MAP

വൈദികരുടെ സമ്മേളനത്തിൽ പാപ്പാ വൈദികരുടെ സമ്മേളനത്തിൽ പാപ്പാ   (ANSA)

വൈദികരെ നിങ്ങൾ ഒരിക്കലും ഒറ്റക്കല്ല: ലിയോ പതിനാലാമൻ പാപ്പാ

വൈദികരുടെ ജൂബിയോടനുബന്ധിച്ചു, വൈദികർക്കായുള്ള ഡിക്കാസ്റ്ററി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"നമുക്ക് കുരിശടയാളത്തോടെ തുടങ്ങാം, കാരണം ക്രിസ്തു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും, നമുക്ക് ജീവൻ നൽകുകയും, സേവിക്കാൻ നമ്മെ വിളിക്കുകയും ചെയ്തതിനാലാണ് നാമെല്ലാവരും ഇവിടെ കൂടിയിരിക്കുന്നത്.  പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ. നിങ്ങൾക്ക് സമാധാനം!" ലിയോ പതിനാലാമൻ പാപ്പാ ഈ വാക്കുകളോടെയാണ് വൈദികരുടെ ജൂബിയോടനുബന്ധിച്ചു, വൈദികർക്കായുള്ള ഡിക്കാസ്റ്ററി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചത്.

റോമിലെ കോൺചിലിയാത്സിയോനെ ഓഡിറ്റോറിയത്തിൽ വച്ച് ജൂൺ മാസം ഇരുപത്തിയാറാം തീയതി പ്രാദേശിക സമയം വൈകുന്നേരമാണ് സമ്മേളനം നടന്നത്. "സന്തോഷമുള്ള വൈദികർ- നിങ്ങളെ ഞാൻ സുഹൃത്തുക്കൾ എന്ന് വിളിച്ചിരിക്കുന്നു" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.

"എന്റെ പ്രിയ സഹോദരങ്ങളായ വൈദികരെ", എന്ന പാപ്പായുടെ അഭിസംബോധനയ്ക്ക് നിറഞ്ഞ ഹർഷാരവത്തോടെ അംഗങ്ങൾ നന്ദി പറഞ്ഞു. ക്രിസ്തു നമ്മെ തന്റെ സുഹൃത്തുക്കളാക്കിയിരിക്കുന്നതിനാൽ   സന്തോഷമുള്ള  പുരോഹിതന്മാരായിരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും, ഇതിനു സാക്ഷികളായി മാറണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. വൈദികരുടെ സാഹോദര്യത്തിന്റെ പങ്കുവയ്ക്കൽ അനുഭവം സഭയിൽ സർഗ്ഗാത്മകത, സഹ-ഉത്തരവാദിത്തം, ഐക്യം എന്നീ പൈതൃകങ്ങൾ ഊട്ടിയുറപ്പിക്കുവാൻ സഹായകരമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

"ഞാൻ നിങ്ങളെ സുഹൃത്തുക്കൾ എന്നു വിളിച്ചിരിക്കുന്നു"  എന്ന യേശുവിന്റെ വാക്കുകൾ ശിഷ്യന്മാരോടുള്ള സ്നേഹപൂർവകമായ ഒരു പ്രഖ്യാപനം മാത്രമല്ല, മറിച്ച് പൗരോഹിത്യ ശുശ്രൂഷയുടെ അർത്ഥം  മനസ്സിലാക്കുന്നതിനുള്ള താക്കോലാണെന്നും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ പുരോഹിതൻ കർത്താവിന്റെ സുഹൃത്താണെന്നും, പൗരോഹിത്യജീവിതം, അവനോടൊപ്പം വ്യക്തിപരവും വിശ്വസനീയവുമായ ഒരു ബന്ധം ജീവിക്കാനുള്ള വിളിയാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. വചനവായനയും, കൂദാശപരികർമ്മങ്ങളും, പ്രാർത്ഥനാജീവിതവുമാണ് ഈ ബന്ധം പരിപോഷിപ്പിക്കുന്നതിനു അടിവരയിട്ട പാപ്പാ, ക്രിസ്തുവുമായുള്ള ഈ സൗഹൃദമാണ് നിയുക്ത ശുശ്രൂഷയുടെ ആത്മീയ അടിത്തറയും, ബ്രഹ്മചര്യത്തിന്റെ അർത്ഥവും, നമ്മുടെ ജീവിതം സമർപ്പിക്കുന്ന സഭാ സേവനത്തിന്റെ ഊർജ്ജവുമെന്നും കൂട്ടിച്ചേർത്തു.

