MAP

കുരിശുമായി ലിയോ പതിനാലാമൻ പാപ്പാ തീർത്ഥാടനമായി നീങ്ങുന്നു കുരിശുമായി ലിയോ പതിനാലാമൻ പാപ്പാ തീർത്ഥാടനമായി നീങ്ങുന്നു   (ANSA)

പ്രത്യാശയുടെ തീർത്ഥാടകരായി പരിശുദ്ധ സിംഹാസനത്തിന്റെ ജൂബിലി തീർത്ഥാടനം

ജൂൺ മാസം ഒൻപതാം തീയതി, തിങ്കളാഴ്ച്ച, പരിശുദ്ധ സിംഹാസനത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കായുള്ള ജൂബിലി ആഘോഷ വേളയിൽ, ലിയോ പതിനാലാമൻ പാപ്പായ്‌ക്കൊപ്പം, തീർത്ഥാടനം നടത്തി, വിശുദ്ധ വാതിലിലൂടെ ബസിലിക്കയിൽ പ്രവേശിച്ചു.

വത്തിക്കാൻ ന്യൂസ്

വത്തിക്കാനിലെ വിവിധ ഭരണകേന്ദ്രങ്ങളിൽ സേവനം ചെയ്യുന്നവർക്കായി നടത്തിയ ജൂബിലി ആഘോഷം, ജൂൺ മാസം ഒൻപതാം തീയതി നടന്നു.അന്നേദിവസം രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച്, സിസ്റ്റർ മരിയ ഗ്ലോറിയ റിവ നൽകിയ ധ്യാന ചിന്തകൾക്ക് ശേഷം, വിശ്വാസികളിൽ ഒരുവനായി ലിയോ പതിനാലാമൻ പാപ്പാ, കുരിശു സംവഹിക്കുകയും, അദ്ദേഹത്തിന് പിന്നിൽ ബാക്കിയുള്ളവർ അണിചേരുകയും ചെയ്തു.

ഏകദേശം അയ്യായിരത്തോളം ആളുകൾ തീർത്ഥാടനത്തിൽ സംബന്ധിച്ചു. ഒരു യുവതിയുടെ കൈയിൽ നിന്നും കുരിശു സ്വീകരിച്ച പരിശുദ്ധ പിതാവ്, തുടർന്ന് കാൽനടയായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധവാതിൽ ലക്ഷ്യമാക്കി നടന്നു.

പ്രോത്തോ മാർതിരികളുടെ ചത്വരത്തിലൂടെ കടന്നുപോയ തീർത്ഥാടനം ബസിലിക്കയുടെ പടവുകൾ കയറി വിശുദ്ധവാതിലിലൂടെ പ്രവേശിക്കുകയും, തുടർന്ന് അൾത്താരയിൽ എത്തിച്ചേർന്നതിനുശേഷം, വിശുദ്ധ ബലിയാരംഭിക്കുകയും ചെയ്തു. പരിശുദ്ധ സിംഹാസനത്തിലെ കർദ്ദിനാൾമാർ, ബിഷപ്പുമാർ, പുരോഹിതന്മാർ, സന്യസ്തർ, അല്മയർ എന്നിവർ തീർത്ഥാടനത്തിൽ പങ്കാളികളായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജൂൺ 2025, 15:28