിമൂന്നാം തീയതി നാമകരണത്തിനുള്ള പട്ടികയിൽ പേര് ചേർക്കപ്പെട്ട, മാർഡിനിലെ അർമേനിയൻ ആർച്ചുബിഷപ്പും, രക്തസാക്ഷിയുമായ  ഇഗ്നാസിയോ ചൗക്രുല്ല മാലോയാൻ, അത്മായനും, മതാധ്യാപകനും, രക്തസാക്ഷിയുമായ പീറ്റർ ട്ടോ റോട്ട്, വെറോണയിലെ ജീവകാരുണ്യ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക, വിൻചെൻസ മരിയ പൊളോണി, യേശു ദാസി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക, മരിയ ദെൽ മോന്തേ കാർമേലോ റെൻഡിലെസ് മാർതിനെസ്, ക്രിസ്ത്യാനികളുടെ സഹായിയായ മറിയത്തിന്റെ പുത്രിമാരുടെ സഭാ അംഗമായ മരിയ ത്രോൺകാത്തി, അത്മായനായ ഹോസെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചിസ്‌നെറോസ്, അത്മായനായ ബാർത്തൊളോ ലോൻഗോ എന്നിവരെ 2025 ഒക്ടോബർ മാസം പത്തൊൻപതാം തീയതിയും വിശുദ്ധരായി പ്രഖ്യാപിക്കും. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജൂൺ 2025, 11:27