തുടർന്ന് പാപ്പാ, പൗരോഹിത്യ ശുശ്രൂഷയുടെ രൂപീകരണത്തിനുള്ള മൂന്ന് തലങ്ങളെപ്പറ്റിയും സംസാരിച്ചു. ഒന്നാമതായി, രൂപീകരണം ബന്ധത്തിന്റെ ഒരു യാത്രയാണ്.  ക്രിസ്തുവിന്റെ ചങ്ങാതിമാരാകുക എന്നാൽ കഴിവുകളിൽ മാത്രമല്ല, ബന്ധങ്ങളിലും വളരേണ്ടത് ആവശ്യമാണെന്നു പറഞ്ഞ പാപ്പാ, ഇത് സാധ്യമാകുന്നതിനു ആഴത്തിലുള്ള ശ്രവണം, ധ്യാനം, സമ്പന്നവും ചിട്ടയുള്ളതുമായ ആന്തരിക ജീവിതം എന്നിവ ആവശ്യമാണെന്നും അടിവരയിട്ടു.

രണ്ടാമതായി, സാഹോദര്യം പൗരോഹിത്യ ജീവിതത്തിന്റെ ഒരു പ്രധാന ശൈലിയാണ്. ഈ സാഹോദര്യം വൈദികർക്കിടയിലും, മെത്രാന്മാരുമായും രൂപപ്പെടുത്തേണ്ടത് ഏറെ ആവശ്യമാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. ഇതാണ് ഒരു സിനഡൽ സഭയുടെ ആവിഷ്കാരമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ശുശ്രൂഷയുടെ പ്രയാസങ്ങളും സന്തോഷങ്ങളും പങ്കിട്ടുകൊണ്ട് ഒരുമിച്ചു വളരുന്നതിനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

മൂന്നാമതായി, ക്രിസ്തുവിന്റെ സുഹൃത്തുക്കളായ പുരോഹിതരെ സൃഷ്ടിക്കുക എന്നതിനർത്ഥം സ്നേഹിക്കാനും കേൾക്കാനും പ്രാർത്ഥിക്കാനും ഒരുമിച്ച് സേവിക്കാനും കഴിവുള്ള മനുഷ്യരെ രൂപപ്പെടുത്തുക എന്നുള്ളതാണ് . സെമിനാരികളിലെ പരിശീലകരെ തിരഞ്ഞെടുക്കുന്നതിൽ കാണിക്കേണ്ടുന്ന വിവേചനബുദ്ധിയെ പ്രത്യേകം ഓർമ്മപ്പെടുത്തിയ പാപ്പാ, അവർക്കിടയിലെ ജീവിതത്തിന്റെയും ഐക്യത്തിന്റെയും മാതൃകയെ പ്രത്യേകമായി  ചൂണ്ടിക്കാട്ടി.

അവസാനമായി ദൈവവിളിയെ സംബന്ധിച്ചു സംസാരിച്ച പാപ്പാ, പ്രതിസന്ധികളെ ധൈര്യപൂർവ്വം, ഭയമെന്യേ നേരിടുവാൻ ഏവരെയും ആഹ്വാനം ചെയ്തു. പ്രതിസന്ധികൾക്കിടയിലും, ദൈവം  തന്റെ വാഗ്ദാനങ്ങളോട് വിശ്വസ്തനെന്നു പറഞ്ഞ പാപ്പാ, ദൈവീക സ്വരം കേൾക്കുവാനും പ്രതികരിക്കുവാനും തക്കവണ്ണം യുവജന അജപാലനശുശ്രൂഷ മണ്ഡലങ്ങൾ ഒരുക്കുവാനും ഏവരെയും ക്ഷണിച്ചു. യേശുവിന്റെ സുവിശേഷം ധൈര്യത്തോടും സ്നേഹത്തോടും കൂടി നിർദ്ദേശിക്കുന്ന പ്രേഷിതസേവനത്തിനു നമ്മെ തന്നെ വിട്ടുകൊടുക്കുമ്പോഴാണ് നമ്മുടെ ദൈവ വിളിയുടെ വിശ്വസ്തസാക്ഷികളായി നാം മാറുന്നതെന്നും, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലാണ് നമ്മുടെ സന്തോഷം പൂർണ്ണമാകുന്നതെന്നും പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ജൂൺ 2025, 14:37