MAP

ലിയോ പതിനാലാമൻ പാപ്പായും കമ്മീഷൻ പ്രെസിഡന്റ് കർദ്ദിനാൾ ഷാൻ ഓമാലിയും ലിയോ പതിനാലാമൻ പാപ്പായും കമ്മീഷൻ പ്രെസിഡന്റ് കർദ്ദിനാൾ ഷാൻ ഓമാലിയും  (@Vatican Media)

ലിയോ പതിനാലാമൻ പാപ്പാ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന് കൂടിക്കാഴ്ചയനുവദിച്ചു

“പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്” ലിയോ പാപ്പാ വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ചയനുവദിച്ചു. വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയ്ക്കുള്ളിലാണ്, പ്രായപൂർത്തിയാകാത്തവർക്കു നേരെ സഭയ്ക്കുള്ളിൽനിന്ന് ഉണ്ടായേക്കാവുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പാ ആരംഭിച്ച ഈ പൊന്തിഫിക്കൽ കമ്മീഷൻ നിലനിൽക്കുന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കത്തോലിക്കാസഭയ്ക്കുള്ളിൽ പ്രായപൂർത്തിയാകാത്തവരുടെ നേർക്കുള്ള ചൂഷണങ്ങൾ അവസാനിപ്പിക്കാനും, അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമായി ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച, “പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ” അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു. ജൂൺ അഞ്ച് വ്യാഴാഴ്ച രാവിലെയാണ് കമ്മീഷൻ അംഗങ്ങൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചത്.

പ്രായപൂർത്തിയാകാത്തവരുടെയും ദുർബലവിഭാഗങ്ങളുടെയും ശരിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ഫ്രാൻസിസ് പാപ്പായുടെ ശൈലിയിൽ, കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ താനുമായി നേരിട്ട് പങ്കുവയ്ക്കാൻ ലിയോ പാപ്പായും കമ്മീഷനംഗങ്ങളോട് ആവശ്യപ്പെട്ടു.

സഭയിൽ പ്രായപൂർത്തിയാകാത്തവർ നേരിടേണ്ടിവന്നിരുന്ന ചൂഷണങ്ങൾക്കെതിരെ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, വിവിധ തലങ്ങളിൽ ഇനിയും ഏറെ ശ്രമങ്ങൾ ആവശ്യമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രക്രാരം 2023 വർഷത്തിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച കമ്മീഷന്റെ റിപ്പോർട്ട് 2024 ഒക്ടോബർ 29-ന് പാപ്പായ്ക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടിരുന്നു.

സഭയിൽ ദുർബലരായവർക്കും പ്രായപൂർത്തിയാകാത്തവർക്കും സുരക്ഷിതത്വം ഉറപ്പാക്കാനായുള്ള ശ്രമങ്ങളുട ഭാഗമായി കാനോനികനിയമം നവീകരിക്കുന്നതുൾപ്പെടെ വിവിധ ശ്രമങ്ങളാണ് കത്തോലിക്കാസഭ നടത്തിവരുന്നത്. കർദ്ദിനാൾ ഷാൻ ഓമാലിയുടെ നേതൃത്വത്തിലാണ് കമ്മീഷൻ പ്രവർത്തിച്ചുവരുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജൂൺ 2025, 14:36